കാസര്‍കോട്: ജില്ലയില്‍ രൂപം കൊണ്ട കോമാലി സഖ്യത്തിന്റെ ജീവിക്കുന്ന തെളിവായി പൈവളിഗെ പഞ്ചായത്ത് പ്രസിഡണ്ട് പദവി സിപിഎമ്മിന് ലഭിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി പറഞ്ഞ കോമാലി സഖ്യം സത്യമാണെന്നതിന്റെ ശബ്ദിക്കുന്ന തെളിവാണ് പൈവളിഗയില്‍ സിപിഎമ്മിന് ലഭിച്ചിരിക്കുന്ന ഈ പദവി. എട്ട് പഞ്ചായത്തംഗങ്ങളുള്ള ബിജെപിക്ക് പ്രസിഡണ്ട് പദവി ലഭിക്കുമെന്നിരിക്കെയാണ് ശത്രുക്കളായ കോണ്‍ഗ്രസ്സും, മാര്‍ക്സിസ്റ്റും, ലീഗും ഒന്നിച്ചിരിക്കുന്നത്. ഇതിലൂടെ പരസ്പര വിരോധം പറഞ്ഞ് വോട്ട് വാങ്ങി വിജയിച്ച ഇടത് വലത് മുന്നണികള്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി പറഞ്ഞു. ബിജെപിയുടെ സമുന്നതനായ നേതാവ് കെ.ജി.മാരാര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കാനാരംഭിച്ച അന്ന് മുതല്‍ അവിടെ തുടങ്ങിയതാണ് ഈ കോമാലി സഖ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. പഞ്ചായത്തില്‍ ഇടതുപക്ഷത്തിന് ഏഴ് സീറ്റുകള്‍ മാത്രമേയുള്ളു. ബിജെപി അധികാരത്തില്‍ വരാതിരിക്കാനായി ലീഗിലെ രണ്ട് സ്വതന്ത്ര അംഗങ്ങളും ഒരു കോണ്‍ഗ്രസ് സ്വതന്ത്രയും സിപിഎമ്മിന് വോട്ട് നല്കുകയാണുണ്ടായത്. യുഡിഎഫിന് നാല് സീറ്റുകളാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനും രണ്ട് ലീഗിനുമാണ്.
ജില്ലയില്‍ പല ഭാഗങ്ങിലുമായി ഇടത് വലത് മുന്നണികള്‍ നടപ്പാക്കി വരുന്ന കോമാലി സഖ്യം തുടരുക മാത്രമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഇത് വഴി അവര്‍ക്ക് വോട്ട് നല്കിയ ജനങ്ങളെ കോമാളികളാക്കുകയാണ് ചെയ്തിരിക്കുന്നത്. സിപിഎം പറയുന്ന കോണ്‍ഗ്രസ്സ് വിരോധം വെറും പൊള്ളത്തരമാണെന്ന് ജനങ്ങള്‍ക്ക് തെളിഞ്ഞു. സിപിഎമ്മിനെ അധികാര മോഹം പിടികൂടിയിരിക്കുകയാണെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. അവര്‍ അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ നുണയാനായി ആരെയും കൂട്ട് പിടിക്കാന്‍ തയ്യാറാണെന്ന് പൈവളിഗയിലൂടെ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: