ധനുമാസത്തില്‍ തിരുവാതിര…
ഭഗവാന് തന്റെ തിരുനാളല്ലോ…
ഭഗവതിക്കു തിരുനോല്‍മ്പാണ്…
ഉണ്ണരുത് ഉറങ്ങരുത്… ’
ധനുമാസത്തിലെ തിരുവാതിരപ്പുലരിയില് മലയാളി മങ്കമാര്‍ കുളത്തില്‍ തുടിച്ചുകുളിക്കുമ്പോള്‍ പാടിപ്പോന്ന ശീലുകളാണ് മേല്‍ പ്രസ്താവിച്ചിട്ടുള്ളത്. കൊല്ലവര്‍ഷത്തിലെ ധനുമാസത്തില്‍ ശുക്ലപക്ഷ പൗര്‍ണ്ണമിയിലോ ധനുമാസത്തില്‍ ശുക്ലപക്ഷ പൗര്‍ണ്ണമിയിലോ തൊട്ടടുത്ത ദിവസങ്ങളിലോ ആയിരിക്കും തിരുവാതിര ആഘോഷം കൊണ്ടാടുന്നത്. ഒരു കാലത്ത് ഓണവും വിഷുവും പോലെ മലയാളികളുടെ ആണ്ടറുതികളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ഉത്സവമായിരുന്നു തിരുവാതിര. എന്നാല്‍ പുതുതലമുറയ്ക്കി ടയില്‍ ഈ ആണ്ടറുതി അന്ന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്നു.
കേരളത്തില്‍ മലയാളി കുടുംബങ്ങളിലെ ഭര്ത്യമതികളും ബാലികമാരും കുടുംബിനികളും സന്തോഷപുര്‍വം പങ്കെടു ക്കുന്ന മലയാളത്തനിമ മാത്രം കാണാവുന്ന ഒരു ഗ്രാമീണോത്സവമാണ് തിരുവാതിര. ആര്‍ദ്ര എന്ന സംസ്കൃത നാമത്തിന്റെ തദ്ഭവമാണ് ആതിര (തിരു+ആതിര=തിരുവാതിര) തിരുവാതിര വ്രതത്തിന് ആര്ദ്രാവ്രതമെന്നും തിരുവാതിര ഉറക്ക മൊഴിക്കലിന് ആര്ദ്രാജാഗരണമെന്നും ഉറക്കമൊഴിച്ച പിറ്റേദിവസത്തെ ശിവദര്‍ശനത്തിനു ആര്ദ്രാദര്ശനമെന്നും പറയുന്നു.
തമിഴ് സാഹിത്യകൃതികളിലും പുരാലിഖിതങ്ങളിലും കാണുന്ന പരാമര്‍ശമനുസരിച്ച് ചുരുങ്ങിയത് ആയിരത്തി അ ഞ്ഞൂറ് വര്‍ഷത്തെ പഴക്കമെങ്കിലും അവിടുത്തെ തിരുവാതിര ആഘോഷത്തിനുണ്ടെന്നു മനസ്സിലാക്കാം. അക്കാലത്തെ ഭക്തികാവ്യങ്ങളില്‍ ശിവനെ സ്തുതിക്കുന്ന അനേകം പേരുകളില്‍ പ്രമുഖ നാമമാണ് ആതിരൈയന് എന്ന്. തിരു ആതിരൈയില് നിന്നാകാം പ്രസ്തുത പേര് സിദ്ധിച്ചത്. ബാലഗോപാലനെ ഭര്‍ത്താവായി ലഭിക്കാന്‍വേണ്ടി ഗോപസ്ത്രീകള്‍ കാര്‍ത്ത്യായനീ പൂജ നടത്തിയ ദിവസവും തിരുവാതിര നാളിലാണെന്നു വിശ്വസിക്കപ്പെടുന്നു. കുമാരസംഭവത്തിന് മുമ്പ് കാമദേവന് ദഹിച്ചപ്പോള്‍ വിലാപം തുടങ്ങിയ രതീദേവിക്ക് ഭര്‍തൃസമാഗമം അചിരേണ ഉണ്ടാകട്ടെ എന്നു ശ്രീപാര്‍വ്വതി വരം കൊടുത്തതും തിരുവാതിര നാളിലാണെന്നു കരുതപ്പെടുന്നു. തിരുവാതിരയെക്കുറിച്ച് ഇനിയും ഇനിയും വിശ്വാസപ്രമാണങ്ങള്‍ ധാരാളം. ശിവപാര്‍വ്വതിമാരുടെ വിവാഹദിനം, കാളകൂടം സേവിച്ച ശിവന്റെ വിഷദോഷമകറ്റാനായി ശ്രീപാര്‍വ്വതി വ്രതമെടുത്തു ഉറക്കമിളച്ച ദിവസം, പരമശിവന് കാമദേവ പുനരുജ്ജീവനത്തിനായി ശിവഭജനം നടത്തിയ ദിവസം- അങ്ങനെ പോകുന്നു ആ വിശ്വാസം.
എത്രയൊക്കെ വ്യാഖ്യാനങ്ങളും വിശ്വാസങ്ങളും ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഉമാ മഹേശ്വര പ്രീതിയെ ഉദ്ദേശിച്ചുള്ളതാണ് ആര്‍ദ്രാവ്രതം എന്നുള്ളതാണ് പരക്കെ വിശ്വസിച്ചുപോരുന്നത്. ആര്‍ദ്രാദര്‍ശനം, ആര്‍ദ്രാജാഗരണം, ആര്‍ദ്രാവ്രതം ഇവ മൂന്നും ദക്ഷിണ ഭാരതത്തിലെ ശിവഭക്തന്മാര്‍ അത്യുത്സാഹത്തോടെ ആചരിച്ചുപോരുന്നു. വൈഷ്ണവര്‍ക്ക് തിരുവോണവും ശൈവര്‍ക്ക് തിരുവാതിരയും തുല്യപ്രാധാന്യമുള്ളതുതന്നെ. മുഖ്യപ്രതിഷ്ഠ ശിവലിംഗവും നടരാജനും ഉള്ള ലോകത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ആര്‍ദ്രാദര്‍ശനം ആഘോഷപൂര്‍വം നടക്കാറുണ്ട്. തമിഴ്നാട്ടില്‍ കന്യകമാര്‍ തിരുവാതിരനാളില്‍ പകല്‍സമയത്ത് സൂര്യോദയത്തോടെ ഉപവസിക്കുകയും ചന്ദ്രോദയാനന്തരം ഉപവാസം അവസാനിപ്പിക്കുകയും ചെയ്യുന്നു. തിരുവാതിര നാളിന് തൊട്ടുമുമ്പുള്ള ഒമ്പതു ദിവസവും ഇങ്ങനെ ഉപവാസം തുടരുകയും തിരുവാതിര നാളില്‍ ചന്ദ്രോദയത്തോടെ ഉപവാസം സമാപിക്കുകയും ചെയ്യുകവഴി പത്തുദിവസം തമിഴ് മങ്കമാര്‍ പകലുപവാസം അനുഷ്ഠിക്കുന്നു. അരി, ശര്‍ക്കര, ചെറുപയര്‍ പരിപ്പ്, നെയ്യ്, നാളികേരം, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്തുണ്ടാക്കിയ തിരുവാതിരൈ ഏളുകറിക്കൂട്ട് തയ്യാറാക്കി കഴിക്കുന്നു. തിരുവാതിര നാളിലെ പൗര്‍ണ്ണമിയുടെ തലേന്നാള്‍ രാത്രി നവരത്നങ്ങളെക്കൊണ്ട് ചിദംബരത്തെ നടരാജ വിഗ്രഹത്തില്‍ തീര്‍ത്ഥാഭിഷേകം നടത്തുന്ന പതിവും ഉണ്ട്. ലോകത്തിലെ ആര്‍ഭാടപൂര്‍ണ്ണമായ ആര്‍ദ്രാദര്‍ശനം ചിദംബരത്തെ നടരാജക്ഷേത്രത്തില്‍ തന്നെയെന്നതിന്ന് തര്‍ക്കമില്ല.
ധനുമാസത്തിലെ ശുക്ലപക്ഷ പൗര്‍ണ്ണമി നാളിലാണ് കേരളീയര്‍ തിരുവാതിര ആഘോഷിക്കുന്നത്. പരമശിവന്റെ ജന്മനാളെന്നു കരുതുന്നതുപോലെത്തന്നെ മറ്റൊരു വിശ്വാസമാണ് ശ്രീപാര്‍വ്വതി തന്റെ ദീര്‍ഘനാളത്തെ കഠിന വ്രതാനന്തരം പരമശിവനെ കണ്ടുമുട്ടിയെന്നും പാര്‍വ്വതിയില്‍ പ്രസാദിച്ച ശിവന് തന്റെ സഹധര്മ്മചാരിണിയാക്കിയെന്നുള്ളതും. തരുണിമാരുടെ ഉത്സവമായിട്ടാണ് തിരുവാതിര മുഖ്യമായും കേരളത്തില്‍ ആചരിച്ചിരുന്നത്. കന്യകമാര്‍ അനുഗുണനായ ഭര്ത്ത്യപ്രാപ്തിക്കു വേണ്ടിയും സുമംഗലികള്‍ ഭര്‍ത്തൃസൗഖ്യത്തിനും നെടുമംഗല്യത്തിനും വേണ്ടിയും കുടുംബിനികള്‍ കുടുംബൈശ്വര്യത്തിനും വേണ്ടിയും തിരുവാതിര വ്രതം ശിവഭക്തി പുരസ്സരം അനുഷ്ഠിച്ചുപോന്നു. നവവധുവിന്റെ ആദ്യത്തെ തിരുവാതിരയെ പുത്തന്‍ തിരുവാതിരയെന്നും ഋതുമതിയുടെ ആദ്യത്തെ തിരുവാതിരയെ പൂതിരുവാതിരയെന്നും കേരളീയര്‍ വിശേഷിപ്പിക്കുന്നു. പുത്തന്‍ തിരുവാതിരയ്ക്ക് ബന്ധുക്കളെയും അയല്‍ക്കാരെയും ക്ഷണിക്കുന്ന പതിവും ഉണ്ട്. മഹിളമാര്‍ എല്ലാവരും ഒത്തുചേര്‍ന്ന് അടുത്തുള്ള കുളത്തില്‍ സൂര്യോദയത്തിനു കുളിക്കുന്നതിനു മുമ്പായി നടത്തുന്ന ഒരു ചടങ്ങാണ് തുടിച്ചുകുളി. തിരുവാതിര നാളിന് ഒരാഴ്ച മുമ്പു തന്നെ തുടിച്ചുകുളി ആരംഭിച്ച് പ്രാതസ്നാനം ബുദ്ധിവിശേഷം മഹൗഷധം എന്ന ചൊല്ല് അര്‍ത്ഥവത്താക്കുന്നു.
തുടിച്ചുകുളി യുടെ ശാസ്ത്രീയ വശം ചിന്തിക്കുമ്പോള്‍ തിരുവാതിര ആഘോഷത്തിന്റെ വിവിധ ചടങ്ങുകളെല്ലാം തന്നെ സ്ത്രീകളുടെ ആരോഗ്യ പരിരക്ഷയിലധിഷ്ഠിതമാക്കി രൂപപ്പെടുത്തിയതായിരിക്കാം എന്നു തോന്നും. ഉഷ്ണസംബന്ധികളായ രോഗം പിടിപെടാനുള്ള സാധ്യത സ്ത്രീകളില്‍ വളരെ കൂടുതലായിട്ടാണ് വൈദ്യശാസ്ത്രം വീക്ഷിക്കുന്നത്. വെളുപ്പാന്‍കാലത്ത് തുടിച്ചുകുളിക്കുന്നത് ഗര്‍ഭാശയം സ്ഥിതിചെയ്യുന്ന ശരീരഭാഗം പരമാവധി തണുപ്പിക്കാന്‍ സഹായിക്കുന്നു.
തുടിച്ചുകുളി കഴിഞ്ഞാല്‍ എല്ലാവരുംകൂടി അരയ്ക്കു വെള്ളത്തില്‍ വട്ടത്തില്‍നിന്നു കൈ രണ്ടും ചേര്‍ത്തു വെള്ളം പതിപ്പിച്ച് കളിക്കുന്നു. ഇത് പൊലിയ്ക്കല് എന്നറിയപ്പെടുന്നു, പിന്നീട് കുളിച്ചുകയറി കുളക്കടവില്‍ ഇരുന്നുതന്നെ പച്ചമഞ്ഞള്‍, ആവണക്കിന് കുരു എന്നിവ കൂട്ടി അരച്ചു നെറ്റിയിലും കഴുത്തിലും മാറത്തും രണ്ടുകൈകളിലും പുറത്തും മൂന്നുപ്രാവശ്യം തൊടുന്നു. ഈ തൊടീല് കഴിഞ്ഞു മൂന്നു പ്രാവശ്യം വീണ്ടും തുടിച്ചുകുളിച്ചാല് സുഖിച്ചു മരിക്കാമെന്നൊരു ചൊല്ല് മലയാളി മങ്കമാര്‍ക്കിടയില്‍ ഇന്നും നിലവിലുണ്ട്.
തിരുവാതിര തുടിച്ചുകുളി തുടങ്ങിയാല്‍ പുണര്‍തം വരെ അലക്കിയ വസ്ത്രം ഉടുക്കണം. പുത്തന്‍ തിരുവാതിരക്ക് നാലുമുണ്ട് കൂട്ടിയതുടുക്കണം. മകയിരം, തിരുവാതിര നാളുകളില്‍ കോടി അലക്കിയ ഇണമുണ്ടുതന്നെ ഉടുക്കണമെന്നാണ് നിഷ്കര്‍ഷ. പെണ്‍കിടാങ്ങള്‍ക്കും കോടി അലക്കിയ ഇണമുണ്ട് ആകാം.
ഉറക്കമൊഴിയലും പാതിരാ പൂ ചൂടലും തിരുവാതിര ആഘോഷത്തിന്റെ അവിഭാജ്യഘടകമാണ്. അര്‍ദ്ധരാത്രിയില്‍ തിരുവാതിര നക്ഷത്രം ഉള്‍ക്കൊള്ളുന്ന ദിവസമാണ് ഈ രണ്ടനുഷ്ഠാനങ്ങളും നടത്തുന്നത്. വീട്ടിലെ സുമംഗലികള്‍,എല്ലാവരും നിര്‍ബന്ധമായും പങ്കുകൊള്ളണം. കൂട്ടത്തില്‍ കുട്ടികള്‍ക്കും പുറമെ വരുന്നുവര്‍ക്കും ചേരാം. അഷ്ടമംഗല്യം, വിളക്ക്, താലം എന്നിവയെല്ലാം എടുത്ത് വായ്ക്കുരവയിട്ട് പാട്ടുകള്‍ പാടി ചൂടാനുള്ള പൂ കൊണ്ടുവരണം.
ചൂടാനാവശ്യമായ അടയ്ക്കാ മണിയന്പൂ, ചുവന്ന കൊടുവേലി പൂ എന്നിവ പുറത്തു പടിക്കലായി നേരത്തെ തന്നെ ശേഖരിച്ചുവച്ചിരിക്കും. ഇവയാണ് കൊണ്ടുവരേണ്ടത്. കൊണ്ടുവന്ന പൂ, ചാണകം മെഴുകിയ സ്ഥലത്ത് പത്മമിട്ടിടത്ത് അമ്മിക്കുഴ വെച്ച് നിറദീപത്തിന്റെ മുമ്പില്‍ പ്രദക്ഷിണം വെച്ച് അതിന്റെ സമീപം വെയ്ക്കുന്നു. പൂവ് നാക്കിലയില്‍ കിഴക്കോട്ട് തുമ്പായി വെയ്ക്കണം. കിഴക്കോട്ടിരുന്നു വേണം പൂ ചൂടാന്‍. ആദ്യം പെണ്‍കിടാങ്ങളാണ് പൂ ചൂടേണ്ടത്.
പെണ്‍കിടാങ്ങളുടെ പൂ ചൂടല്‍ കഴിഞ്ഞാല്‍ തിരുവാതിരക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ചൂടണം. ചോറൂണു കഴിഞ്ഞ കുട്ടികളേയും പൂ ചൂടിക്കും. കണ്ണെഴുതി ചന്ദനക്കുറിയിട്ടു കഴിഞ്ഞാല്‍ വിളക്കത്ത് ഗണപതിയും അമ്മിക്കുഴമേല് ശിവപാര്‍വ്വതിമാര്‍ എന്ന സങ്കല്പത്തില് അവിടെ പൂ ചാര്‍ത്തുന്നു. ഒടുവില്‍ പ്രദക്ഷിണം വെച്ചു നമസ്കരിക്കുന്നതുവരെ വാല്‍ക്കണ്ണാടി കൈയില്‍ വേണം. അടയ്ക്കാ മണിയന്, ആനച്ചുവടി, കൊന്തയില, എരുക്കില, ദശപുഷ്പം എന്നിവ ചേര്‍ന്ന പുഷ്പസഞ്ചയത്തെയാണ് പാതിരാപൂക്കള്‍ എന്നു വിളിച്ചുവരുന്നത്. ശ്രീ പാര്‍വ്വതി ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ കൊടുവേലിപ്പൂചൂടി ശിവാരാധാന നടത്തിയിരുന്നുവെന്ന വിശ്വാസമാണ് പാതിരാപൂചൂടലെന്ന അനുഷ്ഠാനത്തിനു പിന്നില്‍.
തിരുവാതിര ആഘോഷത്തിനു അനിവാര്യമായ മറ്റൊരു ചടങ്ങാണ് എട്ടങ്ങാടി നിവേദ്യം. ചേന, ചേമ്പ്, മൂന്നുതരം കിഴങ്ങ്, കാച്ചില്, കൂര്‍ക്ക, നേന്ത്രക്കായ എന്നിവയാണ് ഈ എട്ടുകൂട്ടങ്ങള്‍. ഇവയെല്ലാം ചുട്ട് നന്നാക്കിയെടുത്ത് എള്ള്, പയര്‍, മുതിര എന്നിവ നെയ്യില്‍ വറുത്ത് ചുട്ടെടുത്ത സാധനങ്ങളും കൂട്ടിയിളക്കി കുറച്ച് നാളികേരവും ചിരകിയിട്ട് ശര്‍ക്കരപ്പാവു കാച്ചി അതിലിട്ട് ഇളക്കിച്ചേര്‍ക്കുന്നു. ഈ നിവേദ്യം നിറദീപം കൊളുത്തിവെച്ച് കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഗണപതി, ശിവന്, പാര്‍വ്വതി എന്നിവര്‍ക്ക് നേദിക്കുന്നു. നേദിക്കുവാന്‍ കൂവ നുറുക്കിയുതം പാകം ചെയ്തതും വേണം. ഇളനീരും ചെറുപഴവുമാണ് മറ്റ് നിവേദ്യ സാധനങ്ങള്‍.
സന്ധ്യക്കു മകയിരം നാളുള്ളപ്പോഴാണ് നിവേദ്യം അര്‍പ്പിക്കുന്നത്. പുത്തന്‍ നിവേദ്യക്കാര് ആദ്യം നിവേദിക്കണം. ഇവ കൂടാതെ വെറ്റിലയും നേദിക്കപ്പെടുന്നു. അതിനുശേഷം സുമംഗലികള്‍ വെറ്റിലമുറുക്കും. പ്രതീകാത്മകമായി മൂന്നും കൂട്ടിമുറുക്കിയശേഷം ബാക്കി വെറ്റില തിരുവാതിര കഴിയുന്നതിനു മുമ്പ് എപ്പോഴെങ്കിലും മുറുക്കിത്തീര്ത്താല് മതി. എട്ടങ്ങാടി നേദ്യം കഴിഞ്ഞാല്‍ സുമംഗലികള്‍ എല്ലാവരും ചേര്‍ന്ന് ഗണപതി, സരസ്വതി, സ്വയംവരങ്ങള്‍ പാടി വട്ടത്തില്‍ നിന്ന് തിരുവാതിര കളിക്കുന്നു. എട്ടങ്ങാടി എല്ലാവരും കഴിക്കുന്നു.
വ്രതമെടുക്കുന്നവര്‍ അരിഭക്ഷണം ഉപേക്ഷിക്കുന്നു. ചാമ, ഗോതമ്പ് ഇവ കൊണ്ടുണ്ടാക്കിയ ചോറുകഴിക്കാം. ഭക്ഷണത്തിന്റെ പ്രധാന വിഭവങ്ങളിലൊന്നായ തിരുവാതിരപ്പുഴുക്ക് കൂട്ടിയാണ് വ്രതക്കാര്‍ ഭക്ഷണം കഴിക്കുന്നത്. ചേമ്പ്, ചേന, കാവുത്ത്, കൂര്‍ക്ക, മധുരക്കിഴങ്ങ്, വന്‍പയര്‍, നേന്ത്രക്കായ എന്നിവ അരച്ച നാളികേരവും ചേര്‍ത്തുണ്ടാക്കുന്നതാണ് തിരുവാതിരപ്പുഴുക്ക്. ശരക്കരയും നാളികേരപ്പാലും ചേര്‍ത്തുണ്ടാക്കുന്ന കൂവപ്പായസവും തിരുവാതിര ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകം തന്നെ.
വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന പണ്ടത്തെ തരുണിമാര്ക്ക് കളിച്ചുല്ലസിക്കാനും തങ്ങളുടെ കലാകായിക വൈഭവം പ്രകടിപ്പിക്കുവാനുമായി ആത്മീയതയുടെ പരിവേഷം നിലനിര്‍ത്തികൊണ്ടുള്ള അവസരമാണ് ആര്ദ്രാവ്രതത്തിലൂടെ സാധ്യമാകുന്നത്. കുടുംബാംഗങ്ങളുടെ ഒത്തുചേരലിലൂടെ ആഘോഷിക്കുന്ന തിരുവാതിര കേരളീയ വനിതകളുടെ മാനസികോല്ലാസത്തിനും വ്യക്തിത്വത്തിനും മുതല്‍ക്കൂട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: