പെരിന്തല്‍മണ്ണ: ദാഹജലത്തിന് നെട്ടോട്ടമോടുന്ന ജനങ്ങള്‍ക്ക് മുമ്പില്‍ കൊടികുത്തിമല ടൂറിസം പദ്ധതി നടപ്പാക്കി മാതൃകയാവുകയാണ് മന്ത്രി മഞ്ഞളാംകുഴി അലി. അദ്ധ്യയന വര്‍ഷം അവസാനിക്കാറായിട്ടും, പാഠപുസ്തകങ്ങള്‍ പോലും കിട്ടാതെ വലയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ പുതിയ കെട്ടിട സമുച്ചയങ്ങള്‍ പണിത് മാതൃകയാകുന്നതും ഇതേ മന്ത്രി തന്നെയാണ്. കുണ്ടുംകുഴികളും നിറഞ്ഞ റോഡുകളില്‍ കൂടി സഞ്ചരിച്ച് മേല്‍പ്പാല നിര്‍മ്മാണം നടത്താനുള്ള വൈദഗ്ദ്ധ്യവും മഞ്ഞളാംകുഴി അലിക്ക് അല്ലാതെ മറ്റാര്‍ക്കുമില്ല.
പെരിന്തല്‍മണ്ണ നഗരത്തില്‍ ആദ്യമായി എത്തിച്ചേരുന്ന ഏതൊരാളും ഒന്ന് സ്തംഭിച്ച് പോകും. ഫഌക്സുകളാല്‍ ചുറ്റപ്പെട്ട ഏതോ ഒരു നാട്ടിലെത്തിയ പ്രതീതിയാണ് ഇവിടെ. തൂണിലും തുരുമ്പിലും മരത്തിലും വൈദ്യുതി പോസ്റ്റിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് സ്ഥലം എംഎല്‍എയും മന്ത്രിയുമായ മഞ്ഞളാംകുഴി അലിയുടെ ഇതിഹാസ കഥകള്‍. ഈ ഫഌക്സുകള്‍ക്ക് മുടക്കിയ പണം ഉണ്ടായിരുന്നെങ്കില്‍ നാട്ടില്‍ നാല് ശൗചാലയങ്ങള്‍ പണിയാമായിരുന്നില്ലേയെന്ന സംശയം ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാകില്ല. കാരണം, പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ ഒരു ശൗചാലയം പോലുമില്ലാത്ത നാട്ടിലാണ് വികസന വിപ്ലവം നടത്തിയെന്ന് മഞ്ഞളാംകുഴി അലിയും മുസ്ലിം ലീഗും ഗീര്‍വാണം വിടുന്നത്.
ഇടവിട്ടുള്ള വൈദ്യുതി മുടക്കം, വല്ലപ്പോഴും ലഭിക്കുന്ന കുടിവെള്ളം, അപര്യാപ്തമായ ഗതാഗത സൗകര്യങ്ങള്‍, യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചുള്ള ഗതാഗതക്കുരുക്കുകള്‍, നിര്‍ജ്ജീവമായ രണ്ട് െ്രെപവറ്റ് ബസ് സ്റ്റാന്‍ഡുകള്‍, കത്താത്ത തെരുവുവിളക്കുകള്‍, മാലിന്യം നിറഞ്ഞ നഗരവീഥികള്‍, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയില്‍ നാടും നഗരവും നിലവിളിക്കുമ്പോള്‍ ഫഌക്സ് വിപ്ലവത്തില്‍ മതിമറക്കുകയാണ് ലീഗും ലീഗിന്റെ മന്ത്രിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: