കാസര്‍കോട്: മരത്തിലും, കാഞ്ചീപുരം സില്‍ക്ക് നൂലുകള്‍ കൊണ്ടും തീര്‍ത്ത ഗണപതിയുടെ പ്രതിമയും ചുമര് ചിത്രങ്ങളും, പാളയും പാഴ്വസ്തുക്കളും കൊണ്ടി നിര്‍മ്മിച്ച ചിത്രങ്ങള്‍ തുടങ്ങിയവ കാണാനും വാങ്ങിക്കാനുമായി കരകൗശല കൈത്തറി പ്രദര്‍ശന വിപണന മേളയില്‍ തിരക്കേറുകയാണ്. സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മിലന് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് രൂപമുതല്‍ 5000 രൂപവരെയുള്ള ഉല്പനങ്ങളാണ് വില്പനയ്ക്കായുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല കൈത്തറി ഉല്പന്നങ്ങള് 10 ശതമാനം വിലക്കുറവില്‍ മേളയില്‍ ലഭിക്കും. കേരളത്തിന്റെ തനതായ കരകൗശല വസ്തുക്കളായ ഈട്ടിയിലും തേക്കിലും തീര്‍ത്ത ശില്പ്പങ്ങള്, ആമാടപ്പെട്ടികള്‍, ചുണ്ടന് വള്ളങ്ങള്‍, ക്ലോക്കുകള്‍, ആറന്മുള കണ്ണാടികള്‍ എന്നിവയെല്ലാം മേളയിലുണ്ട്. ബ്ലാക്ക് മെറ്റലിലും വൈറ്റ് മെറ്റലിലും നിര്‍മ്മിച്ച വസ്തുക്കളും പവിഴം, മുത്ത് തുടങ്ങിയവയുടെ ആഭരണങ്ങള്‍, ചന്ദനത്തൈലം, രാമച്ചതൈലം, ആയുര്‍വേദ ഉല്പന്നങ്ങള്, രവിവര്‍മ്മ ചിത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, ബംഗാള്‍ കോട്ടണ്‍ സാരികള്‍, ലേഡീസ് ടോപ്പുകള്‍, ഭഗല്‍പൂര്‍ മെറ്റീരിയല്‍ ഷാള്‍, ഖാദി ഷര്‍ട്ടുകള്‍, ഖാദി കുര്‍ത്തകള്‍ തുടങ്ങി നിരവധി കരകൗശല കൈത്തറി ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. ജില്ലയിലെ തന്നെ പാഴ് വസ്തുക്കളെ ഉപയോഗിച്ച് കമുകിന് പാളയില്‍ നിര്‍മ്മിച്ച ചുമര് അലങ്കാര വസ്തുക്കള്‍ക്ക് ഏറെ ആവശ്യക്കാരെത്തുന്നുണ്ട്. കാഞ്ചീപുരം സില്‍ക്സ് നൂലില്‍ പണിത ഗണപതി, മയില്‍, ആഫ്രിക്കന്‍ തത്ത തുടങ്ങിയവയുടെ ചുമര്‍ചിത്രങ്ങള്‍ മേളയെ ഏറെ ആകര്‍ഷകമാക്കുന്നു.
ഹൈദരാബാദ് ആഭരണങ്ങളാണ് മേളയിലെ മുഖ്യ ആകര്‍ഷണം. മാലകള്‍, വളകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, മുത്തുകള്‍, ജന്മനക്ഷത്രക്കല്ലുകള്, പെന്റന്റുകള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് മേളയിലുള്ളത്. ബംഗാള്‍ കോട്ടണ്‍ മധുര ചുങ്കിടി സാരികള്‍, രാജസ്ഥാന് കിടക്ക വിരികള്‍, സ്ത്രീകള്‍ക്കുള്ള ടോപ്പുകള്‍, സോഫ ബക്കുകള്‍, കുര്‍ത്തകള്‍, ഖാദി ഷര്‍ട്ടുകള്‍, തിരുപ്പൂര്‍ തുണിത്തരങ്ങള്‍ എന്നിവ വളരെ ആകര്‍ഷണീയമാണ്. ദിവസവും രാവിലെ 9.30 മുതല്‍ രാത്രി എട്ടുവരെയാണ് മേള. മേള 29 നു സമാപിക്കും. കരകൗശല കൈത്തറി പ്രദര്‍ശന വിപണന മേളയില്‍ നിന്ന് വിവിധ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാനുള്ള അവസരവുമുണ്ട്. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: