.
കല്‍പ്പറ്റ : കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗോത്രശ്രീ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗോത്ര ഊരുകളില്‍ സാമ്പത്തിക സാക്ഷരതാ കാമ്പയിന് തുടങ്ങി. ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.
കുടുംബശ്രീ മുഖേന ബാങ്കുകളിലൂടെ നല്കുന്ന സാമ്പത്തിക സഹായങ്ങള്‍ , സബ്സിഡികള്‍, വായ്പകള്‍, വിശദീകരിക്കും. സമ്പാദ്യം, ബാങ്ക് അക്കൗണ്ട് ഗുണങ്ങള്‍ , സാധ്യതകള്‍, സാമ്പത്തികാസൂത്രണം, വായ്പകള്‍, തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കും. മുഴുവന്‍ ഗോത്ര കുടുംബങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കും.
കുടുംബശ്രീ അയല്‍ക്കുട്ട ഗ്രേഡിംഗ് ലിങ്കേജ്, കോര്‍പസ് ഫണ്ട് സ്ഥിര നിക്ഷേപം, മാച്ചിംഗ് ഗ്രാന്റ്, ആന്തരിക വായ്പ, പലിശ സബ്സിഡികള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, സംരംഭങ്ങള്‍ക്കും സംഘകൃഷി ഗ്രൂപുകള്‍ക്കും നല്കുന്ന സഹായങ്ങള്‍ , നിക്ഷേപം, വായ്പ തിരിച്ചടവ്, ക്രഡിറ്റ് ലിങ്കേജ് ഇന്‍ഷുറന്‍സ്, കുടുംബശ്രീയിലുടെ നല്കുന്ന വിവിധ ആനുകുല്ല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ബോധവല്‍കരിക്കും.
തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെയും സംയുക്താഭിമുഖ്യത്തില്‍ 105 ഗോത്ര ആനിമേറ്റര്‍മാര്‍ മുഖേന പുതുതായി രൂപീകരിച്ച 664 കുടുംബശ്രീ എസ്.ടി അയല്‍ക്കുട്ടങ്ങളിലൂടെ 7739 കുടുംബങ്ങളിലേക്ക് ഒന്നാം ഘട്ടത്തില്‍ സാമ്പത്തികാസൂത്രണ സന്ദേശ പ്രചാരണം നടത്തും.
ഗോത്രശ്രീയുടെ ഭാഗമായി ജില്ലയിലെ . 11 സി.ഡി.എസുകളില്‍ മുഴുവന്‍ ഗോത്ര ഊരുകളിലും അയല്‍ക്കൂട്ട രൂപീകരണം പുര്‍ത്തിയായി. 142 ഊരുകളില്‍ അയല്‍ക്കുട്ടം രൂപീകരിക്കുന്നതോടെ ഗോത്ര വിഭാഗം പൂര്‍ണമായും കുടുംബശ്രീയില്‍ കണ്ണിയാവും.
ഗോത്ര ഊരുകളില്‍ നിലവില്‍ പ്രവര്‍ത്തന മികവ് പുലര്‍ത്താതെ കിടക്കുന്ന അയല്‍ക്കുട്ടങ്ങള്‍ക്ക് രണ്ടാം ഘട്ടത്തിലും തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ ഊരുകളിലും സാമ്പത്തിക സാക്ഷരതാ കാമ്പയിന് പൂര്‍ത്തിയാക്കും.
സാമ്പത്തിക സാക്ഷരതാ കാമ്പയിന് പരിപാടിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ ആനിമേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ എം.വി.രവീന്ദ്രന് , കുടുംബശ്രീ ജില്ലാ അസി. മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ ശോഭ പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: