കല്‍പ്പറ്റ : കുരങ്ങുപനി ബാധിച്ച് മരിക്കുന്നവരുടെ കുടംബത്തിനുള്ള ധനസഹായം മൂന്ന് ലക്ഷത്തില്‍നിന്നും പത്ത് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ബിജെപി ജില്ലാകമ്മിറ്റി. കുരങ്ങ്പനി ബാധിതര്‍ക്ക് നല്‍കിവരുന്ന ചികിത്സാചിലവ് 20000 രൂപയില്‍നിന്ന് രണ്ട് ലക്ഷം രൂപയായും വര്‍ദ്ധിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വനഗ്രാമങ്ങളിലെ ദരിദ്രരായ സാധാരണക്കാരെയാണ് കുരങ്ങുപനി ബാധിക്കുന്നത്. ഇവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാത്തതിനാലാണ് ജില്ലയില്‍ വൈറോളജി ലാബ് യാഥാര്‍ത്ഥ്യമാകാത്തതും കുരങ്ങുപനി ബാധിതരെ സര്‍ക്കാര്‍ അവജ്ഞയോടെ കാണുന്നതെന്നും യോഗം വിലയിരുത്തി. ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഈ വര്‍ഷം ജില്ലയില്‍ രണ്ടുപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. മുള്ളന്‍കൊല്ലി സ്വദേശിയായ കര്‍ഷകനും നൂല്‍പ്പുഴ പഞ്ചായത്തിലെ ആദിവാസി യുവതിക്കുമാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കര്ഷകന് പനി പിടിപെട്ടത്. ഉടന്‍ പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും കര്‍ഷകനെ ഫെബ്രുവരി രണ്ടിന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കര്‍ഷകന്റെ രക്തസാമ്പിള്‍ മണിപ്പാലിലുള്ള വൈറോളജി ലാബില്‍ പരിശോധന നടത്തിയപ്പോഴാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് പരിശോധനാ ഫലം വന്നത്. ഇതേ തുടര്‍ന്നാണ് കര്‍ഷകനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയത്. വനത്തില്‍ പോയത് കൊണ്ടല്ല കര്ഷകന് പനി പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. കന്നുകാലികളിലൂടെ പകര്‍ന്നതാകാമെന്നും സംശയിക്കുന്നുണ്ട്. നൂല്‍പ്പുഴ സ്വദേശിനിയായ ആദിവാസി യുവതിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കലശലായ പനിയുമായി ഫെബ്രുവരി ഒന്‍പതിനാണ് ഇവരെ കോളനിയില്‍ നിന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് രക്തസാമ്പിളുകള്‍ മണിപ്പാലിലുള്ള വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇവരുടെ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കുരങ്ങ്പനി സ്ഥിരീകരിക്കുന്നതിനായി മണിപ്പാലിലുള്ള ലാബിനെ ആശ്രയിക്കേണ്ട അവസ്ഥ രോഗത്തെ ഭയാനകമാക്കുന്നതാണ്. അതുകൊണ്ടുതന്നെ കുരങ്ങുപനി ഭീതിയിലായ വയനാട്ടുകാരുടെ സഹായത്തിനായി വൈറോളജി ലാബ് സ്ഥാപിക്കാനുള്ള നടപടികള്‍ എത്രയുംപെട്ടന്ന് സ്വീകരിക്കണം.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ മാനന്തവാടി ബത്തേരി നഗരസഭാ പരിധിയിലും നെന്മേനി പഞ്ചായത്തിലും കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയതും നാട്ടുകാരില്‍ ഭീതിയുളവാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷമാണ് വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. നൂറിലേറെപേര്‍ക്ക് രോഗം ബാധിക്കുകയും പതിനൊന്ന് പേര് മരിക്കുകയും ചെയ്തിരുന്നു.
കല്‍പ്പറ്റ അയ്യപ്പക്ഷേത്രത്തിന് സമീപത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലും കുരങ്ങുകള്‍ ചാവുന്നത് സാധാരണയായിട്ടുണ്ട്. തൃശ്ശിലേരിയില്‍ രണ്ട് ദിവസങ്ങളിലായി രണ്ട് കുരങ്ങുകള്‍ ചത്തതും ജില്ലയെ കൂടുതല്‍ ഭീതിയിലാക്കിയിരിക്കുകയാണ്. കുരങ്ങുകള്‍ ചാകുന്ന സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ചെള്ളുകള്‍ സ്ഥിരീകരിച്ചതിനുശേഷമേ മറവ് ചെയ്യാവൂ എന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കഴിഞ്ഞദിവസം കുരങ്ങിനെ മറവ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം മരണഭീതി വിതച്ച കുരങ്ങ്പനി നൂറ്റിരണ്ട് പേര്‍ക്ക് സ്ഥിരീകരിക്കുകയും ഇതില്‍ പതിനൊന്ന്പേര് മരിക്കുകയും ചെയ്തിരുന്നു.
രണ്ട് വര്ഷംമുന്പ് ജില്ലക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വൈറോളജി ലാബ് ഇനിയും യാഥാര്‍ത്ഥ്യമായില്ല. ഇക്കാരണത്താല്‍തന്നെ പരിശോധനഫലത്തിന് 15 ദിവസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ബിജെപി ജില്ലാകമ്മിറ്റി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: