കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം കണക്കിലെടുത്ത് രാജിവെച്ച വിവിധ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടുമാര്‍ക്ക് പകരം പ്രസിഡണ്ടുമാരെ നിയമിച്ചപ്പോഴും പുല്ലൂര്‍ പെരിയയില്‍ പുതിയ മണ്ഡലം പ്രസിഡണ്ടിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിരവധി പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും നേതാക്കള്‍ക്കിടയിലുള്ള അനൈക്യം കാരണമാണ് തീരുമാനം വൈകുന്നത്. ഗ്രപ്പുകള്‍ തമ്മില്‍ സമവായത്തിലെത്താത്തതാണ് പ്രസിഡണ്ട് പ്രഖ്യാപനം വൈകുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നു.
മണ്ഡലം പ്രസിഡണ്ടായിരുന്ന അഡ്വ. എം.കെ.ബാബുരാജ് പുല്ലൂര്‍ പെരിയയില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. എ ഗ്രൂപ്പ് നോമിനിയായാണ് അദ്ദേഹം പ്രസിഡണ്ട് സ്ഥാനത്തെത്തിയത്. എന്നാല്‍ എ വിഭാഗത്തിലെ വലിയൊരു വിഭാഗം തന്നെ ബാബുരാജിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി കാട്ടിയിരുന്നു. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണേറ്റു വാങ്ങിയത്. ചില സാമുദായിക സംഘടനാ പ്രവര്‍ത്തനത്തിന് പ്രാമുഖ്യം നല്‍കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു. ഇത് പല കേന്ദ്രങ്ങളിലും തിരിച്ചടിക്ക് കാരണമായി. 25 വര്‍ഷത്തെ സി.പി.എം ഭരണം അവസാനിപ്പിച്ച് ഭരണം പിടിച്ചെടുക്കുന്നതിന് നേതൃത്വം വഹിച്ച ടി.രാമകൃഷ്ണനെ വീണ്ടും മണ്ഡലം പ്രസിഡണ്ടാക്കണമെന്ന് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം സി.രാജന്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വി.കണ്ണന്, സി.കെ.അരവിന്ദന് എന്നിവരുടെ പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പക്ഷെ ചര്‍ച്ചകളില്‍ ഏകരൂപം കൈവരിച്ച് ഒരു പേര് നിര്‍ദ്ദേശിക്കുവാന്‍ ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിനും സാധിക്കുന്നില്ല.
അതിനിടെ പെരിയ ടൗണ്‍ വാര്‍ഡ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന് നായരെ പ്രസിഡണ്ടാക്കണമെന്ന് പി.ഗംഗാധരന്‍നായര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടുണ്ട്. ജനാതിപത്യ രീതിയില്‍ മണ്ഡലം പ്രസിഡണ്ടുമാരെ തീരുമാനിക്കണമെന്ന കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന്റെ വ്യക്തമായ നിര്‍ദ്ദേശം ഉള്ളതിനാല്‍ ഗംഗാധരന് നായര്‍ മുന്നോട്ട് വെച്ച പേര് അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പരസ്യമായി പറഞ്ഞു കഴിഞ്ഞു. മണ്ഡലം പ്രസിഡണ്ട് സ്ഥാനം എ വിഭാഗത്തിനായതിനാല്‍ ബാലകൃഷ്ണന് സാധ്യത ഏറെയുണ്ട്. പക്ഷെ ഐ വിഭാഗം എതിര്‍പ്പുമായി രംഗത്ത് വന്നത് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ മണ്ഡലം പ്രസിഡണ്ടിന്റെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തത് ജില്ലാ നേതൃത്വത്തിന്റെ പരാജയമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. എ വിഭാഗത്തിന് അവകാശപ്പെട്ട പ്രസിഡണ്ട് സ്ഥാനം നല്‍കിയില്ലെങ്കില്‍ ഒരു വിഭാഗം രാജിവെക്കുമെന്ന് ഭീഷണിമുഴക്കിയതായും സൂചനയുണ്ട്. പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള അനിശ്ചിതത്വം തുടരുന്നതിലും ഏകാധിപത്യ രീതിയില്‍ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് ഡിസിസി നേതൃത്വത്തിനെതിരായി ഒരു വിഭാഗം നേതാക്കള്‍ കെപിസിസിയെ സമീപിക്കാനൊരുങ്ങുകയാണ്. വരും ദിവസങ്ങളില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തിന്റെ പേരില്‍ പുല്ലൂര്‍ പെരിയയില്‍ പാര്‍ട്ടിക്കകത്ത് വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന സൂചനകളാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ജില്ലയിലെ പല പ്രദേശങ്ങളിലായി പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട് വന്ന അമര്‍ഷങ്ങള്‍ മറ നീക്കി പുറത്ത് വരുന്നതാണ് കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്തതില്‍ മൂതിര്‍ന്ന പല നേതാക്കളും ജില്ലാ നേതൃത്വത്തിനെതിരായി അമര്‍ഷം പ്രകടിപ്പിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: