തിരുവനന്തപുരം: ജയകൃഷ്ണന് മാസ്റ്ററുടെ രക്തസാക്ഷിത്വം ലോകം ഉള്ളിടത്തോളം കേരളം ഓര്‍മിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. അക്രമരാഷ്ട്രീയം തുടരുന്ന കമ്മ്യൂണിസ്റ്റുകാര്‍ തെറ്റുകള്‍ തിരുത്താനും മനസ്സിലാക്കാനും തയ്യാറാകുന്നില്ല. സത്യം വിളിച്ചു പറയുന്നവന്റെ വായ അടപ്പിക്കാന്‍ ഏതു ഹീനകൃത്യവും ഇവര്‍ ചെയ്യും. അതിനുദാഹരണമാണ് വെള്ളാപ്പള്ളി നടേശനെതിരായി നടക്കുന്ന ആരോപണങ്ങളും അറസ്റ്റുഭീഷണിയുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ 16-ാം ബലിദാന ദിനാചരണം ബാങ്ക് എംപ്ലോയീസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് യുവമോര്‍ച്ച ഒഴിച്ചുള്ള യുവജന സംഘടനകള്‍ അഴിമതിക്കെതിരെ സമരം ചെയ്യുന്നതിനുപകരം ബീഫ് ഫെസ്റ്റിലേക്കും മറ്റും മാറിക്കൊണ്ടിരിക്കുന്നു. ഇല്ലാത്ത വിഷയത്തിന്റെ പേരില്‍ സെക്കുലര്‍ മാര്‍ച്ച് നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം. വെള്ളാപ്പള്ളി നടേശന് നടത്തുന്ന സമത്വമുന്നേറ്റ യാത്രയെ സമീപിക്കാന്‍ ഇരുമുന്നണികള്‍ക്കും ധൈര്യമില്ല. ധൈര്യമുണ്ടെങ്കില്‍ തുറന്നു പറയാന്‍ തയ്യാറാകണം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തിലും വിവേചനമുണ്ട്. ഈ വിവേചനത്തെയാണ് വെള്ളാപ്പള്ളി എതിര്‍ത്തത്. ഓട്ടോറിക്ഷാ ഡ്രൈവറായ നൗഷാദ് മഹത്തായ മനുഷ്യ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് നല്‍കിയത്. സമാന സ്വഭാവമുള്ള സംഭവങ്ങളിലെ ദുരിതാശ്വാസതുകയിലെ വൈരുദ്ധ്യത്തെയാണ് വെള്ളാപ്പള്ളി തുറന്നു കാട്ടിയത്. മതംനോക്കി ആനുകൂല്യം നല്കുന്ന സര്‍ക്കാരാണിത്. മദ്രസയിലെ പീഡനങ്ങള്‍ ഫെയ്സ്ബുക്കിലൂടെ എഴുതിയ മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിനെതിരെ സര്‍ക്കാര്‍ പ്രതികരിച്ചില്ല.
വെള്ളാപ്പള്ളിയെ അറസ്റ്റുചെയ്താല്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രക്ഷോഭത്തിന് കേരളം സാക്ഷിയാകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. കേരളത്തില്‍ ബിജെപിക്ക് മത്സരിക്കാന്‍ ഒ. രാജഗോപാല്‍ മാത്രമേ ഉള്ളോ എന്ന ചോദ്യത്തിന് ആയിരക്കണക്കിന് ഒ. രാജഗോപാല്മാരുണ്ടെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോപി.പി. വാവ, ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, യുവമോര്‍ച്ച ഭാരവാഹികളായ സമ്പത്ത്, മണവാരി രതീഷ്, നിഷാന്ത്, അനുരാജ്, ചന്ദ്രകിരണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: