ആവശ്യങ്ങളാണ് സൃഷ്ടിയുടെ മാതാവ് എന്നാണല്ലോ ചൊല്ല്. നമ്മുടെ ലോകം ഇത്രയും വളരുന്നതിനും മുന്നേ, ആദിമ മനുഷ്യന്, അവന്റെ സ്വാനുഭവങ്ങളിലൂടെയും പ്രായോഗിക ബുദ്ധിയിലൂടെയും കണ്ടെത്തിയ അറിവുകള്‍ ഉപയോഗിച്ചുള്ള കണ്ടുപിടുത്തങ്ങളെ പിന്നീട് ലോകം മഹത്തരമെന്ന് വിശേഷിപ്പിച്ചു. പക്ഷേ ആ കണ്ടെത്തലുകളോരോന്നും അവരെ സംബന്ധിച്ച് അന്നത്തെ ആവശ്യമായിരുന്നു. രണ്ട് ശിലകള്‍ തമ്മില്‍ കൂട്ടിയുരസിയാല്‍ അഗ്നിയുണ്ടാകുമെന്നും ചക്രത്തിന്റെ കണ്ടുപിടുത്തത്തിലൂടെ ചലനത്തിന്റെ ഗതിവേഗം കൂട്ടാമെന്നും മനസ്സിലാക്കിയതില്‍ തുടങ്ങുന്നു ശാസ്ത്രലോകത്തെ കുതിപ്പ്. കൊടുംതണുപ്പില്‍ നിന്നും രക്ഷനേടാനും പച്ചമാംസവും കിഴങ്ങുവര്‍ഗങ്ങളും വേവിച്ച്കഴിക്കാനും അഗ്നിയുടെ കണ്ടുപിടുത്തത്തിലൂടെ അവര്‍ക്ക് സാധിച്ചു. ഭക്ഷണത്തിന് രുചി കൂടുമെന്നും അവര്‍ മനസ്സിലാക്കി. ആ കാലഘട്ടത്തില്‍ നിന്നും ഇന്നത്തെ നൂതന സാങ്കേതികവിദ്യകളിലേക്കുള്ള സഞ്ചാരവഴി പരിശോധിച്ചാല്‍ കണ്ടുപിടുത്തങ്ങളുടെ ഒരു ഘോഷയാത്രതന്നെയുണ്ടാവും.
പ്രാകൃത മനുഷ്യനില്‍ നിന്നും പരിഷ്കൃത മനുഷ്യനിലേക്കുള്ള പരിവര്‍ത്തനം അവന്റെ ജീവിതഗതിയില്‍ ചില അടുക്കും ചിട്ടയും ഉണ്ടാക്കി. കുടുംബം എന്ന സങ്കല്‍പ്പം നിലവില്‍ വന്നു. ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും പ്രഥമഗണത്തില്പ്പെട്ടു. കല്ലുകള്‍ ചേര്‍ത്തുവച്ച് തീകൂട്ടി ഭക്ഷണം പാകം ചെയ്തിരുന്ന സ്ഥാനത്ത് അടുപ്പുകള്‍ വന്നു. അതില്‍ തീപിടിപ്പിക്കുന്നതിനായി അവര്‍ വിറകുകള്‍ തേടി. ഇതൊക്കെ പഴയ കഥ. എന്നാല്‍ നമ്മെ സംബന്ധിച്ച് ഇതിനൊന്നും അത്രപഴക്കവും പറയാന്‍ പറ്റില്ല.
തൊടിയില്‍ വീഴുന്ന ഉണങ്ങിയ ഓലയെടുക്കാന്‍ ഓടിയതും, ഓല ഉതിര്‍ത്തെടുത്ത് ചൂട്ടുകറ്റയാക്കിയതും, ഓലമടല് കീറി മഴകൊള്ളാതെ അടുക്കിവച്ചതും കൊതുമ്പുകള്‍ വാരിക്കൂട്ടിയതും, ചകിരിത്തൊണ്ടുകള്‍ കൂനകൂട്ടി കാത്തതും അത്രവേഗത്തില്‍ മറക്കാന്‍ പറ്റുമോ? അന്യന്റെ പറമ്പില്‍ നിന്നുപോലും ഓലമടലുമെടുത്ത് വന്നിട്ടില്ലേ. ഉണങ്ങിയ മരക്കൊമ്പുകള്‍ ഒന്നുപോലും വിടാതെ ശേഖരിച്ചുകൂട്ടിയിട്ടുമുണ്ടാകാം. വീടുകളില്‍ വിറകുകളുടെ വന്‍ശേഖരം തന്നെ ഉണ്ടായിരുന്ന കാലം ഒട്ടും അകലെയല്ല. കത്താത്ത അടുപ്പില്‍ ഊതിയൂതി കണ്ണുനീറി, പുകയേറ്റ് ചുമച്ചുചുമച്ച് അമ്മയുണ്ടാക്കിത്തന്ന ആഹാരം കഴിക്കുമ്പോള്‍ അതിനുപിന്നിലെ അമ്മയുടെ കഷ്ടപ്പാടിനെപ്പറ്റി അധികമാരും ഓര്‍ത്തിരിക്കുകയില്ല. മഴക്കാലത്ത് നനഞ്ഞ വിറക് അടുപ്പില്‍ തിരുകിക്കയറ്റി തീപിടിപ്പിക്കാന്‍ നോക്കി പരാജയപ്പെട്ട അമ്മമാരും നിരവധിയുണ്ടാകാം. വിറക് അമൂല്യവസ്തുവായിരുന്ന കാലം. ഇല്ലാത്തപ്പോള്‍ അയല്‍ വീടുകളില്‍ നിന്നും വാങ്ങിയതിന്റേയും വിലകൊടുത്ത് വാങ്ങിയ വിറകുകളുടേയും കണക്ക് വീട്ടമ്മമാര്‍ക്ക് ഇപ്പോഴും ഓര്‍മകാണും. എന്നാല്‍ ഇന്ന് ആ അവസ്ഥയ്ക്കൊക്കെ എത്രമാത്രം മാറ്റംവന്നു. അടുപ്പില്‍ നിന്നും മണ്ണെന്ന സ്റ്റൗവിലേക്കും പിന്നീട് ഗ്യാസ് സ്റ്റൗവിലേക്കും അവിടെ നിന്നും ഇന്‍ഡക്ഷന്‍ കുക്കറിലേക്കും പാചകം എത്തി നില്ക്കുന്നു.
നമ്മുടെ ജീവിതരീതിയെത്തന്നെ മാറ്റിമറിക്കാന്‍ പാചകവാതകത്തിനായി എന്നതും യാഥാര്‍ത്ഥ്യം. ഏകദേശം 20 വര്‍ഷം മുമ്പ് നാട്ടില്‍ സര്‍വസാധാരണമായി പാചകവാതകം മാറുന്നതിന് മുന്നേതന്നെ ഗ്യാസ് ഏജന്‍സികളുടെ മുന്നില്‍ പുലര്‍ച്ചെ ക്യൂ നിന്ന് ഗ്യാസ് കണക്ഷന് സ്വന്തമാക്കിയത് ഇന്ന് പലരും ഓര്‍മിക്കുന്നുണ്ടാകും. അന്നൊന്നും ഇതൊരു സംഭവമാണെന്ന് വിചാരിച്ചിട്ടുമുണ്ടാവില്ല. കാര്യം ഇതൊക്കെയാണെങ്കിലും നമ്മുടെ ഭാരതത്തില്‍ എല്ലാ വീടുകളിലും പാചക വാതക കണക്ഷന് ലഭ്യമായിട്ടില്ല. ആ ലക്ഷ്യം നിറവേറ്റുകയെന്ന ദൗത്യമാണിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ഇന്നോളം മറ്റാരും ചിന്തിക്കാത്ത വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നതും.
രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും ഈ സേവനം എത്തിക്കുക വഴി ആരോഗ്യകരമായ അടുക്കള അന്തരീക്ഷംകൂടിയാണ് ഒരുക്കിക്കൊടുക്കുന്നത്. ജനസംഖ്യയില്‍ ഏകദേശം 22 ശതമാനംപേര്‍ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് കണക്ക്. ഇവരിപ്പോഴും പാചകത്തിനായി വിറകും ചാണകവറളിയും കല്ക്കരിയുമൊക്കെയാണ് ആശ്രയിക്കുന്നത്. ഇവയുടെ പുക ശ്വസിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ മറുവശത്ത്. മുന്‍പ് കാലങ്ങളില്‍ വീടുകളില്‍ വിറകും മറ്റുമായിരുന്നല്ലോ ഉപയോഗിച്ചിരുന്നത്, അപ്പോഴില്ലാത്ത ആരോഗ്യപ്രശ്നമാണോ ഇപ്പോള്‍ എന്നൊക്കെ ചോദിച്ചേക്കാം. എന്നാലിന്ന് സ്ഥിതി മുമ്പത്തെ അവസ്ഥയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്.
സബ്സിഡി ഉപേക്ഷിക്കൂ, നമ്മില്‍ ഒരാള്‍ക്കുവേണ്ടി
സാമ്പത്തികമായി ഉന്നതിയില്‍ നില്ക്കുന്നവര് സമൂഹത്തിന് ഒന്നാകെ കിട്ടിക്കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചുവരുന്നവരാണ്. ഈ അവസ്ഥയ്ക്കും ഒരുമാറ്റം വരുത്തേണ്ടതുണ്ടെന്ന ശക്തമായ നിലപാടാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെയാണ് വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ഇവര്‍ക്ക് പാചകവാതക സബ്സിഡി നല്‍കേണ്ടതില്ല എന്ന തീരുമാനം. ഈ മാസംതന്നെ പ്രാബല്യത്തില്‍വന്നു. സബ്സിഡി അര്‍ഹരായവര്‍ക്ക് മാത്രം നല്‍കുകയെന്ന നയത്തിന്റെ ഭാഗമാണിത്.
നയം മാറുന്നു, നേട്ടം ദരിദ്രജനതയ്ക്ക്
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് രാജ്യത്ത് ക്ഷേമം കൈവരിക. അനര്‍ഹമായ ആനൂകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെ അതില്‍നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത്് നടന്നിരുന്നെങ്കിലും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പുകാരണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. സബ്സിഡി മുതലായ ആനുകൂല്യങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെ രാജ്യപുരോഗതി എത്തരത്തില്‍ കൈവരിക്കാമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ എല്ലാവീടുകളിലേക്കും പാചകവാതകം എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുന്ന കരാറിനാണ് ഖത്തറുമായി കഴിഞ്ഞ ദിവസം ഒപ്പുവച്ചത്. ഖത്തറില്‍ നിന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കരാര്‍ പ്രകാരം ഭാരതം വാങ്ങുന്ന എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) യുടെ വില പകുതിയായി കുറയ്ക്കുന്നതിനാണ് ധാരണയായിട്ടുള്ളത്. കൂടാതെ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി പ്രതിവര്‍ഷം 85 ലക്ഷം ടണ്ണായി ഉയരും. എണ്ണവില കുറഞ്ഞതോടെ എല്‍എന്‍ജിയുടെ വിലയും കുറയ്ക്കണമെന്ന് ഭാരതം നാളുകളായി ആവശ്യപ്പെട്ടുവരികയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഭാരതവും ഖത്തറും തമ്മില്‍ ഈ വിഷയത്തില്‍ നടത്തിവന്ന ചര്‍ച്ചയാണിപ്പോള്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. പകുതി വിലയ്ക്ക് എല്‍എന്‍ജി നല്കുവാന് ഖത്തര്‍ തയ്യാറാകുന്നതിലൂടെ വര്‍ഷംതോറും ഏകദേശം 4000 കോടി രൂപയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. ഈ അധികലാഭവും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് കേന്ദ്രതീരുമാനം. എല്ലാ ഭവനങ്ങളിലും എല്‍പിജി എന്ന ലക്ഷ്യം നേടിക്കൊണ്ട്് ഒരു വിപ്ലവംതന്നെ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ചുരുക്കം.
സംരക്ഷിക്കാം പ്രകൃതിയേയും
ഇന്ന് ലോകം നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്നാണ് ആഗോളതാപനം. വികസ്വര രാജ്യങ്ങളാണ് ഇതിന് പ്രധാനകാരണമെന്ന നിലപാടിലാണ് വികസിത രാജ്യങ്ങള്‍. അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും ഓസോണ്‍ പാളിയുടെ ശോഷണവുമെല്ലാം നാം ഗൗരവത്തോടെ കാണേണ്ട വിഷയങ്ങള്‍ തന്നെ. കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ പുകയടുപ്പുകളെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വാഹനപ്പെരുപ്പവും ഇതിനൊരു കാരണം തന്നെ. ദരിദ്രജനവിഭാഗങ്ങള്‍ തങ്ങളുടെ തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്നവരാണ്. അങ്ങനെവരുമ്പോള്‍ അവര്‍ ആശ്രയിക്കുന്നതും വിറകടുപ്പുകളെ ആയിരിക്കും. ഇങ്ങനെ ഭക്ഷണം പാകം ചെയ്യേണ്ടിവരുമ്പോഴുള്ള സമയനഷ്ടത്തെക്കുറിച്ച് അവര്‍ക്കും പരിതപിക്കാനുണ്ടാകും. ഇവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കണ്ടില്ല എന്ന് നടിക്കാനുമാവില്ല. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഏകദേശം 40 ലക്ഷം പേരാണ് അടുക്കളപ്പുകയേറ്റ് മരിക്കുന്നത്.
ന്യുമോണിയ, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ എന്നിവയെല്ലാം ഈ പുകയേല്ക്കുന്നവര്ക്ക് ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണത്രെ. വായു പുറത്തേക്ക് കടത്തിവിടുന്നതിനാവശ്യമായ വെന്റിലേഷനുകള്‍ ഇല്ലാത്തത്താണ് സ്ഥിതി ഇത്രത്തോളം ഗുരുതരമാക്കുന്നതത്രെ. വിറകടുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍പിജി ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഭേദം. ആഗോളതാപനം തടയുന്നതിനും ഒരുപരിധിവരെ ഇതിലൂടെ സാധിക്കും. 2018 ഓടെ ഭാരതത്തിലെ മുഴുവന്‍ വീടുകളിലും എല്‍പിജി എത്തിക്കാന്‍ കഴിഞ്ഞാല്‍ എല്ലാ അര്‍ത്ഥത്തിലും അതൊരു മഹത്തായ നേട്ടം തന്നെ.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഗൃഹാതുരത്വം എന്ന ഒന്ന് നമ്മെ വിട്ടുപോകാന്‍ ഇടയില്ല. ഇടയ്ക്കൊക്കെ കനലില്‍ ചുട്ടെടുത്ത തേങ്ങകൊണ്ടുണ്ടാക്കിയ ചമ്മന്തിയും ചുട്ടപപ്പടവും കനലില്‍ വാട്ടിയെടുത്ത കപ്പയും കാച്ചിലും ചേമ്പുമൊക്കെ കൊതിയോടെ ഓര്‍ത്തുപോയേക്കാം. അതുകൊണ്ടുതന്നെ ആ ഗൃഹാതുരത നിലനിര്‍ത്താനും വല്ലപ്പോഴുമൊക്കെ ആ രുചിതേടിപ്പോകാനും വീട്ടിലൊരു പുകയില്ലാത്ത അടുപ്പ് ഉണ്ടായിരിക്കുന്നതും നല്ലതാണ്.
കേന്ദ്രസര്‍ക്കാര്‍ ആരിലും സമ്മര്‍ദ്ദം ചെലുത്താതെതന്നെ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന കാമ്പയിനാണ് ‘സബ്സിഡി’ ഉപേക്ഷിക്കൂ എന്നത്. ഉപേക്ഷിക്കുന്ന സബ്സിഡി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ പുതിയ കണക്ഷന് എത്തിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും പാചകവാതകം എത്തിക്കുകയെന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതും. എല്‍പിജി ലഭിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 27 കോടിയെന്നാണ് കണക്ക്. ഇതില്‍ത്തന്നെ 16.5 കോടി ഉപഭോക്താക്കളാണ് സജീവമായിട്ടുള്ളത്. 2016 നെ എല്‍പിജി ഉപഭോക്താക്കളുടെ വര്‍ഷം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതും. രാജ്യത്ത് പാചകവാതകത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം സാമ്പത്തിക പുരോഗതി കൈവരിക്കുമ്പോള്‍ ജനങ്ങളുടെ വാങ്ങുവാനുള്ള ശേഷിയും വര്‍ധിക്കും.
ഇതിനോടകം 5.5 ദശലക്ഷത്തിലധികം പേര് സബ്സിഡി ഉപേക്ഷിച്ചുകഴിഞ്ഞു. സ്കൂള്‍ അധ്യാപകര്‍ മുതല്‍ ചീഫ് എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍ വരെ സബ്സിഡി ഉപേക്ഷിച്ചവരില്‍പ്പെടുന്നു. ഇതൊരിക്കലും ആരേയും നിര്ബന്ധിച്ചുചെയ്യിക്കുന്നതല്ല. രാഷ്ട്രപുനഃനിര്മാണത്തില് പങ്കാളികളാകുകയെന്ന ബോധമാണ് ഇതിനുപിന്നിലുള്ളതും. ഗിവ് ബാക് കാമ്പയിനിലൂടെ ദാരിദ്ര്യരേഖയ്ക്ക് കീഴെയുള്ള 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന് നല്‍കാനും സാധിച്ചു. എല്‍പിജി സിലിണ്ടര്‍ വാങ്ങുന്നതിന് ഓണ്‍ലൈനായി പണം അടയ്ക്കുന്നതിനുള്ള സംവിധാനവും ഈ വര്‍ഷം തന്നെ നിലവില്‍ വരും.
മോദി സര്‍ക്കാര്‍ എന്തുതീരുമാനം കൈക്കൊണ്ടാലും നല്ലതോ ചീത്തയോ എന്നുപോലും വിചിന്തനം ചെയ്യാതെ എതിര്‍പ്പിന്റെ മുറവിളിയുയര്ത്തുന്നവരാണ് രാഷ്ട്രീയലാഭം മാത്രം നോക്കുന്നവര്‍.
10 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സബ്സിഡി നല്‍കേണ്ടതില്ലെന്ന തീരുമാനം വന്നപ്പോള്‍ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം വന്നപ്പോഴും വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനകളുമായി പതിവുപോലെ ചിലര്‍ രംഗത്തെത്തിയിരുന്നു. വിപണി നിരക്കില്‍ പാചക വാതകം വാങ്ങാന്‍ ശേഷിയുള്ളവര്‍ സബ്സിഡി ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ഈ ഇനത്തില്‍ 100 കോടി സമാഹരിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയിരുന്നു.
2014-15 ലെ കണക്കുപ്രകാരം രാജ്യത്ത് 20.26 ലക്ഷം പേര് 10 ലക്ഷം രൂപയില്‍ അധികം വാര്‍ഷികവരുമാനം ഉള്ളവരാണ്. ഇവര്‍ക്ക് ഗ്യാസ് സബ്സിഡി ലഭിക്കേണ്ട യാതൊരുആവശ്യവുമില്ല. 2015 ഡിസംബര്‍ ആറ് വരെയുള്ള കണക്കുകള്‍ പ്രകാരം 52,58,841 പേരാണ് സബ്സിഡി ഉപേക്ഷിക്കാന്‍ തയ്യാറായിട്ടുള്ളത്. മഹാരാഷ്ട്രയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഏറ്റവും പിന്നിലാവട്ടെ നമ്മുടെ കേരളവും. കേരളത്തില്‍ 1,17,014 പേരാണ് സബ്സിഡി വേണ്ടെന്നുവച്ചത്.
അതേപോലെതന്നെ സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചപ്പോഴും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമമുണ്ടായി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സബ്സിഡി നിരക്കില്‍,14.2 കിലോഗ്രാമുള്ള 12 സിലിണ്ടറുകളാണ് ഉപഭോക്താവിന് ഒരുവര്‍ഷം ലഭിക്കുന്നത്. സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വിലയിലാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത് എന്ന വസ്തുതയെ അപ്രസക്തമാക്കിക്കൊണ്ടുള്ള സമീപനമാണ് വിമര്‍ശകര്‍ സ്വീകരിച്ചതും.സബ്സിഡിയില്ലാതെ, ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ 50 പൈസയാണ് അധികമായി നല്‍കേണ്ടിവരുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 79 രൂപയുമാണ് വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: