തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയുന്നതോടെ തലസ്ഥാനത്ത് ഇനി ഒരാഴ്ച്ചക്കാലം സിനിമയുടെ രാപ്പകലുകള്‍. രണ്ടു പതിറ്റാണ്ടു കൊണ്ട് ഏഷ്യയിലെ ഏറ്റവും മികച്ച ചലച്ചിത്രമേളകളിലൊന്നായി വളര്‍ന്ന ഐഎഫ്എഫ്കെയ്ക്ക് ഇനി എട്ടുദിനങ്ങള്‍ സിനിമയുടെ ദൃശ്യവിസ്മയങ്ങളും ബൗദ്ധികാവിഷ്കാരങ്ങളുമാണ്.
കനകക്കുന്ന് നിശാഗന്ധിയില്‍ പ്രത്യേകം തയാറാക്കിയ ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറുമണിക്കാണ് ഉദ്ഘാടന ചടങ്ങ്. തബലയിലെ ഇതിഹാസം ഉസ്താദ് സക്കീര്‍ ഹുസൈനാണ് ചടങ്ങിലെ മുഖ്യാതിഥി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. സക്കീര്‍ ഹുസൈന്റെ തബലവാദനമാണ് ചടങ്ങിലെ പ്രധാന ഇനം. ഉദ്ഘാടന ചടങ്ങില്‍ ഇറാന് സംവിധായകന് ദയിറുഷ് മെഹര്‍ജുയിയെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി മുഖ്യമന്ത്രി ആദരിക്കും.
മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എ.പി.അനില്‍കുമാര്‍, കെ.സി.ജോസഫ്, മേയര്‍ വി.കെ.പ്രശാന്ത്, കെ.മുരളീധരന് എഎല്‍.എ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്മാന് ടി.രാജീവ്നാഥ്, മേള ഉപദേശക സമിതി ചെയര്മാന് ഷാജി എന്‍ കരുണ്‍, സെക്രട്ടറി എസ്.രാജേന്ദ്രന് നായര്‍, ജൂറി ചെയര്മാന് ജൂലിയോ ബ്രെസ്നെ തുടങ്ങിയവര്‍ പങ്കെടുക്കം ഉദ്ഘാടനചിത്രമായ വോള്‍ഫ് ടോട്ടം പ്രദര്‍ശിപ്പിക്കും. സൂര്യ കൃഷ്ണമൂര്ത്തിയാണ് ഉദ്ഘാടന ചടങ്ങ് ഒരുക്കുന്നത്. സീറ്റുകള്‍ പരിമിതമായതിനാല്‍ ചടങ്ങിലേക്ക് പ്രവേശനം ക്ഷണിതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ്. പ്രതിനിധികള്‍ക്കായി ടാഗോര്‍, കൈരളി തിയേറ്ററുകളില്‍ ചടങ്ങിന്റെ തത്സമയ സംപ്രേഷണവും തുടര്‍ന്ന് സിനിമാ പ്രദര്‍ശനവുമുണ്ടായിരിക്കും. ആധുനികരീതിയില്‍ പുതുക്കിയെടുത്ത 13 തിയേറ്ററുകളിലായി 64 രാജ്യങ്ങളില്‍നിന്ന് 180 ചിത്രങ്ങളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. ഇതില്‍ 50 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനമാണ് മേളയില്‍ നടക്കുക. ഒരുചിത്രം ഏഷ്യയിലാദ്യമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. സമാപനദിനമായ ഡിസംബര്‍ പത്തിന്റെ തൊട്ടുതലേന്നുവരെ പ്രതിനിധി പാസുകള്‍ നല്‍കും. വിദേശ പ്രതിനിധികള്‍ക്കും ജൂറിയംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുംപുറമെ 12,000 പേരെ ഉള്‍ക്കൊള്ളാന്‍ തിയേറ്ററുകള്‍ക്ക് കഴിയും. പ്രതിനിധികള്‍ക്ക് തടസം കൂടാതെ സിനിമകള്‍ ആസ്വദിക്കുന്നതിനുവേണ്ടി തിയേറ്ററുകളിലെ സീറ്റുവിവരം ടിവിയിലൂടെ അറിയിക്കാനുള്ള സംവിധാനവും വേദികളിലൂടെയുള്ള സഞ്ചാരസൗകര്യവും മികച്ച റിസര്‍വേഷന്‍ സംവിധാനവുമേര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്ന ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, മാസ്റ്റര്‍ക്ലാസ് എന്നീ പരിപാടികള്‍ക്കുപുറമെ അരവിന്ദന് സ്മാരക പ്രഭാഷണവും പാനല്‍ ചര്‍ച്ചകളും സെമിനാറുകളും മേളയുടെ ഭാഗമായി നടക്കും. ടാഗോര്‍ തിയേറ്ററും മാസ്കറ്റ്ഹോട്ടലുകളുമാണ് ഇത്തരം പരിപാടികളുടെ പ്രധാനവേദികള്‍.
ഇറാനില്‍ എഴുപതുകളില്‍ വന്‍സ്വാധീനം ചെലുത്തിയ നവസിനിമയുടെ ബിംബമെന്നറിയപ്പെടുന്ന ദയിറുഷ് മെഹര്‍ജുയി ആയിരിക്കും എല്ലാ സെമിനാറുകളുടെയും ശ്രദ്ധാകേന്ദ്രം. അദ്ദേഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: