പേട്ട: ആര്‍എസ്എസ് ബസ്തി കാര്യവാഹും ബിഎംഎസ് യൂണിറ്റ് കണ്‍വീനറുമായിരുന്ന ചന്തുവിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ സിപിഎം ഗുണ്ടകള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാംപ്രതി ചാക്ക ഐറ്റിഐ സ്വദേശി മുട്ടു പ്രസാദ് എന്ന ശിവപ്രസാദ്, മൂന്നാം പ്രതി വട്ടിയൂര്‍ക്കാവ് അരുണ്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ.
ജില്ലാ അതിവേഗ കോടതി ജഡ്ജി എസ്. സൗരേഷ് ആണ് വിധി പറഞ്ഞത്. കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നും മൂന്നും അഞ്ചും പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. അഞ്ചാം പ്രതി വിനു വിചാരണ പൂര്‍ത്തിയായ ശേഷം വിദേശത്തേയ്‌ക്ക് മുങ്ങി അതുകൊണ്ട് ഇയാളുടെ ശിക്ഷാവിധി കോടതി പുറപ്പെടുവിച്ചില്ല. രണ്ടാം പ്രതി ആര്യനാട് ശ്യാമിനെയും ആറാം പ്രതി മാമ്പഴക്കര അനിയേയും വെറുതെ വിട്ടു. നാലാം പ്രതി കവടിയാര്‍ ഷാജി ഗുണ്ടാ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഏഴാം പ്രതി സി.പി. കണ്ണന്‍ എന്ന അനില്‍കുമാര്‍ ഒളിവിലുമാണ്. ജീവപര്യന്തത്തിന് പുറമെ ഓരോ പ്രതിയും അന്‍പതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്‌ക്കണം ഇതില്‍ ഒരു ലക്ഷം രൂപ ചന്തുവിന്റെ ഭാര്യയ്‌ക്ക് നല്‍കണമെന്നും കോടതി വിധിയിലുണ്ട്.
2003 സപ്തംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 9.15ഓടെ ജീപ്പിലെത്തിയ ഗുണ്ടാസംഘം ചാക്ക കെഎസ്ഇബിക്കു സമീപുമുള്ള സുനോജ് ഹോട്ടലിന് മുന്നില്‍ വച്ച് ചുന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു. തലയില്‍ മാരകമായി വെട്ടേറ്റ ചന്തു സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. ചന്തുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ കൂടിയാണ് പ്രതികളെ കണ്ടെത്തിയത്. പന്ത്രണ്ട് വര്‍ഷം പിന്നിട്ട കേസില്‍ കഴിഞ്ഞ വര്‍ഷമാണ് വിചാരണ തുടങ്ങിയത്. പ്രധാന സാക്ഷി മനോജ് ചന്ദ്രന്‍ വിദേശത്തായിരുന്നതാണ് വിചാരണ വൈകാന്‍ കാരണമായി പറയുന്നത്. ഒന്നും മൂന്നും അഞ്ചും ഏഴും പ്രതികളുടെ കുറ്റപത്രമാണ് ആദ്യം കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ടാമതാണ് രണ്ടും നാലും ആറും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കുറ്റപത്രത്തിലുമായി മുപ്പത്തിഏഴ് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 65 രേഖകളും 26 തൊണ്ടി മുതലും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പഴവിള എം. നിസാറുദ്ദീന്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: