നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം സമ്പന്നമായ ഭൂതകാലത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായിരുന്നു. പതിനായിരങ്ങളെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമുഖത്തേക്ക് ആവാഹിച്ച ശക്തി. ജവഹര്‍ലാല്‍ നെഹ്രു എന്ന രാഷ്ട്രതന്ത്രജ്ഞന്റെ തൂലിക ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം നയിച്ചത് നാഷണല്‍ ഹെറാള്‍ഡിലൂടെ ആയിരുന്നു. എന്നാല്‍ ശതകോടികളുടെ ആസ്തികള്‍ നെഹ്രുവിന്റെ പിന്മുറക്കാര് അടിച്ചുമാറ്റിയതിന്റെ പേരിലാണ് നാഷണല്‍ ഹെറാള്‍ഡ് എന്ന പേര് പുതുതലമുറ വീണ്ടും കേള്‍ക്കുന്നത്. ശതകങ്ങള്‍ക്കിപ്പുറം എന്തിനെയും സ്വന്തമാക്കാനുള്ള അടങ്ങാത്ത ത്വര മാത്രമുള്ള ഒരു രാഷ്ട്രീയ സംസ്ക്കാരം മാത്രമായി സ്വാതന്ത്ര്യസമര പ്രസ്ഥാനം മാറിയതിന്റെ അനന്തരഫലമാണിത്.
അയ്യായിരം കോടി രൂപയോളം ആസ്തിയുള്ള നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തെ നെഹ്രുവിന്റെ പിന്മുറക്കാര് കൂടിയായ ഇന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയും ഉപാധ്യക്ഷനും സ്വന്തം പേരിലാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളോളം പത്രത്തില്‍ ജോലി ചെയ്ത ജീവനക്കാര്‍ക്ക് ഒന്നും കൊടുക്കാതെ, ആസ്തികള്‍ തട്ടിയെടുത്ത് പത്രം പൂട്ടിയ കോണ്‍ഗ്രസ് നേതൃത്വം സ്വന്തമായി രൂപീകരിച്ച യങ് ഇന്ത്യ എന്ന കടലാസു കമ്പനിയുടെ പേരിലേക്ക് ഇവയെല്ലാം മാറ്റി. ഇതിനെതിരെ കോടതിയില്‍ കേസ് പോയതോടെ ഡിസംബര്‍ 19ന് സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും വിചാരണക്കോടതിയില്‍ ഹാജരാകേണ്ടിയും വന്നു. സ്വാതന്ത്ര്യസമരത്തിനായി തീപാറുന്ന ലേഖനങ്ങള്‍ അച്ചടിച്ചു പുറത്തിറക്കിയ ഒരു പത്രത്തിന്റെ ആസ്തികള്‍ തട്ടിയെടുത്ത അഭിനവ ഗാന്ധിമാര്‍ സ്വാതന്ത്ര്യസമര സേനാനികളെപ്പോലെ അനുയായികളുമായി കോടതിയിലേക്ക് മാര്‍ച്ച് ചെയ്യുന്നതും സ്വതന്ത്രഭാരതം കണ്ടു.
നാഷണല്‍ ഹെറാള്‍ഡിന്റെ ആവിര്‍ഭാവം
1938ല്‍ കോണ്‍ഗ്രസ് നേതാവും സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ചതാണ് നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം. 1938 ഫെബ്രുവരിയില്‍ ഗുജറാത്തിലെ ഹരിപുരയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ സര്‍ദ്ദാര്‍ പട്ടേലിന്റെ പിന്തുണയോടെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലെത്തി. നെഹ്രുവിന്റെയും നേതാജിയുടേയും ശക്തമായ രണ്ട് വിഭാഗങ്ങളായി കോണ്‍ഗ്രസ് നേതൃത്വം വിഭജിക്കപ്പെട്ട കാലം. ഗാന്ധിജിയാകട്ടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും അകലംപാലിച്ചു തുടങ്ങിയ സമയവും.
1938 രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം കൂടിയാണ്. ”ബ്രിട്ടന്റെ അനര്‍ത്ഥം ഭാരതത്തിന്റെ അവസരം” എന്ന മുദ്രാവാക്യം ഹരിപുര സമ്മേളനത്തില്‍ ഉയര്‍ത്തിയ നേതാജി പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനായി. ഈയവസരത്തിലാണ് സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ജനങ്ങളിലെത്തിക്കാന്‍ സ്വന്തം പത്രമെന്ന ആശയം ജവഹര്‍ലാല്‍ നെഹ്രുവില്‍ ഉയര്‍ന്നുവന്നത്. സ്വാതന്ത്ര്യം ആപത്തിലാണ്, നിങ്ങളുടെ എല്ലാ ശേഷിയുമുപയോഗിച്ച് എതിര്‍ക്കൂ എന്ന വാചകങ്ങളോടെയായിരുന്നു പത്രം പുറത്തിറങ്ങിയിരുന്നത്. മുഖപ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആദ്യകാലങ്ങളില്‍ നെഹ്രു തന്നെയാണ് പത്രത്തിന്റെ നയം ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ വീണ്ടും ശക്തനായതോടെ പത്രത്തെ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിനായി അദ്ദേഹം ഉപയോഗിച്ചു.
നൂറു രൂപ വീതമുള്ള പ്രിഫറന്‍ഷ്യല്‍ ഷെയറുകള്‍ രണ്ടായിരം പേര്‍ക്ക് നല്കി സമാഹരിച്ച അഞ്ചു ലക്ഷം രൂപയും മുപ്പതിനായിരം ഇക്വിറ്റി ഷെയറുകളിലൂടെ സമാഹരിച്ച 10 ലക്ഷം രൂപയും മൂലധനമായി സമാഹരിച്ചുകൊണ്ടാണ് അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡ് എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം ആരംഭിച്ചത്. നഗരമധ്യത്തിലെ ബഹാദൂര്‍ ഷാ സഫര്മാര്ഗ്ഗിലും രാജ്യത്തിന്റെ മറ്റിടങ്ങളിലുമായി പത്രം ആസ്തികളുമുണ്ടാക്കി. പുരുഷോത്തം ദാസ് ഠണ്ടന്, ആചാര്യ നരേന്ദ്ര ദേവ്, കൈലാസ് നാഥ് കട്ജു (മുന്‍ സുപ്രീംകോടതി ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജുവിന്റെ മുത്തച്ഛന്), ജി.ബി. പന്ത് തുടങ്ങിയ പ്രമുഖരായിരുന്നു അക്കാലത്ത് അസോസിയേറ്റ് ജേര്‍ണലിന്റെ തലപ്പത്ത്. അവസാനസമയമാകുമ്പോഴേക്കും കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറയാണ് ചെയര്മാന് സ്ഥാനത്തെത്തിയത്. നഷ്ടത്തിലായ കമ്പനിയെ യങ് ഇന്ത്യയെന്ന കടലാസു കമ്പനിക്ക് കൈമാറുമ്പോള്‍ യങ് ഇന്ത്യയുടെ തലപ്പത്തും മോത്തിലാല്‍ വോറ എത്തിപ്പെട്ടു. യങ് ഇന്ത്യയുടെ 36 ശതമാനം ഷെയറുകള്‍ വീതം സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും എടുത്തപ്പോള്‍ ദേശീയ നേതാക്കളായ ഓസ്ക്കാര്‍ ഫെര്‍ണ്ണാണ്ടസ്, മോത്തിലാല്‍ വോറ, സാം പിട്രോഡ, സുമന് ദുബേ എന്നിവര്‍ക്കും കമ്പനിയില്‍ ഡയറക്ടര്‍ പദവികള്‍ ലഭിച്ചു.
നാഷണല്‍ ഹെറാള്‍ഡിന് പുറമേ അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡ് നവജീവന്‍ എന്ന ഹിന്ദി പത്രവും ഖ്വാമി അവാസ് എന്ന ഉറുദു പത്രവും പ്രസിദ്ധീകരിച്ചിരുന്നു. ദല്‍ഹി, ലഖ്നൗ, ഭോപ്പാല്‍, മുംബൈ, ഇന്‍ഡോര്‍, പാട്ന, പഞ്ജ്കുല എന്നിവിടങ്ങളില്‍ എഡിഷനുകളും സ്വന്തം കെട്ടിടങ്ങളും പത്രത്തിനുണ്ടായി. ഏകദേശം അയ്യായിരം കോടി രൂപയുടെ ആസ്തികളാണ് ഇപ്പോള്‍ യങ് ഇന്ത്യയുടെ കൈവശമെത്തിയിരിക്കുന്നത്. ദല്‍ഹിയിലെ ആറു നിലകളിലുള്ള പതിനായിരം ചതുരശ്ര അടിയിലുള്ള ഹെറാള്‍ഡ് ഹൗസ് അടക്കം എല്ലാം യങ് ഇന്ത്യയുടെ കൈകളിലാണ്. ഇവിടെ നിന്നുള്ള വാടക ഇനത്തിലെ മാസ വരുമാനം മാത്രം 60ലക്ഷത്തിലേറെ വരും. സ്വന്തം ആസ്തികളിലേതെങ്കിലും ബാങ്കില്‍ ഈടുനല്‍കിയാല്‍ 70 വര്‍ഷം പ്രവര്‍ത്തിച്ചതു മൂലമുള്ള 90 കോടി രൂപയുടെ കടം വീട്ടാമെന്നിരിക്കെ പത്രത്തിന്റെ പ്രസിദ്ധീകരണംതന്നെ അവസാനിപ്പിച്ച നടപടി സംശയകരമെന്നാണ് ഹൈക്കോടതി പരാമര്‍ശിച്ചത്.
ചലപതി റാവുവിന്റെ സ്വന്തം പത്രം
നാഷണല്‍ ഹെറാള്‍ഡിന്റെ ആദ്യ എഡിറ്റര്‍ കെ. രാമറാവു ആയിരുന്നു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് 1942-45 കാലത്ത് പത്രം അടച്ചു പൂട്ടേണ്ടിവന്നു. തുടര്‍ന്ന് 1946ല്‍ എം. ചലപതി റാവു എഡിറ്ററായി എത്തിയതോടെ പത്രം വീണ്ടും സജീവമായി. ഇക്കാലയളവില്‍ ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവും എംപിയുമായിരുന്ന ഫിറോസ് ഗണ്ഡി പത്രത്തിന്റെ എംഡി സ്ഥാനത്തുമെത്തി. തുടര്‍ന്നുള്ള 30 വര്‍ഷക്കാലം നാഷണല്‍ ഹെറാള്‍ഡിന്റെ സുവര്‍ണ്ണകാലമായിരുന്നു.
എല്ലാ അര്‍ത്ഥത്തിലും എഡിറ്ററുടെ പത്രമായി അറിയപ്പെട്ടിരുന്ന നാഷണല്‍ ഹെറാള്‍ഡില്‍ പലപ്പോഴും നെഹ്രുവിനെതിരായ വിമര്‍ശനങ്ങള്‍ പോലും വന്നു. എങ്കിലും നെഹ്രുവും ചലപതിറാവുവും തമ്മിലുള്ള ബന്ധത്തെ ഒരിക്കലും അതു ബാധിച്ചില്ല. തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ കാലത്തും കാര്യങ്ങള്‍ അതുപോലെ തന്നെ ആയിരുന്നെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ശേഷം ചലപതിറാവുവിന് പത്രാധിപ സ്ഥാനം വിട്ടൊഴിയേണ്ടിവന്നു. സ്വതന്ത്ര ഭാരതം കണ്ട മഹാനായ പത്രാധിപര്‍ തെക്കന്‍ ദല്‍ഹിയിലെ വഴിയോരത്തെ ചായക്കടയില്‍ ആരാരും തിരിച്ചറിയാനാവാതെ മരിച്ചുകിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്ദിരയില്‍ നിന്നും മക്കളിലേക്കുള്ള പാതയിലായിരുന്നു.
പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ച വ്യക്തിയുടെ അന്ത്യ നിമിഷങ്ങള്‍ ഏറെ പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ പത്രത്തിനും തുടര്‍ന്നുള്ള കാലം അത്തരം പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. ഒടുവില്‍ 2008ഓടു കൂടി പ്രസിദ്ധീകരണം പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് അസോസിയേറ്റ് ജേര്‍ണല്‍ പ്രഖ്യാപിച്ചു. യുപിഎ സര്‍ക്കാര്‍ ഭരണത്തിലുള്ള കാലത്ത് നിസാരമായി പത്രത്തെ മുന്നോട്ടു കൊണ്ടുപോകാമെന്നിരിക്കെ പത്രം പ്രസിദ്ധീകരണം നിര്‍ത്തിയത് വലിയ റിയല്‍ എസ്റ്റേറ്റ് കച്ചവടം ലക്ഷ്യമിട്ടായിരുന്നെന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.
ആസ്തി കൈമാറ്റക്കേസ്
1999ല്‍ രാജീവ് ഗാന്ധിയുടെ സുഹൃത്തായ ഹോട്ടല്‍ വ്യവസായി ലളിത് സൂരി നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതു തടഞ്ഞ സോണിയാഗാന്ധി പിന്നീട് മറ്റൊരു കമ്പനി രൂപീകരിച്ച് പത്രത്തിന്റെ ആസ്തികള്‍ സ്വന്തം പേരിലാക്കിയെന്നാണ് കേസ്. 2008ല്‍ പ്രസിദ്ധീകരണം നിര്‍ത്തിയ അസോസിയേറ്റഡ് ജേര്‍ണലിന് 2009ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി രൂപ പലിശഹരിത വായ്പ കൊടുത്തു. പാര്‍ട്ടിയാവശ്യത്തിന് സമാഹരിക്കുന്ന നികുതിയിളവ് ലഭിക്കുന്ന സംഭാവനയില് നിന്നാണ് ഈ തുക നല്‍കിയതെന്നാണ് കേസിലെ വാദിക്കാരനായ ഡോ. സുബ്രഹ്മണ്യന്‍സ്വാമിയുടെ പരാതി.
സാംപിട്രോഡ, സുമന് ദുബെ എന്നീ സോണിയയുടെ കുടുംബ സുഹൃത്തുക്കളെ മുന്‍നിര്‍ത്തി 2010ല്‍ രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനിയില്‍ ആദ്യം രാഹുല്‍ഗാന്ധിയും പിന്നീട് ഒരു വര്‍ഷത്തിന് ശേഷം 2011ല്‍ സോണിയാഗാന്ധിയും ഡയറക്ടര്‍മാരായി വരുന്നു. അസോസിയേറ്റഡ് ജേര്‍ണലിന്റെ 99 ശതമാനം വരുന്ന ഓഹരികള്‍ 50 ലക്ഷം രൂപ നല്കി പത്രത്തിന്റെ 90 കോടി കടം ഉള്‍പ്പെടെയാണ് യങ് ഇന്ത്യ ഏറ്റെടുത്തത്. യങ് ഇന്ത്യയ്ക്കായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പണം എടുത്ത് ഉപയോഗിച്ചു.
സുബ്രഹ്മണ്യന് സ്വാമി പറയുന്നതനുസരിച്ച് വെറും 50 ലക്ഷം രൂപയ്ക്ക് പത്രത്തിന്റെ ആസ്തികള്‍ മുഴുവനും സോണിയയുടേയും രാഹുലിന്റെയും പേരിലുള്ള കമ്പനി തട്ടിയെടുത്തു എന്ന വാദം കഴമ്പുള്ളതാകുന്നത് ഇവിടെയാണ്. ആദായനികുതി നിയമത്തിന്റെ ലംഘനമാണ് അസോസിയേറ്റഡ് ജേര്‍ണലിന് കോണ്‍ഗ്രസ് പാര്‍ട്ടി പണം കൊടുത്തതിലൂടെ നടന്നതെന്നും സ്വാമി ചൂണ്ടിക്കാട്ടി. പട്യാല ഹൗസ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പ്രതികളായ സോണിയയും രാഹുലും ഹാജരാകാതിരിക്കാന്‍ പരമാവധി ശ്രമിച്ചപ്പോഴെല്ലാം ഇത്രയും വ്യക്തമായ തെളിവുകളാണ് അവര്‍ക്കെതിരെ വിചാരണക്കോടതിയും ദല്‍ഹി ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയതും.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലുള്ള സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും സ്വന്തം പേരിലേക്ക് പാര്‍ട്ടിയുടെ സ്വത്തുകള്‍ കൈമാറ്റുകയാണെന്ന യാഥാര്‍ത്ഥ്യമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യാനന്ത ഭാരതത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഇന്ദിരയുടേയും പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിരവധി ട്രസ്റ്റുകള്‍ രൂപീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കോടി ആസ്തികളുള്ള ഈ ട്രസ്റ്റുകളെല്ലാം ഇന്ന് സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും സ്വകാര്യ സ്വത്തുക്കളായി ഉപയോഗിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധിയായ കേസുകള്‍ക്ക് തുടക്കമായിരിക്കും ഒരു പക്ഷേ നാഷണല്‍ ഹെറാള്‍ഡ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: