കൊച്ചി: ആപ്പിള്‍ ഇറക്കുമതി മുംബയ് തുറമുഖം വഴി മാത്രമേ പാടുള്ളൂവെന്ന ഫോറിന് എക്സ്പോര്‍ട്ട് ഡയറക്ടറുടെ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍ എത്തുന്നു.ചെന്നൈയിലെ മുദ്ര എക്സ്പോര്‍ട്ടേഴ്സാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മൂവാറ്റുപുഴയിലെ ഒരു എക്സ്പോര്‍ട്ടിംഗ് ഗ്രൂപ്പ് നല്കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മുംബയിലെ ഇറക്കുമതി ലോബിയേയും വേര്‍ഹൗസ് ഉടമസ്ഥരെയും സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ വിജ്ഞാപനം റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആപ്പിളിന്റെ വില ക്രമാതീതമായി വര്‍ദ്ധിക്കാനിടയാക്കുമെന്നും മുദ്ര എക്സ്പോര്‍ട്ടേഴ്സിന്റെ ഹര്‍ജിയില്‍ പറയുന്നു.
മുംബയ് തുറമുഖത്തു നിന്ന് ഒരു കണ്ടെയ്നര്‍ ആപ്പിള്‍ കേരളത്തിലെത്തിക്കുമ്പോള്‍ 2.25 ലക്ഷം രൂപയുടെ അധികച്ചെലവു വരും. ഈ തുക ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കേണ്ടി വരും. രാജ്യത്തെ ആപ്പിള്‍ ഉപഭോഗത്തിന്റെ 40 ശതമാനം മാത്രമേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്നുള്ളൂ. ഇക്കാരണത്താലാണ് ആസ്ട്രേലിയ, യു.എസ്.എ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: