കാഞ്ഞങ്ങാട്: ജില്ലയിലേക്ക് ഇതര സംസ്ഥാനതൊഴിലാളികളുടെ ഒഴുക്ക് വര്‍ധിക്കുന്നു. എന്നാല്‍ ഇവരുടെ കൃത്യമായ കണക്കെടുക്കാനാകാതെ തൊഴില്‍, ക്ഷേമനിധി വകുപ്പ് അധികാരികളും കുഴങ്ങുന്നു. തൊഴില്‍ വകുപ്പ് ജില്ലാ ഓഫീസിലും, ക്ഷേമനിധി ഓഫീസിലും വ്യക്തമായ കണക്കില്ല. എന്തുജോലി ചെയ്യാനും ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റമാണ്. ഒറീസ, ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടമായാണ് ചെറുപ്പക്കാരായ തൊഴിലാളികള്‍ ജില്ലയിലേക്കെത്തുന്നത്. വിവിധ തൊഴില്‍ ദാതാക്കളുടെ മേല്‍വിലാസത്തിലാണ് ഇവര്‍ കരാര്‍ തൊഴിലാളികളായി എത്തുന്നത്. ഇവരെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ കൊണ്ടുവരുന്ന തൊഴില്‍ ദാതാവിനും അറിയില്ല. ഇതര സംസ്ഥാനങ്ങളില്‍ കുറ്റകൃത്യം ചെയ്ത് ശിക്ഷ അനുഭവിച്ചവരും കുറ്റവാളികളായവരും ഇതില്‍പ്പെടുന്നു. ഏതെങ്കിലും തൊഴില്‍ ദാതാവിന്റെ കീഴില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെത്തിയാല്‍ അതാതു പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷന്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവകളില്‍ ഇവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍, വോട്ടര്‍ ഐഡി ഉള്‍പ്പെടെ നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തിയാണ് പല വന്‍കിട തൊഴില്‍ ദാതാക്കളും തൊഴിലാളികളെ എത്തിക്കുന്നത്.
ഇത്തരത്തില്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് ഒരു മുറിക്കകത്ത് പത്തും പതിനഞ്ചും പേരാണ്. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവര്‍ ജീവിക്കുന്നതെന്ന് ആരോഗ്യ വകുപ്പ സര്‍വ്വെ തന്നെ ചൂണ്ടിക്കാട്ടുന്നു. പാന്മസാലയും പുകയില ഉല്‍പ്പന്നങ്ങളും ഇവരുടെ സന്തത സഹചാരിയാണ്. പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവരും ഇവരിലുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികളുമായി ഇത്തരക്കാര്‍ സഹകരിക്കാത്തതും വന്‍ ഭീഷണിയുയര്‍ത്തുന്നു. തൊഴിലാളികളെ എത്തിക്കുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. ലേബര്‍ ഓഫീസുകളില്‍ ഇവരുടെ വിവരങ്ങള്‍ നല്‍കാനും ആരും തയ്യാറാകുന്നില്ല. ഇതുകൊണ്ട് തന്നെ ഇവര്‍ക്കുള്ള ക്ഷേമ പെന്‍ഷനുകളും സാമ്പത്തിക സഹായും നല്‍കാനാകുന്നില്ലെന്ന് ക്ഷേമനിധി ഓഫീസര്‍ പറയുന്നു. ജീവനക്കാര്‍ ഇവരുടെ ലേബര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തിയാണ് കുറച്ചെങ്കിലും പേരുടെ വിവരങ്ങള്‍ ശേഖരിച്ചത്. വിവര ശേഖരണവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ സഹകരിക്കുന്നില്ലെന്നും ജില്ലാ ക്ഷേമനിധി ഓഫീസിലെ ജീവനക്കാര്‍ പറയുന്നു.
പോലീസ് അധികാരികളുടെ കയ്യില്‍ ഇവരെ കുറിച്ചുള്ള വിവരമില്ലാത്തത് അപകടം നടന്നാലോ കുറ്റകൃത്യം നടന്നാലോ നടപടികള്‍ സ്വീകരിക്കുന്നതിന് തടസമാകുന്നു. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളായിട്ടുണ്ട്. കഴിഞ്ഞ മാസം കടുത്തിരുത്തിയിലും ഇന്നലെ മൂവാറ്റുപുഴയിലും കള്ളനോട്ടുകളുമായി ഇതര സംസ്ഥാനക്കാരെ പിടികൂടിയിരുന്നു. ജില്ലയില്‍ പല കേസുകളിലും ഇവര്‍ പങ്കാളികളാണ്. ഇവരില്‍ പലര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുപോലുമില്ല. ചെറിയ കൂലിക്ക് എല്ലാ ജോലിയും ചെയ്യുന്നതിനാല്‍ നാട്ടിലെ കൂലിത്തൊഴിലാളികള്‍ക്ക് തൊഴില്‍ ക്ഷാമവും ഏറിയിട്ടുണ്ട്. ക്ഷേമനിധി ഓഫീസിലോ, ലേബര്‍ ഓഫീസിലോ രജിസ്ട്രേഷന് ചെയ്യാതെ ഇതര സംസ്ഥാനക്കാരെ കൂട്ടത്തോടെ ജോലിക്ക് വെയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: