വൈക്കം: ഏറെ പ്രതീക്ഷകളോടെ നഗരസഭ നിര്‍മ്മിച്ച ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പണികള്‍ നിലച്ചു. 98 ലക്ഷം രൂപയുടെ നിര്‍മാണജോലികള്‍ക്കാണ് കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് തുടക്കം കുറിച്ചത്. ആരംഭത്തിലെ തന്നെ പണികള്‍ക്കെതിരെ ചിലര്‍ രംഗത്തുവന്നെങ്കിലും ഇതെല്ലാം പരിഹരിച്ച് നിര്‍മാണജോലികള്‍ മുന്നോട്ടുപോയിരുന്നു. ഒരു കാലത്ത് നഗരസഭക്ക് നല്ല പ്രതിഛായ ലഭിച്ച ബീച്ച് ഇന്ന് സാമൂഹികവിരുദ്ധരുടെയും കഞ്ചാവ് മാഫിയയുടെയും പിടിയിലമര്‍ന്നു. ബീച്ചിലേക്ക് സന്ദര്‍ശകര്‍ എത്താതെ വന്നതോടെ നഗരസഭക്കും ് വലിയ താല്‍പര്യമില്ലതായി. ബീച്ച് നഗരത്തിന് ശാപമായി മാറുന്ന അവസ്ഥ വന്നപ്പോഴാണ് നഗരസഭ വിഷയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ തയ്യാറായത്. നഗരത്തില്‍ ടൂറിസം സാദ്ധ്യതകള്‍ ഏറെയുണ്ടെങ്കിലും ഇതൊന്നും പ്രയോജനപ്പെടുത്തുവാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ പറ്റാതെ വരുന്ന സാഹചര്യമാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. നിര്‍മാണജോലികള്‍ പുനരാരംഭിക്കുവാന്‍ പുതിയ ഭരണസമിതി ഇടപെടലുകള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കാരണം കുമരകത്തെ വെല്ലുന്ന രീതിയില്‍ കായലിന്റെയും നാട്ടുതോടുകളുടെയുമെല്ലാം സൗന്ദര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. കെ.വി കനാല്‍ നവീകരിച്ച് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും ഇതൊന്നും ഇതുവരെയായി നടപ്പിലായി ല്ല . ആശ്രമം സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ശ്രമദാനത്തിന്റെ ഭാഗമായി കനാലിന്റെ ഇരുവശങ്ങളും വെട്ടിത്തെളിച്ചിരുന്നു. ഈ സമയത്ത് വലിയ വാഗ്ദാനങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ബീച്ചും കെ.വി കനാലുമെല്ലാം വേണ്ടവിധത്തില്‍ ടൂറിസത്തെ അടിസ്ഥാനമാക്കി പ്രയോജനപ്പെടുത്തണമെന്നതാണ് പൊതുവായ ആവശ്യം. പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ ഇരിപ്പിടങ്ങള്‍, കഫേ, ടോയ്ലറ്റ്, മണ്ഡപം എന്നിവയെല്ലാം സ്ഥാപിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഭരണപക്ഷ കൗണ്‍സിലര്‍ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കണമെന്ന് കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. ബീച്ച് കായികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു കൗണ്‍സിലറുടെ ആവശ്യം. ഇതിനുമുന്നില്‍ കാര്യമായ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുവാന്‍ മറ്റ് കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. ഇതോടെയാണ് ഡിടിപി.സിയുടെ പണികള്‍ക്ക് കരിനിഴല്‍ വീഴുന്നത്. ബീച്ചില്‍ കയ്യേറ്റവും വ്യാപകമാണ്. ഇനിയെങ്കിലും ഇത് അളന്നു തിട്ടപ്പെടുത്തുവാന്‍ അധികാരികള്‍ വൈകിയാല്‍ ബീച്ച് തന്നെ നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: