പരപ്പനങ്ങാടി: പുതിയതായി നഗരസഭയുടെ പരിവേഷമണിഞ്ഞ തിരുരങ്ങാടി നഗരസഭയിലെ ചെമ്മാട് പട്ടണം ചീഞ്ഞുനാറുന്നു. ഓടകള്‍ നിറഞ്ഞ് പൊട്ടിയൊലിച്ച് മലിനജലം റോഡിലൊഴുകി പൊതുജനത്തിന് വഴി നടക്കാനാവാത്ത അവസ്ഥ. ആശുപത്രി മാലിന്യങ്ങളും വ്യവസായ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലവും നേരിട്ടെത്തുന്നത് റോഡിലെ ഓടയിലേക്കാണ്. തിരൂരങ്ങാടി പഞ്ചായത്ത് ആയിരുന്നപ്പോള്‍ കടലുണ്ടി പുഴയില്‍ നിന്ന് പമ്പ് ചെയ്ത വെള്ളം ഉപയോഗിച്ച കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍വകലാശാല അധികൃതരും ആരോഗ്യവകുപ്പും സംയുക്തമായി ചെമ്മാട്ടെ ഓടകളുടെ. സ്ലാബുകള്‍ നീക്കി നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങളില്‍ നിന്നും അഴുകിയ ദ്രവമാലിന്യങ്ങള്‍ നേരിട്ട് ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കടുത്ത വേനലിലും ചെമ്മാട്ടെ ഓടകള്‍ നിറഞ്ഞൊഴുകുകയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ചുമതലയുള്ള നഗരസഭയാകട്ടെ തികഞ്ഞ നിസംഗതയിലാണ്. കഴിഞ്ഞ മാസം മാലിന്യ പ്രശ്നമുന്നയിച്ചു കൊണ്ട് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നെങ്കിലും ഈ വിഷയത്തിന് പരിഹാരമായില്ല. ഒരു നഗരത്തിന്റെ മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നതാകട്ടെ നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് വെള്ളം പമ്പ് ചെയ്യുന്ന കടലുണ്ടിപ്പുഴയിലും. നഗരമാലിന്യങ്ങളും നാടിന്റെ മാലിന്യങ്ങളും ഏറ്റുവാങ്ങുന്ന കടലുണ്ടിപ്പുഴക്ക് ഇപ്പോള്‍ കറുപ്പ് നിറമാണ്. ദേശീയതലത്തില്‍ നദികളെ സംരക്ഷിക്കാന്‍ നവകര്മ പദ്ധതികളൊരുങ്ങുമ്പോഴും നാടിന്റെ കണ്ണാടിയായ ഈ പുഴയെ സംരക്ഷിക്കാനും മാലിന്യ സംസ്കരണത്തിനും ഇതുവരെ ഒരു പദ്ധതിയും തയ്യാറായിട്ടില്ല. അനാസ്ഥയുടെ ഫലമായി കേന്ദ്രാവിഷ്കൃത ‘പുര ‘പദ്ധതി വരെ നഷ്ടപ്പെടുത്തിയ ചരിത്രമാണ് തിരൂരങ്ങാടിക്കുള്ളത്. ദുരമൂത്ത ചിലരെ സംരക്ഷിക്കാനുള്ള അധികാരവര്‍ഗ്ഗത്തിന്റെ വ്യഗ്രത കാരണം ജനം മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: