നീലേശ്വരം: രാജനഗരയില് വിജയത്തിന്റെ ശംഖധ്വനി മുഴക്കി നടന്ന ഘോഷ് പഥസഞ്ചലനം നഗരവീഥികളെ പുളകമണിയിച്ചു. നീലേശ്വരത്ത് നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാസര്‍കോട് റവന്യൂജില്ലാ ഘോഷ് സാംഘിക് വിജയധ്വനിക്ക് ഇന്നലെ ആയിരങ്ങള്‍ സാക്ഷിയായി. സംസ്ഥാനത്ത് ആദ്യമായാണ് റവന്യൂജില്ലാ അടിസ്ഥാനത്തില്‍ ഘോഷ് സാംഘിക് നടക്കുന്നത്. ഉച്ചകഴിഞ്ഞ് 3.30ന് നീലേശ്വരം പള്ളിക്കരയില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനത്തില്‍ 620 ഘോഷ്വാദകര് പങ്കെടുത്തു. തുടര്‍ന്ന് 5ന് രാജാസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ മൈതാനിയില്‍ നടന്ന പൊതുപരിപാടിയില്‍ ആയിരത്തോളം പേര് സംബന്ധിച്ചു. പഥസഞ്ചലനത്തിനെ വരവേറ്റ് പ്രധാന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി. ഘോഷ് പഥസഞ്ചലനം കാണാന്‍ പാതയോരങ്ങളില്‍ അനുഭാവികളായവര്‍ തിങ്ങിനിറഞ്ഞിരുന്നു. സ്കൂള്‍ മൈതാനിയില്‍ വെയിലിന്റെ കാഠിന്യത്തെ വകവെയക്കാതെ അമ്മമാരും കുട്ടികളും പഥസഞ്ചലനം എത്തുന്നതും കാത്തിരിപ്പുണ്ടായിരുന്നു. റവന്യു ജില്ലയിലെ എട്ട് താലുക്കുകളില്‍ നിന്നായി 12 വാഹിനികളാണ് പഥസഞ്ചലനത്തില്‍ സംബന്ധിച്ചത്.
സംഘത്തിന്റ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഘോഷ്. ഇതില്‍ ഭാരതത്തിന്റെ സംസ്കൃതിയുണ്ട്. ഭാവവും രാഗവും താളവും ചേര്‍ന്നതാണ് ഭാരതം. പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി പറഞ്ഞു. സംഗീതത്തെയും സംഗീതത്തിന്റെ ശരീരമായ രാഗത്തെയും പൂര്വികന്മാര് ഉപാസിച്ചിരുന്നു. പിന്നീട് വൈദേശികാക്രമണ ഫലമായി ഇതിന് പതനാവസ്ഥയുണ്ടായി. ആദ്യകാലത്ത് ബ്രിട്ടീഷുകാര്‍ ചിട്ടപ്പെടുത്തിയ രാഗത്തെയാണ് സംഘം ഉപയോഗിച്ചിരുന്നത്. നമ്മുടേതായ രാഗം വേണമെന്ന് ചിന്തയില്‍ നിന്നാണ് ഇന്ന് പഥസഞ്ചലനത്തിന് ഉപയോഗിക്കുന്ന ഭാരതീയമായ രാഗങ്ങള്‍ ചിട്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ തനതായ സംഗീതം ഘോഷിലൂടെ ചിട്ടപ്പെടുത്തിയെടുത്തത് ഭാരതീയ സേനയടക്കം കടംകൊണ്ടിട്ടുണ്ട്. സ്വയംസേവകര്‍ ഘോഷ് വാദനത്തില്‍ നടത്തുന്ന ആത്മാര്‍ത്ഥതയാണ് ഘോഷിന്റെ വിജയം. ഈ വിജയം ഓരോ വ്യക്തികളുടേയും മിഴിവ് വര്‍ധിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ ഘോഷിന്റെ വിവിധ വാദ്യോപകരണങ്ങളുടെ വാദനവും നടന്നു. കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: