ചങ്ങനാശ്ശേരി: സമുദായാചാര്യനും എന്‍എസ്എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭന്റെ സമാധിദിനാചരണം പ്രാര്ത്ഥാനാഭരിതമായ ചടങ്ങുകളോടെ സമാധിമണ്ഡപത്തില്‍ നടന്നു. രാവിലെ ആറുമുതല്‍ ഭക്തിഗാനാലാപനവും പുഷ്പാര്‍ച്ചനയും ഉപവാസവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ നേതൃത്വത്തില്‍ 11.45വരെ തുടര്‍ന്നു.
എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിക് രൂപംനല്കിയവേളയിലെ പ്രതിജ്ഞ സമുദായംഗങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തു. ട്രഷറര്‍ ഡോ. എം. ശശികുമാര്‍, രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥപിള്ള, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, കരയോഗം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ കരയോഗങ്ങളില്നിന്നും കാല്‍നടയായി സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കും ഉപവാസത്തിനുമായി നിരവധി സമുദായംഗങ്ങളെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മുന്‍ അദ്ധ്യക്ഷന്‍ വി. മുരളീധരന്, ട്രഷറര്‍ കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ, സംസ്ഥാന സമിതിയംഗം എം.ബി. രാജഗോപാല്‍, ബി. രാധാകൃഷ്ണമേനോന്, കെ.ജി. രാജ്മോഹന്‍, പ്രൊഫ. പി.കെ. ബാലകൃഷ്ണക്കുറുപ്പ്, ജില്ലാ സെക്രട്ടറി എം.പി. കൃഷ്ണകുമാര്‍, മണ്ഡലം സെക്രട്ടറിമാരായ പി. സുരേന്ദ്രനാഥ്, പി.പി. ധീരസിംഹന്‍, ചലച്ചിത്ര അക്കാദമി അംഗം കൃഷ്ണപ്രസാദ് എന്നിവരും മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തിയശേഷമാണ് ബിജെപി നേതാക്കള്‍ മടങ്ങിയത്. സംസ്ഥാനത്തെ എല്ലാ കരയോഗങ്ങളിലും താലൂക്ക് യൂണിയനുകളിലും ആചാര്യാനുസ്മരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: