കൊച്ചി: ആള് ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) 25ാം വാര്‍ഷികം 21 മുതല്‍ 24 വരെ ഗോവയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് എഐഎസ്ഇഎഫ് കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര സ്പൈസ് കോണ്‍ഫറന്‍സും ഇതോടൊപ്പം നടക്കും.
കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സുഗന്ധ വ്യഞ്ജനങ്ങളുടെയും സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെയും അനുബന്ധ ഉത്പ്പന്നങ്ങളുടെയും സംസ്കരണ ഹബ്ബാക്കി ഇന്ത്യയെ മാറ്റുക എന്നാണ് സുഗന്ധവ്യഞ്ജന വ്യവസായ മേഖലയുടെ ലക്ഷ്യം.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വ്യവസായം 2 ബില്യന്‍ ഡോളറില്‍ നിന്ന് 5 ബില്യന്‍ ഡോളറാക്കി ഉയര്‍ത്താനും എ.ഐ.എസ്.ഇ.എഫ് ലക്ഷ്യമിടുന്നു. ഇന്ത്യയെ ആഗോള വിപണിയായി കണ്ട് നിരവധി കമ്പനികള്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. സുഗന്ധവ്യഞ്ജന വ്യവസായം നേരിടുന്ന വെല്ലുവിളികളും ഇന്ത്യയെ സുഗന്ധവ്യഞ്ജന വ്യവസായ വിപണിയാക്കാനുള്ള നടപടികളും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും.
21 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ യൂറോപ്യന്‍ സ്പൈസ് അസോസിയേഷന് പ്രസിഡന്റ് നില്‍സ് മെയെര്‍ പ്രിസ് മുഖ്യാതിഥിയാകും. പെപ്സികോ ഇന്ത്യ സി ഇ ഒയും ചെയര്‍മാനുമായ ഡി.ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എ ഐ എസ് ഇ എഫ് ചെയര്മാന് ഗുല്‍ഷന്‍ ജോണ്‍, വൈസ് ചെയര്മാന് പ്രകാശ് നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ 6 സെഷനുകളിലായി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഭക്ഷ്യ, സുഗന്ധവ്യഞ്ജന മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
ഇന്ത്യയില്‍ സുസ്ഥിര സുഗന്ധവ്യഞ്ജന വിപണി ഉറപ്പാക്കാനും സുരക്ഷിതവും മേന്മയേറിയതുമായ സുഗന്ധവ്യഞ്ജനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താനും നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ ഐ ഡി എച്ച് സസ്റ്റെയിനബിള്‍ ട്രേഡ് ഇനിഷ്യെറ്റീവ് ഫൗണ്ടേഷനുമായി സ്പൈസ് കോണ്‍ഫറന്‍സില്‍ എ ഐ എസ് ഇ എഫ് ധാരണാപത്രം ഒപ്പിടും. ധാരണയുടെ ഭാഗമായി സസ്റ്റെയിനബിള്‍ സ്പൈസ് ഇനിഷ്യെറ്റീവ് ഇന്ത്യ എന്ന പ്ലാറ്റ്ഫോം രൂപീകരിക്കും.
എ ഐ എസ് ഇ എഫ് ചെയര്മാന് ഗുല്‍ഷന്‍, വൈസ് ചെയര്മാന് പ്രകാശ്, ഡബ്ല്യു എസ് ഒ ചെയര്‍മാനും സസ്റ്റെയിനബില്‍ സ്പൈസ് ഇനിഷ്യെറ്റീവ് ഇന്ത്യ പ്രൊജക്റ്റ് അംഗവുമായ ഫിലിപ്പ് കുരുവിള, കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സി.എസ് കര്‍ത്ത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: