കാസര്‍കോട്: വീണ്ടും ജീവനക്കാരുടെ അനാവസ്ഥ കാരണം ജനറല്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട യുവതിയുടെ കൈയില്‍ നിന്നു ചോരയൊഴുകി. രണ്ടാം നിലയില്‍ നിന്നു തറനിലവരെ ചോരയൊലിപ്പിച്ച വിവരം അറിഞ്ഞില്ല. ഒടുവില്‍ ക്ഷീണം അനുഭവപ്പെട്ട യുവതിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ചൂരിയിലെ കസ്തൂരി (19)യാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയ്ക്ക് ഇരയായത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കസ്തൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ചികിത്സയിലായിരിക്കെ ഗ്ലൂക്കോസ് നല്കാന് നല്കിയ സൂചി ആശുപത്രി വിടും മുമ്പ് ഊരി മാറ്റിയെങ്കിലും പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നില്ല. സൂചി കയറ്റിയ മുറിവിലൂടെ ചോര ഒഴുകിയ കാര്യം യുവതിയും അറിഞ്ഞില്ല. താഴത്തെ നിലയില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ചോരയൊലിക്കുന്നതായി ആദ്യം കണ്ടത്. യുവതിക്കു അടിയന്തിര ചികിത്സ നല്കുന്നതിനു പകരം ചോര, തറയില്‍ ഒലിപ്പിക്കരുതെന്നും വേസ്റ്റ് ബോക്സിലേയ്ക്ക് കൈപിടിക്കണമെന്നുമായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ പ്രതികരണമെന്നു പറയുന്നു. ഇതിനിടയില്‍ ആള്ക്കാര് കൂടുകയും ഒരു കുപ്പിയോളം ചോര നഷ്പ്പെട്ടതിനെ തുടര്‍ന്ന് അവശയായ കസ്തൂരി കുഴഞ്ഞു വീഴുകയും ചെയ്തതോടെയാണ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പ്രവേശിപ്പിച്ചത്. ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരുടെ അശ്രദ്ധ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് സ്ത്രീകളുടെ ഓപ്പറേഷന് വാര്‍ഡില്‍ ദിവസങ്ങളോളം കട്ടിലില്‍ പൂച്ച പ്രസവിച്ച് കിടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: