കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ യുഡിഎഫ് സര്‍ക്കാറിന്റെ ‘നേട്ടങ്ങള്‍’ വിവരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. പബ്ലിക്റിലേഷന് വകുപ്പിനെ ദുരുപയോഗം ചെയ്തുകൊണ്ടാണ് സംസ്ഥാനത്തെ 14 ജില്ലകളിലും മൊബൈല്‍ എക്സിബിഷന്, മള്‍ട്ടിമീഡിയ കാമ്പയിന്, സാമൂഹ്യനീതിവകുപ്പിന്റെ കീഴില്‍ തുല്യനീതി, നല്ലനാട് റോഡ് ഷോ തുടങ്ങിയ വന്പ്രചാരണങ്ങള് സംഘടിപ്പിക്കുന്നത്.
ബാര്‍കോഴ, സോളാര്‍ അഴിമതി തുടങ്ങിയ വിവാദങ്ങളില്‍പെട്ട് സര്‍ക്കാര്‍ നാണംകെട്ട് നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് യുഡിഎഫ് മുഖംമിനുക്കാനൊരുങ്ങുന്നത്. സംസ്ഥാനത്തിന്റെ ഭരണയന്ത്രം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന രീതിയിലാണ് പരിപാടികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഇതുകൂടാതെ ദൂരദര്‍ശനില്‍ മൂന്ന് പരിപാടികളാണ് സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികളെ പുകഴ്ത്താനായി ദുരുപയോഗം ചെയ്യുന്നത്. പബ്ലിക് റിലേഷന്‍ വകുപ്പിന്റെ കീഴില്‍ 14 ജില്ലകളിലും 15 കലാകാരന്മാര് അടങ്ങുന്ന മൂന്ന് വാഹനങ്ങള്‍ കൂടാതെ മൊബൈല്‍ എക്സിബിഷന് ഒരു വാഹനം എന്ന നിലയിലാണ് മള്‍ട്ടിമീഡിയ കാമ്പയിന് നടക്കുന്നത്. മൂന്ന് മേഖലകളായി തിരിച്ച് മൂന്ന് സംഘങ്ങള്‍ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും പ്രചാരണം നടത്തുന്നു.
‘നമ്മുടെ സര്‍ക്കാര്‍ നമ്മോടൊപ്പം’ എന്നാണ് ഈ പ്രചാരണത്തിന് പേരിട്ടിരിക്കുന്നത്. മാജിക്ഷോ മുതല്‍ കളരിപ്പയറ്റ് വരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ പല പദ്ധതികളും സംസ്ഥാന സര്‍ക്കാറിന്റേതായി ഇതില്‍ അവതരിപ്പിക്കുന്നു. വിതുരയിലുള്ള ഒരു നാടക സംഘത്തിനാണ് ഈ പ്രചാരണത്തിന്റെ ചുമതല.
ഇതുകൂടാതെ വിവിധ വകുപ്പുകളുടെ കീഴിലും പ്രചാരണം നടക്കുന്നുണ്ട്. സാമൂഹിക നീതിവകുപ്പിന്റെ റോഡ്ഷോ തുല്യനീതി, നല്ലനാട് എന്ന പേരിലാണ് സംസ്ഥാനത്തെങ്ങും സഞ്ചരിക്കുന്നത്. മുഴുവന്‍ പ്രചാരണ പരിപാടികളും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചാണ് നടത്തുന്നത്.
സുതാര്യകേരളം പ്രിയകേരളം എന്നിവ കൂടാതെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനെ പുകഴ്ത്തുന്ന നോട്ടമെന്ന റിയാലിറ്റി ഷോയാണ് പുതുതായി ആരംഭിച്ചിരിക്കുന്നത്. ഹ്രസ്വചിത്രങ്ങളുടെ മത്സരമാണ് ഇതില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികളെ ആസ്പദമാക്കിയാണ് ഇതിന്റെ ഇതിവൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: