മാനന്തവാടി: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കക്കടവ് പാലം പണി പൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്താനാവാതെ അധികൃതര്‍. പാലത്തിനോട് ചേര്‍ന്നുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം വൈകിയതും പാലവുമായി ബന്ധപ്പെട്ട് കിടക്കുന്ന മൂന്ന് റോഡുകള്‍ തകര്‍ന്നുകിടക്കുന്നതും കാരണം നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുമെന്ന ഭയം കാരണമാണ് ഇന്ന് നടത്താനിരുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നും അധികൃതര്‍ പിന്മാറിയത്.
2003 മുതലാണ് മൂന്ന് പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന പാലത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ തുടങ്ങിയത്. കോട്ടത്തറ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കരിങ്ങാരി, കൊമ്മയാട്, കക്കടവ്, പാലയാണ, മുണ്ടക്കുറ്റി, വേങ്ങേരിക്കുന്ന്, എടത്തറ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജന പ്രദവുമായ പാലത്തിനായി മാറി മാറി വന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് ബഹിഷ്ക്കരണമുള്പ്പടെയുള്ള തന്ത്രങ്ങള്‍ പ്രദേശവാസികള്‍ നടത്തിയിരുന്നു. കഴിഞ്ഞ ഇടതുമുന്നണി ഭരണക്കാലത്ത് പാലത്തിനായി ഒരുകോടി രൂപ വകയിരുത്തിയെങ്കിലും എസ്റ്റിമേറ്റ് തുക മുഴുവനില്ലാത്തതിനാല്‍ ടെണ്ടര്‍ നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ 2003-ലാണ് എസ്റ്റിമേറ്റ് തുകയായ നാലുകോടി എട്ടുലക്ഷം രൂപ പാലത്തിനായി അനുവദിച്ചത്. ഇതേ വര്‍ഷം തന്നെ പാലത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം കല്‍പ്പറ്റയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ടിയിരുന്ന പാലം കരാറുകാരന്റെ അനാസ്ഥ കാരണം മൂന്ന് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. എന്നാല്‍ അപ്രോച്ച് റോഡുകളുടെ നിര്‍മാണത്തിന് ഫണ്ടില്ലാത്തതിനാല്‍ പാലം തുറന്ന് നല്കാന് കഴിയാത്ത നിലയിലാണ് ഇപ്പോഴുള്ളത്. ഇതോടൊപ്പം തരുവണയില്‍ നിന്നും കക്കടവ് പാലം വരെയുള്ള റോഡിന്റെ കൂടുതല്‍ ഭാഗവും തകര്‍ന്നിരിക്കുകയാണ്. ഇത് നവീകരിക്കാനായി 30 ലക്ഷം രൂപ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ഫണ്ടില്‍ നിന്നനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയായും ഭരണാനുമതി നല്‍കിയില്ലെന്നാണ് അറിയുന്നത്. പാലം കടന്ന് മുണ്ടക്കുറ്റിയിലേക്കുള്ള റോഡും, ചേര്യംകൊല്ലിയിലേക്കുള്ള റോഡും തകര്‍ന്ന് കിടക്കുകയാണ്. അപ്രോച്ച് റോഡുതന്നെ സോളിംഗ് പോലും നടത്തിയിട്ടില്ല. ഇതിനിടെ ഫെബ്രുവരി 22ന് ജില്ലയിലെത്തുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയെക്കൊണ്ട് പാലം ഉദ്ഘാടനം നടത്താനുള്ള നീക്കമാണ് നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് മാറ്റിയത്. അടുത്തമാസം തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്നിരിക്കെ ഈ കാലയളവില്‍ പണി പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: