ചേര്‍ത്തല: നാടിന്റെ സമഗ്രവികസനത്തിന് സഹായകരമായി തീരുന്ന തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മ്മാണം പുരോഗമിക്കുന്നു. ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ബണ്ടിന്റെ മധ്യഭാഗത്തെ മണല്‍ച്ചിറ മാറ്റി ഷട്ടറുകള്‍ സ്ഥാപിക്കുന്നതാണ് മൂന്നാംഘട്ട നിര്‍മ്മാണം.
ഇതോടൊപ്പം മുഴുവന്‍ ഷട്ടറുകളും സ്റ്റീല്‍ ആക്കുന്ന ജോലികളും നടക്കുന്നു. കുട്ടനാട് പാക്കേജില്‍ ഉള്‍പെടുത്തി 255 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഒന്ന്, മൂന്ന് ഘട്ടങ്ങളിലായി ബില്‍ നിലവിലുള്ള 62 ഷട്ടറുകളെ ഇവയെ ബന്ധിപ്പിച്ച് 28 ഷട്ടറുകള്‍ പുതുതായി നിര്‍മ്മിക്കും. 2014 സെപ്റ്റംബര്‍ 16 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
മുപ്പത് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു ധാരണ. മൂന്ന് സ്ഥാപനങ്ങളാണ് നിര്‍മ്മാണ ജോലികളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിലെ പില്ലറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇവയെ ബന്ധിപ്പിച്ച സ്പാനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ തുടങ്ങും. കായലിന്റെ ഇരുഭാഗങ്ങളിലും മണല്‍ച്ചിറ നിര്‍മ്മിച്ച് ആഴത്തില്‍ കുഴിയെടുത്താണ് പില്ലറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പത്ത് മീറ്ററോളമാണ് പില്ലറുകളുടെ വ്യാസം.
ഒന്നര കിലോമീറ്ററോളം നീളമുള്ള ബില്‍ അരക്കിലോമീറ്റര്‍ മണല്ച്ചിറയാണ്. നിലവിലെ ഷട്ടറുകള്‍ സ്റ്റീല്‍ ആക്കുന്ന ജോലികള്‍ മാസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചിരുന്നു. ഷട്ടറുകള്‍ താഴ്ത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജോലികള്‍ വൈകാതെ പുനരാരംഭിക്കുമെന്നാണ് സൂചന. ഷട്ടറുകള്‍ സ്ഥിരമായി അടച്ചിടാതെ കായലിലെ ലവണാംശവും ജലവിതാനവും അനുസരിച്ച് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ഷട്ടറുകള്‍ അടഞ്ഞുകിടക്കുന്ന സമയത്ത് മത്സ്യങ്ങള്‍ക്ക് ഇരുവശങ്ങളിലേക്കും സഞ്ചരിക്കുന്നതിനായി ഫിഷ് ലാഡര്‍ സംവിധാനവും ഒരുക്കും. 2017 മാര്‍ച്ചോടു കൂടി നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കായലിലെ മത്സ്യ സമ്പത്ത് ഗണ്യമായി വര്‍ദ്ധിക്കുകയും, വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് വഴിതെളിയുകയും ചെയ്യും. കുട്ടനാടന്‍ മേഖലയിലെ നെല്‍കൃഷിയെ ഓരുവെള്ള ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും, മാലിന്യ നിര്‍ഗമനം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ബണ്ട് സ്ഥാപിച്ചത്. ഒന്ന് മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബണ്ടിന്റെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഇത് കുട്ടനാട് അടക്കമുള്ള മേഖലകളില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ബണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടു കൂടി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും എന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: