സൗന്ദര്യം എന്നത് ഓരോരുത്തര്‍ക്കും ജന്മനാ ലഭിക്കുന്ന ഒന്നാണ്. പണ്ടത്തേക്കാളേറെ ഇന്നത്തെ തലമുറ സൗന്ദര്യബോധമുള്ളവരുമാണ്. മുഖത്ത് കൗമാരപ്രായത്തില്‍ എവിടെനിന്നെന്നറിയാതെ പൊട്ടിമുളച്ച മുഖക്കുരുവിനെ നോക്കി പഴയ കാലത്തെ കൗമാരക്കാര്‍ ആശങ്കപ്പെട്ടിട്ടുപോലുമില്ല. ആരോ നിന്നെ പ്രേമിക്കുന്നുണ്ടല്ലോ എന്ന കളിവാക്കുകേട്ട് ലജ്ജിച്ച് മുഖംതാഴ്ത്തിയതും കണ്ണാടിയില്‍ നോക്കി മുഖത്തുമൊട്ടിട്ട മുഖക്കുരു നാണത്തിന്റെ ശോണിമ പരത്തിയതും ആസ്വദിച്ച ആ പഴയ തലമുറയില്‍ നിന്നും എത്രയോ മാറിയിരിക്കുന്നു ഇന്നത്തെ യുവത്വം. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും മുഖക്കുരുവിനെ ഒരു പ്രശ്നമായി കണ്ടുതുടങ്ങി.
സൗന്ദര്യത്തിനുമേല്‍ കളങ്കം ചാര്‍ത്തുന്ന മുഖക്കുരുവില്‍ തുടങ്ങി എത്രയെത്ര പ്രശ്നങ്ങളാണ് സൗന്ദര്യ ആരാധകരെ അലട്ടുന്നത്. എന്നാല്‍ ഇന്ന് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഒരുപരിധിവരെ പരിഹാരമുണ്ട്. കോസ്മെറ്റോളജി എന്ന നൂതന സൗന്ദര്യ ചികിത്സാ രീതി ഇന്ന് കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 10 വര്‍ഷമായി കോസ്മെറ്റോളജി വിദഗ്ധരുടെ സേവനം ഇവിടെ ലഭ്യമാകാന്‍ തുടങ്ങിയിട്ട്. എന്നാല്‍ തുടക്കകാലത്ത് വേണ്ടത്ര പ്രാധാന്യം ഇതിന് കൈവന്നിരുന്നില്ല. 10 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. നിമ്മി എസ്. സഹദേവന് കോസ്മെറ്റോളജിയെ കേരളത്തിന് പരിചയപ്പെടുത്തിയവരില്‍ ഒരാളാണ്. 2006 മുതല്‍ ഈ മേഖലയില്‍ സജീവമായി തുടരുന്ന നിമ്മി, ഈ രംഗം തിരഞ്ഞെടുക്കാനുള്ള കാരണംതന്നെ കുഞ്ഞുനാളിലെയുള്ള സൗന്ദര്യബോധമാണ്.
നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നതുമുതല്‍ സൗന്ദര്യത്തിന് മാറ്റുകൂട്ടാന്‍ എന്തെല്ലാം ആവശ്യമാണോ അതിനെല്ലാം വേണ്ട ശ്രദ്ധകൊടുത്തിരുന്നു നിമ്മി. തുടര്‍ന്ന് കോസ്മെറ്റോളജിയില്‍ ഉന്നത പഠനം നടത്തുകയായിരുന്നു.
താന്‍ ഈ രംഗത്തേക്ക് കടന്നുവരുമ്പോള്‍ റിസ്കി സിറ്റ്വേഷന് ആയിരുന്നെന്ന് നിമ്മി പറയുന്നു. അധികം പേര്‍ക്കും ഇങ്ങനൊരു ശാഖയെക്കുറിച്ച് അറിയില്ലായിരുന്നു എന്നതാണ് അതിന് കാരണം. ഈ മേഖലയില്‍ ഇന്നുകാണുന്ന വളര്‍ച്ച കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടുണ്ടായതാണ്. സൗന്ദര്യപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ആളുകള്‍ ബ്യൂട്ടിപാര്‍ലറുകളെയാണ് പ്രധാനമായും ആശ്രയിച്ചുപോരുന്നത്. ചര്‍മരോഗ വിദഗ്ധര്‍ക്കായിരുന്നു അതിനുശേഷം ഡിമാന്റുണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ രണ്ടിന്റേയും ഇടയ്ക്കാണ് കോസ്മെറ്റോളജിയുടെ സ്ഥാനം.
ഉള്ളിലേക്ക് കഴിക്കാന്‍ അധികം മരുന്നുകള്‍ ഇല്ല എന്നതാണ് പ്രധാന സവിശേഷത. വിറ്റാമിന്‍, മിനറല്‍സ് ടാബ്ലറ്റുകളാണ് കൂടുതലും നിര്‍ദ്ദേശിക്കാറുള്ളതെന്നും ഡോ.നിമ്മി പറയുന്നു. മുഖക്കുരുവിനും കരിമംഗലത്തിനും തുടങ്ങി മുഖചര്‍മം തൂങ്ങുന്നതിനുവരെ പരിഹാരം തേടി ആളുകള്‍ എത്താറുണ്ട്. ചര്‍മം ഏത് തരത്തിലുള്ളതാണ്, അതിന്റെ സ്വഭാവം, നിറം എന്നിവയെ ആശ്രയിച്ചാണ് ചികിത്സ നിര്‍ദ്ദേശിക്കാറുള്ളത്. കൂടാതെ ശസ്ത്രക്രിയ ഒഴിവാക്കി ചെയ്യാന്‍ പറ്റുന്ന തരത്തിലേക്ക് കോസ്മെറ്റോളജി എന്ന സൗന്ദര്യശാസ്ത്ര ശാഖ വളര്‍ന്നിരിക്കുന്നതായും നിമ്മി പറയുന്നു. കൂടാതെ മനഃശാസ്ത്രപരമായ സമീപമാണ് ചികിത്സ തേടിയെത്തുന്നവരുടെയടുത്ത് സ്വീകരിക്കുന്നതും.
ശരീര ഘടനയേയും സൗന്ദര്യത്തേയും മുന്‍നിര്‍ത്തി പഞ്ചേന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുന്ന വിധത്തിലുള്ള മനഃശാസ്ത്രപരവും ആധുനികവുമായ പഠനമെന്നാണ് സൗന്ദര്യശാസ്ത്രത്തിന് നല്കുന്ന വിശേഷണം. വ്യക്തിയെ കൂടുതല്‍ ആത്മവിശ്വാസമുള്ളവനാക്കി മാറ്റുന്നതിന് ഇത് ഏറെ സഹായിക്കും. മുഖം, കഴുത്ത്, കണ്ണ്, മുടി, നഖം എന്നുവേണ്ട ശരീരത്തെ മുഴുവനായും കൂടുതല്‍ സൗന്ദര്യമുള്ളതാക്കാന്‍ ഈ ചികിത്സയിലൂടെ സാധിക്കുമെന്നും ഡോ. നിമ്മി പറയുന്നു. എന്നാല്‍ ഈ ചികിത്സ കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ചികിത്സ തേടിയെത്തുന്നവര്‍ തയ്യാറാകണം. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് കൂടുതലും ട്രീറ്റ്മെന്റില്‍ ഉപയോഗിക്കുന്നതും.
കേരളത്തില്‍ ഈ ചികിത്സാരീതി കൂടുതല്‍ പ്രചാരത്തിലേക്കെത്തുന്നതേയുള്ളു.
സൗന്ദര്യം എന്നതിന് മുന്‍കാലങ്ങളില്‍ നമ്മള് സ്വമേധയാ ഒരു പ്രായപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ ചിന്താഗതിയില്‍ കാര്യമായ മാറ്റം വന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ സമൂഹത്തിലെ സമസ്തമേഖലയിലുള്ളവരും സൗന്ദര്യപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി തന്നെ സമീപിക്കാറുണ്ടെന്നും നിമ്മി. എന്നാല്‍ അവരുടെ സ്വകാര്യതെയെമാനിക്കുന്നതിനാല് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കില്ലെന്നും നിമ്മി പറയുന്നു. ആരും സൗന്ദര്യരഹസ്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാറില്ലെന്നതാണ് സത്യമെന്നാണ് നിമ്മിയുടെ അഭിപ്രായം.
സൗന്ദര്യചികിത്സ ഏറെ ചെലവേറിയതാണെന്ന ധാരണ തെറ്റാണെന്നും നിമ്മി പറയുന്നു. ചികിത്സ പൂര്‍ണമാകുന്നതിന് ഒരു കാലയളവുണ്ട്. ഈ കാലയളവില്‍ കൃത്യമായി ചികിത്സ തേടേണ്ടതുണ്ട്. മെഡിക്കല്‍ ഫേഷ്യല്‍ എന്നാണ് പൊതുവെ പറയാറുള്ളത്. ബാഹ്യമായ ചികിത്സമാത്രമല്ല. പകരം പോഷകസമ്പുഷ്ടമായ ആഹാരത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള രീതിയാണ് നിമ്മി അവലംബിക്കുന്നത്. ആന്റി ഏയ്ജിംഗ് ചികിത്സയില്‍ ആന്റി ഓക്സിഡന്റുകളാണ് നിര്‍ദ്ദേശിക്കാറുള്ളത്. ആന്റി ഏയ്ജിംഗ് ചികിത്സ താരതമ്യേന ചിലവേറിയതാണ്. വ്യക്തികളുടെ പ്രായമനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.
കൗമാരക്കാരെ അലട്ടുന്ന പ്രധാനപ്രശ്നം മുഖക്കുരു, അതുമൂലമുണ്ടാകുന്ന പാടുകള്‍, സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ്, ബ്ലാക്ഹെഡ്, എണ്ണമയം എന്നിവയാണ്. അതേസമയം 20 നും 30 നും ഇടയില്‍ പ്രായമുളളവര്ക്കാണെങ്കില് മുഖക്കുരുനിമിത്തം ഉണ്ടായ കുഴിഞ്ഞ പാടുകള്‍, 40-50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കരിമംഗലം, 50-60 നും ഇടയില്‍ പ്രായമുള്ളവര്‍ക്കം ചര്‍മം വലിഞ്ഞുതൂങ്ങല്‍ ഇതൊക്കെയാണ് പ്രധാന പ്രശ്നങ്ങള്‍. പീലിംഗ്, ഫില്ലേഴ്സ്, മൈക്രോ പിഗ്മെന്റേഷന്, ലേസര്‍, സ്റ്റെംസെല്‍ ട്രീറ്റ്മെന്റ്സ്, മൈക്രോനീഡ്ലിങ്, ഹെയര്‍ ട്രാന്സ്പ്ലാന്റേഷന് തുടങ്ങിയവാണ് സൗന്ദര്യ ചികിത്സാ രീതികളില്‍ ചിലത്. ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും ധൈര്യപൂര്‍വം ഈ ചികിത്സകള്‍ ചെയ്യാവുന്നതാണ്.
കേരളത്തില്‍ ഇന്ന് നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും ബ്യൂട്ടീപാര്‍ലറുകള്‍ ഉണ്ട്. സൗന്ദര്യത്തിന് ഇന്നത്തെ തലമുറ നല്കുന്ന പ്രാധാന്യത്തെയാണ് ഇത് വിളിച്ചോതുന്നത്. ഇവര്‍ നല്കുന്ന സേവനങ്ങളില്‍ ഏതാണോ ഉപഭോക്താവിന് ആവശ്യം അത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ക്ലിനിക്കുകളില്‍ കോസ്മെറ്റോളജിസ്റ്റിന്റെ കണ്‍സള്‍ട്ടേഷനുശേഷം നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ. ഇതിന്റെ റിസള്ട്ടാവട്ടെ ദീര്ഘനാളത്തേക്കുകൂടിയാണ്. ഇതാണ് ഈ രണ്ട് രീതികളും തമ്മിലുള്ള വ്യത്യാസമെന്നും ഡോ. നിമ്മി പറയുന്നു.
മാംഗ്ലൂര്‍ സര്‍വകലാശാലയ്ക്കുകീഴിലുള്ള കെവിജി കോളേജ് ഓഫ് മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സയന്‍സില്‍ നിന്നുമാണ് നിമ്മി ബിരുദം നേടിയത്. അമേരിക്കന്‍ അക്കാദമി ഓഫ് എയ്സ്തെറ്റിക്സ് മെഡിസിനില്‍ നിന്നും ഈ വിഷയത്തില്‍ ഡിപ്ലോമ നേടി. 2006 മുതല്‍ ഈ രംഗത്ത് സജീവമായ ഡോ. നിമ്മി, കവടിയാര്‍, പോത്തന്‍കോട്, വര്‍ക്കല എന്നിവിടങ്ങളില്‍ ‘കിയാറ’ (സശമൃമമ)എന്ന പേരില്‍ ക്ലിനിക് നടത്തുന്നു. കവടിയാറിലാണ് താമസം. വിവാഹിതയാണ്. സഹദേവന്റേയും പ്രസന്നകുമാരിയുടേയും മകളാണ്. ഇരുവരും അബുദാബിയില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കിസാന്‍ഭാരതി പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തിലുള്ള ഗൃഹസഖി എന്ന ഓണ്‍ലൈന്‍ മാഗസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഡോ. നിമ്മി എസ്. സഹദേവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: