കാസര്‍കോട്: കാസര്‍കോട് കടപ്പുറത്ത് അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച ആധുനിക മത്സ്യമാര്ക്കറ്റിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. പരമ്പരാഗത മത്സ്യതൊഴിലാളി ഫണ്ടുകളും മറ്റും തിരിമറി നടത്തിയാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. കെട്ടിട നിര്‍മ്മാണത്തിലെ അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗവും, നഗരസഭാ പ്രതിപക്ഷ നേതാവുമായ പി.രമേശ് ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് തിരക്കിട്ട് ഈ കെട്ടിടം നഗരസഭയിലെ ലീഗ് സ്വാധീനം ഉപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ തുറന്നുകൊടുത്തത്. കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി അന്നു മുതല്‍ തന്നെ മത്സ്യതൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ആവശ്യത്തിന് വായു സഞ്ചാരമോ, മലിനജലം ഒഴുകിപ്പോകാനുള്ള ഓടകളോ, വില്‍പ്പനക്കാര്‍ക്ക് ഇരിക്കാനാവശ്യമായ സൗകര്യങ്ങളോ, സ്ത്രീകളായ മത്സ്യതൊഴിലാളികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങളോ ഒരുക്കാതെയാണ് കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളതെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. കുടിവെള്ളം പോലും ഇവിടെ ലഭ്യമല്ല. മണിക്കൂറുകളോളം നിന്ന് മത്സ്യവില്‍പ്പന നടത്തേണ്ടി വരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ശാരീരികമായ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. മൊത്ത കച്ചവടക്കാരും ഇടുങ്ങിയ ഈ മുറിക്കകത്തു നിന്നുതന്നെ ലേലം വിളിക്കുന്നതിനാല്‍ അതുണ്ടാക്കുന്ന പ്രതിധ്വനിയില്‍ പലര്‍ക്കും തലവേദന ഉണ്ടാകുന്നതായി പരാതിയുണ്ട്.
കുന്നിടിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പുറകുവശം കുന്ന് ആയതിനാല്‍ ആവശ്യത്തിന് വായു സഞ്ചാരമോ, വെളിച്ചമോ മുറിക്കകത്തേക്ക് ലഭിക്കുന്നില്ല, ഇതിനാവശ്യമായ വെന്റിലേറ്റര്‍ സൗകര്യം കെട്ടിടത്തിനില്ല. 30 വര്‍ഷത്തിലധികമായി പരമ്പരാഗത മത്സ്യവില്‍പ്പന നടത്തിവരുന്ന സ്ത്രീകളായ മത്സ്യതൊഴിലാളികള്‍ക്കു പോലും വില്‍പ്പനക്കാവശ്യമായ സ്ഥലം ലഭിച്ചിട്ടില്ല. മത്സ്യതൊഴിലാളികളോട് കാണിക്കുന്ന കാസര്‍കോട് നഗരസഭയുടെ കടുത്ത അവഗണനക്കെതിരെ ശക്തമായ സമരമാരംിക്കാന് കടപ്പുറത്ത് ചേര്‍ന്ന സംയുക്ത മത്സ്യതൊഴിലാളികളുടെ യോഗം തീരുമാനിച്ചു. വരും ദിവസങ്ങളില്‍ നഗരസഭയിലേക്ക് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണവര്‍. ദുരൂഹമായി മരണപ്പെട്ട കസബ കടപ്പുറത്തെ മത്സ്യതൊഴിലാളിയുടെ മകനായ സനൂപിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ട പരിഹാരം നല്കാത്തത്തില് യോഗം പ്രതിഷേധിച്ചു. കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് മത്സ്യതൊഴിലാളി യോഗം ആവശ്യപ്പെട്ടു. നഗരസഭ ബിജെപി കൗണ്‍സിലര്‍മാരായ പ്രേമ, എം.ഉമ, കെ.ജി.മനോഹരന്, മത്സ്യതൊഴിലാളികളായ മനോജ്, ഗണേഷ്, സുമ, യശോദ, സുന്ദരി ബാബു, ബേബി, വള്ളിരാഘവന്, സവിത ഗോപാലന് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: