കൊച്ചി: സംവിധായകന് രാജേഷ് പിള്ള (41) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ശനിയാഴ്ച രാവിലെ 11.45 മണിയോടെയായിരുന്നു.
വളരെ നാളുകളായി കരളിന്റെ അസുഖവുമായി ബന്ധപ്പെട്ട് ചികില്‍സയിലായിരുന്നു. രാജേഷ് ഒടുവില്‍ സംവിധാനം ചെയ്ത മഞ്ജുവാര്യര്‍, കുഞ്ചാക്കോ ബോബന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന വേട്ട എന്ന ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. വേട്ടയുടെ ചിത്രീകരണത്തിനിടെ പല തവണ അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പടത്തിന്റെ ചിത്രീകരണത്തിന് ശേഷം രാജേഷ് തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അവിടുന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കൊച്ചിയിലേക്കുള്ള ആശുപത്രിയിലേക്ക് മാറിയത്. കരള്‍ അസുഖത്തിന് ഒപ്പം ന്യൂമോണിയയും പിടിപെട്ടതാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.
2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് രാജേഷ് സംവിധാന രംഗത്തെത്തിയത്. തുടര്‍ന്ന് 2011ല്‍ സംവിധാനം ചെയ്ത ട്രാഫിക് സൂപ്പര്‍ ഹിറ്റായി. നവ തരംഗത്തിന്റെ തുടക്കമായി വിലയിരുത്തുന്ന ചിത്രം കൂടിയാണ് ട്രാഫിക്. അമലപോളും നിവിന്‍ പോളിയും ഒന്നിച്ച മിലിയാണ് വേട്ടയ്ക്ക് മുമ്പ് സംവിധാനം ചെയ്തത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
അതിനിടയില്‍ ട്രാഫിക്കിന്റെ ഹിന്ദി റീമേക്കും രാജേഷ് പിള്ള പൂര്‍ത്തിയാക്കിയിരുന്നു. മേഘ രാജേഷാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: