പോത്തന്‍കോട്: ക്രിസ്തുമസ് പുതുവല്‍സരാഘോഷവും സ്റ്റാര്ഫെസ്റ്റും നടക്കുന്നതിനിടയില്‍ പള്ളിയില്‍ ഗുണ്ടാ ആക്രമണം. പൗഡികോണത്തിനു സമീപമുള്ള പുതുകുന്ന് സിഎസ്ഐ പള്ളിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.30നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പള്ളിഭാരവാഹികളും സഭാവിശ്വാസികളുമായ എട്ടുപേര്‍ക്ക് പരുക്കേറ്റു. പള്ളിയിലും പരിസരത്തുമായി പ്രദര്‍ശിപ്പിച്ചിരുന്ന അയ്യായിരം നക്ഷത്രങ്ങളും ലൈറ്റുകളും പ്രദര്‍ശനം കഴിഞ്ഞ് മാറ്റുന്നതിനിടയിലായിരുന്നു അക്രമണം. രാത്രി 12മണിയോടുകൂടി മദ്യപിച്ച് ബൈക്കുകളിലെത്തിയ എട്ടംഗസംഘം നക്ഷത്രങ്ങളും ലൈറ്റുകളും വീണ്ടും കത്തിക്കണമെന്നാവശ്യപ്പെട്ടു. എല്ലാം അഴിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണെന്നും പവര്യൂണിറ്റ് കൊണ്ടുപോയെന്നും അതിനാല്‍ ലൈറ്റ് കത്തിക്കാന്‍ പറ്റില്ലെന്നും ഭാരവാഹികളും മറ്റുള്ളവരും പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്കുവേണ്ടി കത്തിക്കാന്‍ പറ്റില്ലേ എന്നു ചോദിച്ച് അസഭ്യം പറഞ്ഞ് സംഘം മടങ്ങി. അരമണിക്കൂറിനുശേഷം ഇരുപതോളം ബൈക്കുകളിലായി മുപ്പതോളം പേര് മാരകായുധങ്ങളുമായി മടങ്ങി എത്തുകയും അക്രമം നടത്തുകയുമായിരുന്നു. ഇതിനെ തടയാന്‍ ശ്രമിച്ച ചെമ്പഴന്തി കൊടിമൂല സജിന്നിവാസില് റെജിന്പ്രസാദ്(25),ചെമ്പഴന്തി കല്ലാട്ടുവിള നവ്യാമന്ദിരത്തില് അലക്സ് ഫ്രാന്‍സിസ് (26) ഞാണ്ടൂര്‍ക്കോണം സോണിഭവനില്‍ ഷൈന്‍ വി സണ്ണി പൗഡിക്കോണം ഞാണ്ടൂര്‍ക്കോണം സ്വദേശികളായ അജിന്,വില്‍ഫ്രഡ്, റോഷിന്,ആന്‍ഡ്രൂസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാരില്‍ ചിലര്‍ക്ക് നിസാരപരിക്കുണ്ട്. പള്ളിയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പുല്‍കൂടും അതിനുള്ളിലുണ്ടായിരുന്ന ശില്‍പ്പങ്ങളും തകര്‍ത്ത സംഘം ചെടിച്ചട്ടികള്‍ വലിച്ചെറിയുകയും ലൈറ്റുകളും മറ്റും അടിച്ചു തകര്‍ത്ത് പള്ളിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ തടഞ്ഞു ബഹളം ഉണ്ടാക്കിയതിനാല്‍ സംഘം മടങ്ങി. ആക്രമികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ തന്നെ നാട്ടുകാര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫിന് അഹമ്മദ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്കിയതിനാല് റോഡ് ഉപരോധം മാറ്റി പള്ളിയ്ക്കുമുന്നില്‍ പ്രതിഷേധം നടത്തി. പ്രതിഷേധത്തിനിടയില്‍ പ്രതികളിലൊരാള്‍ അതു വഴി ഓട്ടോയില്‍ പോകുമ്പോള്‍ പ്രതിഷേധക്കാര്‍ ആട്ടോ തടഞ്ഞ് നിര്‍ത്തി പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇത് അല്പനേരം സംഘര്‍ഷത്തിന് ഇടയാക്കി. സംഭവമറിഞ്ഞ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, സ്പീക്കര്‍ എന്‍.ശക്തന്,മന്ത്രി വി.എസ്. ശിവകുമാര്‍, രാജ്യസഭാംഗം റ്റി.എന്‍.സീമ,എം.എ വാഹീദ് എംഎല്‍എ, മേയര്‍.അഡ്വ.വി.കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖിരവികുമാര്‍, ബിഷപ്പ് ധര്‍മ്മരാജ് റെസാലം, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്, സിപിഎം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്. അനില്‍ തുടങ്ങിയവര്‍ ആക്രമണം നടന്ന പള്ളി സന്ദര്‍ശിച്ചു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: