കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ രജിസ്ട്രേഷനുള്ള തിരുകൊച്ചി നാളികേര ഉദ്പാദക കമ്പനിയുടെ നീര പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് 2.00ന് പാമ്പാക്കുട ഓണക്കൂറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുമെന്ന് തിരുകൊച്ചി കമ്പനി ചെയര്മാന് ജോസഫ് ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം ജില്ലയിലെ 210 സിപിഎസ്സുകളും അതിനു നേതൃത്വം കൊടുക്കുന്ന 13 ഫെഡറേഷനുകളും 55000ല്‍ അധികം വരുന്ന കേരകര്‍ഷകരും അംഗങ്ങളായിട്ടുള്ള നാളികേര ഉത്പാദക കമ്പനിയാണ് തിരുകൊച്ചി.തിരുകൊച്ചി പ്ലാന്റില്‍ നീരയുടെ സംസ്കരണത്തിനും കോക്കനട്ട് ജ്യൂസിനും, നീര ഹണിക്കും ആണ് മുഖ്യ പ്രാധാന്യം നല്‍കിയിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 8000 ലിറ്റര്‍ നീര സംസ്കരിക്കാനുള്ള ശേഷിയാണ് ഇപ്പോഴുള്ളത്.
കമ്പനി ഓഫീസ് കോംപ്ലക്സിന്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബും, കോക്കനട്ട് ജ്യൂസിന്റെ ലോഞ്ചിംഗ് മന്ത്രി കെ.ബാബുവും, കൊപ്ര ഡ്രയറിന്റെ ഉദ്ഘാടനം മന്ത്രി കെ.പി.മോഹനനും നിര്‍വഹിക്കും. നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ.ജോസ് മുഖ്യപ്രഭാഷണവും, കെഎഫ്സി ചെയര്മാന് പി.ജോയി ഉമ്മന്‍ കേരള സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്‍ഡ് വിതരണവും നിര്‍വഹിക്കുമെന്ന് കമ്പനി ചെയര്മാന് അറിയിച്ചു. കമ്പനി സിഇഒ ബിജു ജോണ്‍, നാളികേര വികസന ബോര്‍ഡ് മാര്‍ക്കറ്റ് പ്രമോഷന് ഓഫീസര്‍ ലീനാമോള്‍ എം.എ, പ്രോജക്ട് മാനേജര്‍ രൂപക് ജി. മാടശ്ശേരി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: