കാസര്‍കോട്: സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് ജനഹൃദയങ്ങളിലേക്ക് ജനങ്ങളുടെ ചാനലായ ജനം ചാനലിന്റെ ജില്ലാ ബ്യൂറോയ്ക്ക് പ്രൗഡോജ്ജ്വല തുടക്കമായി. സത്യ സന്ധമായ വാര്‍ത്തകള്‍ ജനമനസ്സുകളിലേക്ക് തുറന്ന് കാണിച്ച് കപട മാധ്യമ സംസ്കാരത്തെ ഉന്മൂലനം ചെയ്ത് കൊണ്ടുള്ള ജനം ചാനലിന്റെ പ്രയാണത്തിലെ മറ്റൊരു നാഴിക കല്ലാണ് ജില്ലാ ബ്യൂറോ ഉദ്ഘാടനം.
സംസ്കാരിക പരിവര്‍ത്തനത്തിന്റെ പാതയില്‍ ചാനലുകള്‍ക്ക് മുഖ്യ പങ്കുണ്ടെന്ന് നളീന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ജനം ചാനലിന്റെ കാസര്‍കോട് ബ്യൂറോ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി. കാസര്‍കോടിന്റെ മണ്ണില്‍ കൊളുത്തിയ ഈ വിളക്ക് വിശ്വ ലോകത്തിന്റെ വിളക്കായി മാറട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര അധ്യക്ഷത വഹിച്ചു. ജനം ചാനല്‍ എം.ഡി പി.വിശ്വരൂപന് മുഖ്യപ്രഭാഷണം നടത്തി.
സാമൂഹ്യ മുല്യബോധമില്ലാതെയാണ് പല ചാനലുകളും പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ണ്ണാടക എംഎല്‍സി ക്യാപ്റ്റന്‍ ഗണേഷ് കാര്‍ണിക് പറഞ്ഞു. ഏതാണ് നല്ലത്, ഏതാണ് ചീത്തയെന്ന് സമൂഹത്തിന് തിരിച്ചറിയാന്‍ പ്രയാസമായ തരത്തിലാണ് പലരും ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഭാരതത്തില്‍ അസഹിഷ്ണുതയുടെ വക്താക്കളായി ശബ്ദമുയര്‍ത്തുന്നവര്‍ മഹത്തായ സംസ്കാരത്തെയാണ് പിന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ പ്രത്രേക രാഷ്ട്രീയ സാഹചര്യത്തില്‍ ജനം ചാനലിന്റെ പ്രസക്തിയേറി വരികയാണെന്ന് ആശംസാ പ്രസംഗം നടത്തിയ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ദേശീയതയെ ഉയര്‍ത്തിപ്പിടിച്ച് നിഷ്പക്ഷമായി കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ജനം ചാനല്‍ മുന്‍പന്തിയിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയതയുടെ ശബ്ദത്തിന്റെ വക്താക്കളായി മാറാന്‍ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ തന്നെ ജനം ചാനലിന് കഴിഞ്ഞതായി ഫിനാന്‍സ് ഡയറക്ടര്‍ യു.എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൊസഡിഗന്ത റസിഡന്റ് എഡിറ്റര്‍ പ്രകാശ് ഇളന്തില, പ്രസ്ക്ലബ് പ്രസിഡണ്ട് സണ്ണിജോസഫ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജനം ചാനല്‍ ചീഫ് കോ-ഓഡിനേറ്റര്‍ രഞ്ജിത്ത്. എ. സ്വാഗതവും, സി.വി. പൊതുവാള് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: