കാഞ്ഞങ്ങാട്: നഗരത്തിലെ കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദം കത്തിനില്‍ക്കെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെ ജനപ്രതിനിധികളും രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് എടുത്ത കൂട്ടായ തീരുമാനം അട്ടിമറിക്കപ്പെട്ട വിവരവും പുറത്തുവന്നു.
കെ.ദിവ്യ ചെയര്‍പേഴ്സണ്‍ ആയ സമയത്ത് കെ.എസ്.ടി.പി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ചെയ്യേണ്ട ജോലിയെ സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുത്തിരുന്നു. ഓവുചാല്‍ നിര്‍മ്മിച്ചതിന് ശേഷം മാത്രമേ റോഡ് നിര്‍മ്മാണം തുടങ്ങാവൂ എന്ന് തീരുമാനമുണ്ടായിരുന്നു. നിലവിലുള്ള റോഡ് ഇളക്കിമാറ്റി അടിത്തട്ട് ഉറപ്പിച്ചതിന് ശേഷം മാത്രമേ റോഡ് നിര്‍മ്മിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഓവുചാലിന് വിവിധ കേന്ദ്രങ്ങളില്‍ കട്ടിങ്ങുകളും നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
റോഡ് നിര്‍മ്മാണത്തിനായി നഗരത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നപ്പോള്‍ പ്രശ്നം സമവായത്തിലൂടെ പരിഹരിച്ചത് ഇതേ കമ്മിറ്റിയാണ്. ഒരു മരം മുറിക്കുമ്പോള്‍ പകരം രണ്ട് മരം നട്ടുപിടിപ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നതായും കമ്മറ്റി അംഗം പറഞ്ഞു.
ഇത്തരം ഒരു തീരുമാനം നിലനില്‍ക്കെ ഇതൊന്നും പാലിക്കാതെ തിരക്കിട്ട് റോഡ് പണി ആരംഭിച്ചതാണ് ആരോപണങ്ങള്‍ ഉയരാന്‍ കാരണമാക്കിയത്. വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സബ് കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മുന്‍ തീരുമാനം ആരും ചൂണ്ടാക്കാട്ടിയില്ല. ഇതോടെ റോഡ് പണിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭ അധികൃതര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഇതിനെ തടയിടാന്‍ നഗരസഭ ചെയര്മാന് വിളിച്ച യോഗത്തില്‍ പങ്കെടുത്ത രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നിലപാടും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അതേസമയം ആരോപണത്തിന് മറുപടി പറയാന്‍ കാഞ്ഞങ്ങാട്ടെ മുഴുവന്‍ പത്രപ്രതിനിധികളെയും വിളിക്കാതെ താല്പര്യമുള്ളവരെ മാത്രം വിളിച്ച് നഗരസഭ ചെയര്മാന് നടത്തിയ പത്രസമ്മേളനവും വിവാദമായിട്ടുണ്ട്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിശോധിക്കാന്‍ കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ ഇന്ന് കാഞ്ഞങ്ങാട്ടെത്തും. റോഡ് നിര്‍മ്മാണം സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: