കാഞ്ഞങ്ങാട്: ദേശീയതയുടെ പ്രകാശഗോപുരങ്ങളാകേണ്ട രാജ്യത്തെ സര്‍വ്വകലാശാലകള്‍ ദേശവിരുദ്ധരുടെ താവളങ്ങളാക്കി മാറ്റുന്നതിന് ചില അധ്യാപകരും കൂട്ടുനില്ക്കുന്നതില് അധ്യാപക സമൂഹം ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ ചെലവില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യ താല്പര്യവും സമൂഹ നന്മയുമാണ് ലക്ഷ്യം വെക്കേണ്ടത്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെപ്പോലും വെല്ലുവിളിക്കാനും പരിഹസിക്കാനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ദേശദ്രോഹികളുടെ ചട്ടുകങ്ങളായി മാറിയ ഇത്തരം കപട ബുദ്ധിജീവികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നതായും യോഗം അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ പ്രസിഡന്റ് ടി.എ.നാരായണന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍, സംഘടനാ സെക്രട്ടറി എ.ബാലകൃഷ്ണന്, സമാലോചക് കെ.ഗോവിന്ദന് കുട്ടി, ട്രഷറര്‍ എം.ശിവദാസ്, ഭാരവാഹികളായ അശോക് ബഡൂര്, കെ.എസ്.ജയചന്ദ്രന്, കെ.എന്‍.വിനോദ്, ബി.ഭാസ്കര, സി.വി.രാജീവന്, ആര്.ജിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: