ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഴ്സണലിനെ അവരുടെ തട്ടകത്തില്‍ ചെന്ന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ ക്വാര്‍ട്ടറിന്റെ പടിവാതില്ക്കല്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഇനി ആഴ്സണലിന് മുന്നേറണമെങ്കില്‍ ബാഴ്സയുടെ തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ കുറഞ്ഞത് മൂന്നു ഗോളിനെങ്കിലും ജയിക്കണമെന്ന സ്ഥിതിയായി. ഈ മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ ആറാം തവണയും ആഴ്സണല്‍ പ്രി ക്വാര്‍ട്ടറില്‍ പുറത്താകും. അതേസമയം, മറ്റൊരു മത്സരത്തില്‍ ശക്തരായ ജുവന്റസും ബയേണ്‍മ്യൂണിക്കും സമനിലയില്‍ പിരിഞ്ഞു. ഇരുടീമും രണ്ടുഗോള്‍വീതം നേടി. ആദ്യ പാദത്തില്‍ രണ്ട് എവേ ഗോളുകള്‍ നേടിയതിനാല്‍ ബയേണിന്റെ മുന്നോട്ടുള്ള യാത്രയും ഏറെക്കുറെ സുഗമമായി. രണ്ടാം പാദത്തില്‍ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചാലേ ജുവന്റസിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകൂ.
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും ഷോട്ടുകള്‍ പായിച്ചതും ബാഴ്സലോണ താരങ്ങളായിരുന്നു. 66 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ ആകെ പായിച്ചത് 15 ഷോട്ടുകള്‍. ഇതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് നാലെണ്ണവും. എന്നാല്‍ രണ്ടെണ്ണം മാത്രമേ വലയില്‍ കയറിയുള്ളൂ. അതേസമയം ആഴ്സണലിന് ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ പായിക്കാന്‍ കഴിഞ്ഞത് മൂന്നുതവണ. എന്നാല്‍ ബാഴ്സ ഗോളിയെ കീഴടക്കാനുള്ള കരുത്ത് ഈ ഷോട്ടുകള്ക്കുണ്ടായില്ല.
ഇനിയേസ്റ്റ-മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തെ പിടിച്ചുകെട്ടുന്നതില്‍ ആഴ്സണല്‍ പ്രതിരോധം വിജയിച്ചതോടെ ആദ്യപകുതി ഗോള്‍രഹിതമായി. തുടര്‍ന്ന് രണ്ടാം പകുതിയുടെ 70-ാം മിനിറ്റ് വരെയും ഗണ്ണേഴ്സ് പ്രതിരോധപൂട്ടിനുള്ളില് പെട്ട് വട്ടം തിരിഞ്ഞു. 71-ാം മിനിറ്റില്‍ ബാര്സയുെട രക്ഷകനായി മെസ്സി അവതരിച്ചു. സുവാരസിനൊപ്പം ചേര്‍ന്ന് നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവില്‍ ആഴ്സണല്‍ ഗോള്‍മുഖത്തേക്കെത്തിയ പന്ത് മസ്സിയുടെ കാലുകളില്‍. മെസ്സിയുടെ തകര്‍പ്പന്‍ ഫിനിഷിങ്ങില്‍ ബാഴ്സ മുന്നില്‍.
തിരിച്ചടിക്കാന്‍ ഗണ്ണേഴ്സ് മെസ്യൂട്ട് ഓസിലിന്റെയും അലക്സിസ് സാഞ്ചസിന്റെയും ചേംബര്‍ലെയ്ന്റെയും മികവില്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവയെല്ലാം ബാഴ്സ പ്രതിരോധത്തില്‍ തട്ടിത്തെറിഞ്ഞു. അതിനിടെ 83-ാം മിനിറ്റില്‍ പ്രതിരോധത്തിലെ ആഴ്സണലിന്റെ പിഴവിന് പിഴയായിക്കിട്ടിയ പെനാല്‍റ്റി കൃത്യതയോടെ വലയിലെത്തിച്ച് മെസിയുടെ രണ്ടാം ഗോള്‍. മെസ്സിയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത മെസ്സി ആഴ്സണല്‍ ഗോളി പീറ്റര്‍ ചെക്കിനെ കബളിപ്പിച്ച് പന്ത് അനായാസം വലയിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയുടെ തുടര്‍ച്ചയായ 33-ാം ജയമാണിത്. ഒരു ജയം കൂടി സ്വന്തമാക്കിയാല്‍ റയല്‍ മാഡ്രിഡിന്റെ 34 ജയങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ബാഴ്സയ്ക്കു കഴിയും. 14 മത്സരങ്ങള്‍ക്കിടെ ആദ്യമായാണ് ഗണ്ണേഴ്സിന് ചാമ്പ്യന്‍സ് ലീഗില്‍ സ്കോര്‍ ചെയ്യാന്‍ കഴിയാതെ വരുന്നത്. മാര്‍ച്ച് 16ന് ബാഴ്സയുടെ തട്ടകമായ നൗകാമ്പിലാണ് രണ്ടാം പാദ പോരാട്ടം.
ജുവന്റസ്-ബയേണ്‍ മ്യൂണിക്ക്
ടൂറിനില്‍ നടന്ന മറ്റൊരു മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷമാണ് ബയേണ്‍ മ്യൂണിക്ക് സമനിലകൊണ്ട് തൃപ്തരായത്. ജുവന്റസിനെതിരായ മത്സരം 2-2നാണ് സമനിലയില്‍ പിരിഞ്ഞത്. മത്സരത്തില്‍ നേരിയ മുന്‍തൂക്കം ബയേണ്‍ മ്യൂണിക്കിനായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബയേണായിരുന്നു മുന്നില്‍. മുള്ളറെയും ആര്യന് റോബനെയും ലെവന്‍ഡോവ്സ്കിയെയും തടഞ്ഞുനിര്‍ത്താന്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയാണ് ജുവന്റസ് കളിച്ചത്. കളിയുടെ 43-ാം മിനിറ്റിലാണ് ജുവന്റസ് പ്രതിരോധക്കോട്ട പൊളിച്ച് ബയേണ്‍ ആദ്യ ഗോള്‍ നേടിയത്.
വലതുവിംഗിലുടെ പന്തുമായി ബോക്സില്‍ പ്രവേശിച്ച് ശേഷം നല്കിയ ക്രോസ് കോസ്റ്റ ബോക്സിനുള്ളിലേക്ക് തട്ടിയിട്ടു. ബര്‍സാഗ്ലി പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പന്ത് കിട്ടിയ തോമസ് മുള്ളര്‍ അവസരം പാഴാക്കാതെ ജുവന്റസ് വല കുലുക്കി (1-0). പിന്നീട് 55-ാം മിനിറ്റില്‍ ആര്യന് റോബന് ബയേണിന്റെ രണ്ടാം ഗോള്‍ നേടി. ഇതോടെ വിജയം ഉറപ്പിച്ച ബയേണിനെ ഞെട്ടിച്ചുകൊണ്ട് 63-ാം മിനിറ്റില്‍ പൗളോ ഡിബാലയും 76-ാം മിനിറ്റില്‍ സ്റ്റെഫാനോ സ്റ്റുറാറോയും ലക്ഷ്യം കണ്ടതോടെ കളി സമനിലയില്‍ കലാശിച്ചു. എങ്കിലും രണ്ട് എവേ ഗോളിന്റെ മുന്‍തൂക്കത്തിലാണ് ബയേണ്‍ സ്വന്തം തട്ടകമായ അലയന് അരീനയില്‍ മാര്‍ച്ച് 16ന് ബൂട്ടുകെട്ടുക. ഒരു ഗോള്‍രഹിത സമനിലപോലും ബയേണിന് ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിക്കൊടുക്കും. എന്നാല്‍ ജുവന്റസിന് മൂന്ന് ഗോളുകള്‍ക്ക് ജയിച്ചാലേ അവസാന എട്ടിലേക്ക് സാധ്യതയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: