കൊച്ചി: വിഞ്ജാനത്തിന്റെ സൂപ്പര്‍ ഹൈവേയില്‍ക്കൂടി ലോകം അതിവേഗം മുന്നോട്ട് കുതിക്കുമ്പോള്‍ നാം കാളവണ്ടി യുഗത്തില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് പ്രശസ്ത ശാസ്ത്ര സാഹിത്യകാരന് പ്രൊഫ. എസ്. ശിവദാസ് അഭിപ്രായപ്പെട്ടു.
ശാസ്ത്ര മുന്നേറ്റത്തില്‍ നിന്നകന്നു നിന്നാല്‍ ലോകരാഷ്ടങ്ങളുടെ പട്ടികയില്‍ നാം പിന്നിലാവും. അതൊഴിവാക്കാന് ആശയം സൃഷ്ടിക്കാന്‍ കഴിവുളള യുവാക്കള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി സര്‍വ്വകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷന്‍സും സെന്റര്‍ ഫോര്‍ സയന്‍സ് കമ്മ്യൂണിക്കേഷനും ചേര്‍ന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ശാസ്ത്രദിനാഘോഷത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തദ്ദേശീയ ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ കണ്ടെത്തുന്നതിനും, വികസിപ്പിച്ചെടുക്കുന്നതിനും സര്‍വ്വകലാശാലകള്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. അത് രാജ്യത്തിന്റെ സ്വയം പര്യാപ്തതയ്ക്ക് വഴി തെളിക്കും.
കെ.എം.സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ഡോ. കെ.എ. സൈമണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ.എന്‍.ജി.നായര്‍, ഡോ.എസ്.അനില്‍കുമാര്‍, കെ.ജി. ബിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: