പേട്ട: ആക്കുളം കായല്‍ ആത്മഹത്യാ സംഭവം കേസ് അട്ടിമറിക്കാന്‍ സാധ്യതയേറുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ആറ്റിങ്ങല്‍ സ്വദേശിയും ബസ്സുടമയുമായ നാസറിന് മുസ്ലിംലീഗിലെ ഉന്നതരിലുള്ള സ്വാധീനമാണ് കേസ് അട്ടിമറിക്കാന്‍ സാധ്യതയൊരുക്കിയിരിക്കുന്നത്.
കഴിഞ്ഞ 29നാണ് കിളിമാനൂര്‍ സ്വദേശികളായ ജാസ്മിയും ഉമ്മയും മകളുമടങ്ങുന്ന കുടുംബം ആക്കുളം കായലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാസ്മിയും മൂന്നര വയസ്സുള്ള മകള്‍ ഫാത്തിമയും മരിച്ചു. ശ്രമത്തിന് പിന്നില്‍ ദുരൂഹത ഉയര്‍ന്നതോടെ സ്പെഷ്യല്‍ ബ്രാഞ്ച് എസി റജി ജേക്കബിന്റെ നേതൃത്വത്തില്‍ വിശദ അന്വേഷണം നടത്തുമെന്നാണ് അധികൃതര്‍ പറഞ്ഞത്. സംഭവസ്ഥലം പേട്ട പോലീസ് സ്റ്റേഷന് പരിധിയിലായതുകൊണ്ട് തുടരന്വേഷണം പേട്ട സിഐ സുരേഷ്കുമാറിന് കൈമാറുകയായിരുന്നു. സിഐയെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതിനാല്‍ അന്വേഷണചുമതല പൂന്തുറ സിഐ എസ്.വൈ. സുരേഷിനെ ഏല്‍പ്പിച്ചു. ഇതോടെ പ്രധാനപ്രതിയെന്ന് പറയുന്ന നാസര്‍ പിടിയിലാവുകയും ചെയ്തു. അന്വേഷണം വീണ്ടും കന്റോണ്‍മെന്റ് സിഐക്ക് മാറ്റിയെങ്കിലും റേഞ്ച് ഐജിയുടെ ഇടപെടലില്‍ കിളിമാനൂര്‍ സിഐക്ക് അന്വേഷണ ചുമതല കൈമാറാനുള്ള നീക്കത്തിലാണ്. മരണക്കുറിപ്പ് ജാസ്മി വീട്ടില്‍ എഴുതി വച്ചിരുന്നതുകൊണ്ടാണ് കേസ് കിളിമാനൂരിലേക്ക് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ജാസ്മിയുടെ അനുജത്തി പിറ്റേദിവസം തീവണ്ടി പാളത്തില്‍ മരിച്ചു കിടന്നതും ജാസ്മി ഇടയ്ക്ക് ജോലിക്കായി തിരുവനന്തപുരത്ത് വരാറുണ്ടെന്നുള്ള രക്ഷപ്പെട്ട കുട്ടികളുടെ മൊഴിയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസ് കിളിമാനൂരിലേക്ക് മാറ്റുന്നതോടെ ആലംകോട് നടന്ന വസ്തു ഇടപാടുകളില്‍ ഒതുക്കി കേസ് അവസാനിപ്പിക്കാനാണ് സാധ്യത. ഇതോടെ കേസിന്റെ പുറകിലെ നിഗൂഢതയെക്കുറിച്ചുള്ള അന്വേഷണം മരവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: