കണ്ണൂര്‍: പട്ടയം നല്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരിന്റെ നേട്ടം ചരിത്രത്തിന്റെ ഏടുകളില്‍ ഇടംപിടിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം 1,62,123 പേര്‍ക്കാണ് ഇതുവരെയായി പട്ടയം നല്‍കിയത്. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ മെഗാ പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആകെ 5323 പട്ടയങ്ങളാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി മെഗാ പട്ടയമേളയില്‍ വിതരണം ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 11032 പട്ടയങ്ങളാണ് നല്‍കിയത്.
ഭൂമി കൈവശമുണ്ടായിട്ടും അവകാശപത്രിക കയ്യിലില്ലാതെ വിഷമിക്കുന്ന ഒട്ടേറെ പേര്‍ക്ക് ആശ്വാസം പകരാന്‍ പട്ടയമേളകളിലൂടെ സാധിച്ചതായി മന്ത്രി പറഞ്ഞു. 2,43,928 കുടുംബങ്ങള്‍ ഭൂരഹിതരായി സംസ്ഥാനത്തുണ്ടെന്നാണ് കണ്ടെത്തിയത്. ഇന്ന് കണ്ണൂരിലെ പട്ടയമേള പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ ആകെ 54,172 പേര്‍ക്ക് ഭൂമി വിതരണം ചെയ്തു കഴിഞ്ഞു. ഇതില്‍ എട്ടായിരത്തോളം പേര് പട്ടികജാതിക്കാരും 666 പേര് പട്ടികവര്‍ഗ്ഗക്കാരുമാണ്. മെഗാ പട്ടയമേളയോടെ ജില്ലയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന വടക്കേക്കളം ഭൂമിപ്രശ്നം പരിഹരിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനമൊട്ടാകെ നടത്തിയ റവന്യൂ സര്‍വേ അദാലത്തുകളില്‍ നേരിട്ട് ഹാജരായി വര്‍ഷങ്ങളായി കെട്ടിക്കിടന്ന 4,84,000 പരാതികളില്‍ കോടതി കേസുകള്‍ ഒഴിച്ചുള്ള 3,86,000 എണ്ണവും പരിഹരിക്കാനായതായി മന്ത്രി പറഞ്ഞു. ഇ-ഡിസ്ട്രിക്ട് പദ്ധതി പ്രകാരം 1,87,62,201 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യാനായി. 24 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ ഓണ്‍ലൈനിലൂടെ നല്‍കുന്നത്. എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കിവരുന്നു. ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും മാര്‍ച്ചോടുകൂടി ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസറില്ലെങ്കില്‍ നികുതിയടവ് മുടങ്ങുന്നതായ പരാതി പരിഹരിക്കാന്‍ നൂറു വില്ലേജുകളില്‍ ഓണ്‍ലൈനായി നികുതി സ്വീകരിക്കുന്നതിനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം ഈ മാസാവസാനം കോട്ടയത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വയ്ക്കുന്ന വന്‍കിടക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ വിവിധ വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു. അര്‍ഹരായ പരമാവധി പേര്‍ക്ക് പട്ടയം നല്‍കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇവിടെ നടപ്പാവുന്നതെന്ന് മന്ത്രി പറഞ്ഞു. വടക്കേക്കളം ഭൂമിയിലെ പട്ടയവിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. ആറളത്തെ 32 കുടുംബങ്ങള്‍ക്കുള്ള പട്ടയവും ചീങ്കണ്ണി പുഴയോരത്തെ കുടുംബങ്ങള്‍ക്കുളള പട്ടയങ്ങളും വിതരണം ചെയ്തു.
ചടങ്ങില്‍ എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സണ്ണി ജോസഫ്, സി കൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതവും എഡിഎം ഒ.മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: