ചരിത്രനോവലുകള്‍ ചരിത്രവും ഭാവനയും ഇടകലര്ന്നവയായിരിക്കും. അവ ചരിത്രസംഭവങ്ങള്‍ യാഥാര്‍ത്ഥമായി ചിത്രീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൂടാ. എങ്കിലും ചരിത്രവസ്തുതകളോട് ആവുന്നത്ര നീതിപുലര്‍ത്തേണ്ട ബാധ്യത ഇത്തരം കൃതികള്‍ രചിക്കുന്നവര്ക്കുണ്ട്.
‘ടിപ്പുവിന്റെ വാളി’ന്റെ കര്‍ത്താവായ ഭഗവാന് ഗിദ്വാനി ആ ബാധ്യത നിറവേറ്റുന്നില്ലെന്ന് മാത്രമല്ല ചരിത്രവസ്തുതകളെ വികലമാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിനെ ആധാരമാക്കിയുള്ള ടിവി സീരിയലും മറിച്ചാകാന്‍ വയ്യല്ലൊ. ഈ സീരിയലിനെതിരായി ഉയര്‍ന്നിട്ടുള്ള പ്രതിഷേധകോലാഹലങ്ങളുടെ രഹസ്യവും മറ്റൊന്നല്ല.
13 വര്‍ഷത്തെ ഗവേഷണഫലമാണ് തന്റെ നോവല്‍ എന്നാണ് ഗിദ്വാനി അവകാശപ്പെടുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നും ലഭ്യമായ എല്ലാ റിക്കാര്‍ഡുകളും താന്‍ പരിശോധിച്ചുവെന്ന് അദ്ദേഹം പറയുന്നു. പക്ഷെ, എന്നിട്ടുമെന്തേ ഈ ഗവേഷണകുതുകി ഒരു പതിറ്റാണ്ടുകാലം ടിപ്പുവിന്റെ പടയോട്ടരംഗമായിരുന്ന കേരളം-മലബാര്‍ പ്രദേശം-സന്ദര്‍ശിക്കുകയോ ടിപ്പുവെ സംബന്ധിച്ച് ഇവിടെയുള്ള ചരിത്രരേഖകളോ പടയോട്ടത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളോ പരിശോധിക്കുകയോ ചെയ്യാന്‍ മുതിര്‍ന്നില്ല? ടിപ്പുവിനെ സംബന്ധിച്ച ഒരു ചരിത്രനോവല്‍ എഴുതുന്ന ഒരാള്‍ക്ക് ചരിത്രപുരുഷന്റെ പ്രധാന കര്‍മരംഗമായിരുന്ന മലബാറില്‍ എന്തൊക്കെ നടന്നു എന്നന്വേഷിച്ചു മനസ്സിലാക്കേണ്ട ബാധ്യതയില്ലേ? ഗിദ്വാനി അങ്ങനെ ചെയ്തില്ലെന്നത് അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാക്കിത്തീര്ക്കുന്നു.
പിതാവിന്റെ കാല്പ്പാടുകളില്
ടിപ്പു തന്റെ ഭരണകാലത്തില് നല്ലൊരു ഭാഗം ചെലവഴിച്ചത് മലബാറിനെ ആക്രമിച്ചു കീഴടക്കാനുള്ള സൈനിക നടപടികളില്‍ വ്യാപൃതനായിട്ടാണല്ലൊ. മലബാറിനെ കീഴടക്കാന്‍ ടിപ്പുവിന്റെ പിതാവ് ഹൈദരാലി മലബാറില്‍ അറക്കല്‍ ആലി രാജാവിന്റെയും അദ്ദേഹത്തിന്റെ ആശ്രിതരായ മാപ്പിളമാരുടെയും സഹായത്തോടുകൂടി നത്തിയ യുദ്ധങ്ങള്‍ തന്നെ തന്റെ രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനെക്കാള്‍ തന്റെ മതത്തിന്റെ ആധിപത്യം സ്ഥാപിക്കുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നു എന്നാണ് ഹിന്ദുക്കളെ കൊന്നൊടുക്കുന്നതിലും മതംമാറ്റുന്നതിലും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ച ക്രൂരമായ ഔത്സുക്യം തെളിയിക്കുന്നത്. ഹൈദരാലിയുടെ ഭടന്മാരും അവരെ പിന്തുടര്‍ന്ന ഇവിടത്തെ മാപ്പിളമാരും ഹിന്ദുക്കളുടെ നേരെ നടത്തിയ നിഷ്ഠുരകൃത്യങ്ങളുടെ ഒരേകദേശരൂപം മൈസൂര്‍ സേനയിലെ ഒരു മുസ്ലിം ഓഫീസര്‍ എഴുതിവെച്ചതും ടിപ്പു സുല്‍ത്താന്റെ മകനായ ഗുലാം മുഹമ്മദ് പ്രസാധനം ചെയ്തതുമായ ഡയറിയില്‍നിന്ന് ലഭിക്കും. (ലോഗന്റെ മലബാര്‍ മാന്വലില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്) മലബാറിനെ കീഴടക്കാനുള്ള ശ്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിനുമുമ്പ് 1782 ഡിസംബറില്‍ ഹൈദരാലി മരിച്ചുവല്ലൊ. തുടര്‍ന്ന് അധികാരമേറ്റെടുത്ത അദ്ദേഹത്തിന്റെ മകന് ടിപ്പു സുല്‍ത്താന്‍ തന്റെ പ്രഥമകര്‍ത്തവ്യമായി കരുതിയത് മലബാറില്‍ പിതാവിനു പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയ ജിഹാദ് തുടരുക എന്നതായിരുന്നു.
മതഭ്രാന്തിന്റെ കാര്യത്തില്‍ ഹൈദരാലിയെ കവച്ചുവെയ്ക്കുന്ന ആളായിരുന്നു ടിപ്പു. യുദ്ധത്തില്‍ അദ്ദേഹത്തിന്റെ മുദ്രാവാക്യം തന്നെ വാള് (മരണം)അല്ലെങ്കില്‍ തൊപ്പി (മതംമാറ്റം) എന്നതായിരുന്നു എന്നുപറഞ്ഞാല്‍ 1783-ല്‍ ആരംഭിച്ച ടിപ്പുവിന്റെ പടയോട്ടത്തിന്റെ സ്വഭാവം ഊഹിക്കാവുന്നതേയുള്ളൂ. ഈ പടയോട്ടക്കാലത്ത് മലബാറിലെ ഹിന്ദുക്കള്‍ക്കനുഭവിക്കേണ്ടിവന്ന നാരകീയമായ യാതനകള്‍ വിവരിക്കുന്ന എത്രയോ ചരിത്രരേഖകള്‍ സാമൂതിരിയുടെയും കോട്ടയം രാജാവിന്റെയും കോവിലകങ്ങളില്നിന്നും പാലക്കാട് കോട്ടയില്‍നിന്നും ഈസ്റ്റിന്ത്യാ കമ്പനിയുടെ ഔദ്യോഗിക രേഖാശേഖരത്തില്നിന്നും കണ്ടെടുത്തിട്ടുണ്ട്. അവയെ അവിശ്വസിക്കാന്‍ യാതൊരു കാരണവുമില്ല. അവയത്രയും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥകളാണെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതാണോ?
ചേലക്കലാപകാലത്ത്-1788 നും 1791 നും ഇടയില്‍- ഏതാണ്ട് മുപ്പതിനായിരത്തോളം ബ്രാഹ്മണരും ആയിരക്കണക്കിന് നായന്മാരും മലബാറിലെ വീടും സ്വത്തുമെല്ലാമുപേക്ഷിച്ച് തിരുവിതാംകൂറില്‍ അഭയം തേടിയതായി, തൊട്ടടുത്ത വര്‍ഷത്തില്‍ അന്വേഷണം നടത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് രേഖപ്പെടുത്തിയിട്ടുള്ളത് ബ്രിട്ടീഷ് അധികാരികളുടെ അറിവിന്നായി മാത്രം തയ്യാറാക്കിയ ജോയിന്റ് കമ്മറ്റി ഡയറിയിലാണെന്നും അല്ലാതെ ടിപ്പുവിനെ താറടിച്ചുകാണിക്കാന്വേണ്ടി എഴുതിയ പുസ്തകത്തിലൊന്നുമല്ലെന്നും അതിനാല്‍ അത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ചരിത്രപണ്ഡിതനായ ഡോ.എം.ഗംഗാധരന് ചൂണ്ടിക്കാണിക്കുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പ് 1990 ജനുവരി 14-20) ”മാത്രമല്ലാ അന്ന് സാമൂതിരി കുടുംബത്തിലെ ചില അംഗങ്ങള്‍, കുറെ നായന്മാര് എന്നിവരെ ബലം പ്രയോഗിച്ച് സുന്നത്ത് നടത്തിയും ഗോമാംസം ഭക്ഷിപ്പിച്ചും മതപരിവര്‍ത്തനത്തിനു വിധേയമാക്കി എന്നതിനും തെളിവുകളുണ്ട്.”
മലബാര്‍ ചരിത്രത്തെ സംബന്ധിച്ചിടത്തോളം നമുക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗ്രന്ഥം വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ തന്നെയാണ്. 1886 ന് മുമ്പ് ഇരുപതുകൊല്ലത്തോളം വിവിധ ഔദ്യോഗിക പദവികളില്‍ (ഒടുവില്‍ കലക്ടറും) ഇരുന്ന അദ്ദേഹം ഒട്ടേറെ ഔദ്യോഗികരേഖകള്‍ പരിശോധിച്ചും ഗവേഷണപഠനങ്ങള്‍ നടത്തിയും തയ്യാറാക്കിയ വിലപ്പെട്ട ഗ്രന്ഥമാണത്. കേരള-കൊച്ചി സര്‍വകലാശാലകളുടെ സഹായത്തോടുകൂടി ഡോ.സി.കെ. കരീം എഡിറ്റ് ചെയ്ത് തിരുവനന്തപുരത്തെ ചരിത്രം പബ്ലിക്കേഷന്‍സ് പുനഃപ്രസാധനം ചെയ്ത ആ ഗ്രന്ഥത്തിന്റെ ആധികാരികതയും വിശ്വാസ്യതയും ചോദ്യം ചെയ്യാനാവാത്തതാണെന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും. ടിപ്പുവിന്റെ മലബാര്‍ ആക്രമണത്തേയും അതിന്റെ മതപരമായ സ്വഭാവത്തെയും ഈ ആക്രമണത്തിനിടയില്‍ ഹിന്ദുക്കള്‍ക്കെതിരായി നടന്ന കൂട്ടക്കൊലകളുംയും മതംമാറ്റങ്ങളും ക്ഷേത്രധ്വംസനങ്ങളും ഉള്‍പ്പെടെയുള്ള ഭീകരസംഭവങ്ങളെയും കുറിച്ച് ഈ ഗ്രന്ഥത്തില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. ഈ പരാമര്‍ശങ്ങളില്‍ സത്യത്തിന്റെ കണികയെങ്കിലുമുണ്ടെങ്കില്‍ അന്യമതസ്ഥരോടു അങ്ങേയറ്റം അസഹിഷ്ണുവായ ഒരു മുസ്ലിം മതമൗലികവാദിയായി മാത്രമേ ടിപ്പുവിനെ കാണിക്കുവാന്‍ സാധിക്കൂ.
കേണല്‍ വില്‍ക്സിന്റെ ഹിസ്റ്റോറിക്കല്‍ സ്കെച്ചസില്നിന്നും കെ.പി. പത്മനാഭമേനോന്റെയും സര്‍ദാര്‍ കെ.എം.പണിക്കരുടെയും കേരളചരിത്രങ്ങളില്നിന്നും പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ചരിത്രവഗേഷണങ്ങളില്നിന്നും ഉരുത്തിരിയുന്ന ടിപ്പുവിന്റെ ചരിത്രവും വ്യത്യസ്തമല്ല. കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായ കെ.മാധവന് നായര്‍ പറയുന്നു: ”ടിപ്പുവിന്റെ ചേലക്കലാപമാണ് മലബാറില്‍ മാപ്പിളലഹളയുടെ വിത്ത് ഒന്നാമതായി നട്ടത്. പരശുരാമ പ്രതിഷ്ഠയ്ക്കുശേഷം കേരളത്തിലെ ഹിന്ദുക്കള്‍ കലാപ കാലത്ത് അനുഭവിച്ചതുപോലുള്ള സങ്കടങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. എത്രയോ ആയിരം ഹിന്ദുക്കളെ അക്കാലത്ത് മുഹമ്മദ് മതത്തില്‍ ചേര്‍ത്തിട്ടുണ്ട്……..” (മലബാര്‍ കലാപം പേജ് 14) ഈ ഗ്രന്ഥകാരന്‍തന്നെ ടിപ്പു മൈസൂരില്‍ ഹിന്ദുക്കളെ ഇത്തരത്തില്‍ ദ്രോഹിച്ചിരുന്നില്ലെന്നും ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഒരുപോലെ നീതി പുലര്‍ത്തിക്കൊണ്ടാണ് ഭരിച്ചിരുന്നതെന്നും സമ്മതിക്കുന്നുണ്ടെന്നത് അദ്ദേഹത്തിന്റെ നിക്ഷ്പക്ഷത തെളിയിക്കുന്നു.
”1789 ല്‍ ടിപ്പു 60000 പടയാളികളുമായി കോഴിക്കോട്ടു വന്ന് പട്ടണവും കോട്ടയും നിലത്തിനു സമമാക്കി നിരത്തി. ആ ക്രൂരന് അന്ന് കോഴിക്കോട്ടില്‍ ചെയ്ത നിഷ്ഠുരക്രിയകള് വിവരിപ്പാന്‍ വഹിയാ” എന്നാണ് കേരളപ്പഴമയില്‍ ഗുണ്ടര്‍ട്ട് പറയുന്നത്.
മലബാറില്‍ ടിപ്പുവിന്റെ പടയാളികളാല്‍ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ നീണ്ട പട്ടികതന്നെ ലോഗന്‍സ് മാന്വലില്‍ ഉണ്ട്.
ഇളംകുളം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: കോഴിക്കോട് അന്ന് ബ്രാഹ്മണരുടെ കേന്ദ്രം. ആ നഗരിയില്‍ 7000 ത്തില്പരം ഭവനങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ 2000 ത്തില്‍ ശിഷ്ടവും ടിപ്പുവിന്റെ ആക്രമണത്തില്‍ നശിച്ചു. സുല്‍ത്താന്‍ സ്ത്രീകളേയും കുട്ടികളേയും കൂടി വിട്ടില്ല. പുരുഷന്മാര് അന്യനാടുകളിലേക്കും കാടുകളിലേക്കും ഓടിപ്പോയി. മാപ്പിളമാര്‍ വളരെ വര്‍ധിച്ചു. ഹിന്ദുക്കളെ കൂട്ടംകൂട്ടമായി സുന്നത്ത് നടത്തി മതത്തില്‍ കൂട്ടി. ടിപ്പുവിന്റെ ആക്രമണത്തില്‍ നായന്മാരുടെ സംഖ്യ നിസ്സാരമായി. നമ്പൂതിരിമാരും ഗണ്യമായി കുറഞ്ഞു.
ടി.കെ.വേലുപ്പിള്ളയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലും പി.ഗോവിന്ദപ്പിള്ളയുടെ ഭാഷാസാഹിത്യചരിത്രവും ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രവും ടിപ്പുവിന്റെ പടയോട്ടം മലയാള നാട്ടില്‍ നാശം വിതച്ചതിന്റെ കഥ വിസ്തരിച്ച് ഉപന്യസിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞവരെല്ലാം കരുതിക്കൂട്ടി ടിപ്പുവിനെ മനപ്പൂര്‍വം കരിതേച്ചു കാണിച്ചതാണെന്ന് വാദിക്കുന്നത് മൗഢ്യമല്ലെ? അപ്പോള്‍, ചരിത്രലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നത് ടിപ്പുവിന്റെ മലബാര്‍ ആക്രമണത്തിന് ഈ പ്രദേശം കീഴടക്കുക എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യമുണ്ടായിരുന്നു എന്നാണ്. ഇവിടുത്തെ ഹിന്ദുക്കളെ മുഴുവന്‍ മതംമാറ്റി ഈ പ്രദേശത്തെ ഇസ്ലാമികവല്‍ക്കരിക്കുക എന്നതായിരുന്നു ആ ലക്ഷ്യം.
‘ഇത് ഒരു മതയുദ്ധം’
ഇനി, ടിപ്പുവിനെ അന്യമത ദ്വേഷിയായി ചിത്രീകരിച്ചവരെല്ലാം ബ്രിട്ടീഷ് പക്ഷപാതികളായിരുന്നുവെന്നും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാന്‍ വേണ്ടി അവര്‍ അങ്ങനെ ചെയ്തതാണെന്നും വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ത്തന്നെ, ടിപ്പുവിന്റെ തനിനിറം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന മറ്റൊരു രേഖയുണ്ട്-ടിപ്പുവിന്റെ തന്നെ കത്തുകള്‍. ഈ കത്തുകളില്‍ ചിലവ സര്‍ദാര്‍ കെ.എം.പണിക്കര്‍ 58 കൊല്ലം മുമ്പ് ലണ്ടനിലെ ഇന്ത്യാ ഓഫീസില്‍നിന്ന് കണ്ടെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഭാഷാപോഷിണി-1099 ചിങ്ങം ലക്കം 1).
ഒരു കത്ത് 1789 മാര്‍ച്ച് 22-ന് കോടഞ്ചേരിയിലെ അബ്ദുള്‍ ഖാദര്‍ക്ക് അയച്ചതാണ്. അതില്‍ പറയുന്നു:
”മുഹമ്മദിന്റെ സഹായത്താലും ദൈവത്തിന്റെ അനുഗ്രഹത്താലും കോഴിക്കോട്ടു ദേശത്തു അധിവസിക്കുന്ന അവിശ്വാസികളെ ഒട്ടുമുക്കാലും നാം ഇസ്ലാംമതത്തില്‍ ചേര്‍ത്തു കഴിഞ്ഞിരിക്കുന്നു. കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയില്‍ മാത്രം കുറെ പേര് മതംമാറാതെ കിടപ്പുണ്ട്. അവരേയും ഉടന്‍തന്നെ മുഹമ്മദീയരാക്കണമെന്നു ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇത് മതം സംബന്ധിച്ച ഒരു യുദ്ധമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.”
1788 ഡിസംബര്‍ 14- ന് ടിപ്പു തന്റെ കോഴിക്കോട് സൈന്യാധിപന് അയച്ച കത്തുകൂടി ഉദ്ധരിക്കട്ടെ.
”ഇവിടെനിന്നും രണ്ട് അനുചരന്മാരോടുകൂടി മീര്ഹുസൈന് അലിയെ അയച്ചിരിക്കുന്നു. ദൈവത്തിന്റെ കൃപകൊണ്ട് അയാള്‍ താമസിയാതെ അവിടെ വന്നു ചേരും. അയാളോടു കൂടിച്ചേര്‍ന്നു നിങ്ങള്‍ അവിശ്വാസികളെ എല്ലാവരേയും തടവുകാരാക്കുകയും കൊലപ്പെടുത്തുകയും ചെയ്യണം. ഇരുപതു വയസ്സിനു താഴെയുള്ള സകല പുരുഷന്മാരെയും തടവില്‍ പാര്‍പ്പിക്കണം. ശേഷമുള്ള ആളുകളില്‍ അയ്യായിരത്തില്കുറയാതെ ആളുകളെ മരക്കൊമ്പില്‍ കെട്ടിത്തൂക്കുകയും വേണമെന്ന് ഞാന്‍ ആജ്ഞാപിച്ചിരിക്കുന്നു.”
സ്വയം സംസാരിക്കുന്ന ഈ കത്തുകള്‍ക്കു വിശദീകരണം ആവശ്യമില്ല.
ഇനിയും ടിപ്പുവെ മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും അപ്പോസ്തലനായി കൊണ്ടാടാനുള്ള സന്മനസ്സും ഹൃദയവിശാലതയുമുള്ളവര് അങ്ങനെ ചെയ്തുകൊള്ളട്ടെ. പക്ഷെ, അത്രത്തോളം മഹാമനസ്കരാവാന് കഴിയാത്ത കുറെയേറെ ആളുകള്‍ ഇവിടെയുണ്ട്-ടിപ്പുവിന്റെ വാളിന്റെ ദാഹം ശമിപ്പിക്കാന്‍ സ്വന്തം രക്തം നല്‍കാനും നിര്‍ബന്ധിച്ച് ‘ഇസ്ലാംമതത്തിന്റെ ബഹുമാനം നല്കപ്പെടാനും’ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ പിന്തലമുറക്കാര്.
സൗഹൃദം രാഷ്ട്രീയ പ്രേരിതം
മലബാറില്‍ ടിപ്പു ഹിന്ദുക്കള്‍ക്കെതിരായി നടത്തിയ ക്രൂരവും പൈശാചികവുമായ കൂട്ടക്കൊലകളുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും ക്ഷേത്രധ്വംസനത്തിന്റെയും പശ്ചാത്തലത്തില്‍ ടിപ്പു അന്യമതദ്വേഷിയായിരുന്നില്ലെന്നും മറിച്ച് ഇതരമതസ്ഥരോട് സൗഹൃദവും ആദരവുമുള്ള ആളായിരുന്നുവെന്നും വരുത്തിത്തീര്‍ക്കുന്നതിന് ചില പുതിയ ചരിത്രകാരന്മാര് ഉയര്‍ത്തിക്കാട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍-മലബാറിലെ ചില ക്ഷേത്രങ്ങള്‍ക്കു നികുതി ഒഴിവാക്കിക്കൊടുത്തതും മൈസൂരില്‍ ശ്രീ രംഗനാഥ ക്ഷേത്രത്തിനു സംരക്ഷണം നല്കിയതും ശൃംഗേരി മഠാധിപതിക്ക് ധനസഹായം ചെയ്തതും മറ്റും-പൊതു നിയമത്തിനു ഒരപവാദമായിട്ടേ കണക്കാക്കേണ്ടതുള്ളൂ. ഇതുതന്നെയും രാഷ്ട്രീയപ്രേരിതങ്ങളായിരുന്നുവെന്നു ഡോ.എം.ഗംഗാധരന് ചൂണ്ടിക്കാണിക്കുന്നു: ”മൈസൂരില്‍, അന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയാധികാരത്തിന് മത-സാമൂഹ്യ-സാംസ്കാരിക കേന്ദ്രങ്ങളെ അവഗണിച്ചുകൊണ്ടോ എതിര്ത്തുകൊണ്ടൊ നിലനില്ക്കുവാനാകുമായിരുന്നില്ല.” (മാതൃഭൂമി ആഴ്ചപ്പതിപ്പ് 1990 ജനുവരി 14-20) ശൃംഗേരി മഠാധിപതിയ്ക്കു നല്കിയ ധനസഹായം പ്രധാനമായും ശത്രുനാശത്തിനായി ചണ്ഡീഹവനം നടത്തുന്നതിനുവേണ്ടിയുള്ളതായിരുന്നുവെന്ന് ടിപ്പു അദ്ദേഹത്തിനയച്ച കത്തുകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ നിലയ്ക്ക് ഇതൊന്നും ടിപ്പുവിന്റെ മതസൗഹാര്‍ദ്ദത്തിനു സാക്ഷിപത്രങ്ങളാകുന്നില്ല.
മൈസൂരിലെ സ്ഥിതി
മൈസൂരില്‍ ഹിന്ദുക്കളോടു വളരെ സൗഹാര്‍ദ്ദത്തിലാണ് വര്‍ത്തിച്ചതെന്ന ധാരണ അടിസ്ഥാനരഹിതമാണെന്ന് മൈസൂര്‍ രാജ്യചരിത്രമെഴുതിയ ലൂയിസ് റൈസും എം.എം.ഗോപാല്റാവുവും രേഖപ്പെടുത്തിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ടിപ്പുവിന്റെ കാലത്ത് ശ്രീരംഗപട്ടണം കോട്ടയ്ക്കകത്തുള്ള രണ്ടുക്ഷേത്രങ്ങളില്‍ മാത്രമേ പൂജാദികള്‍ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റു ക്ഷേത്രങ്ങളിലെ മുഴുവന്‍ സ്വത്തും പിടിച്ചെടുത്തുവെന്നും റൈസ് പറയുന്നു. ഭരണകാര്യങ്ങളില്‍പ്പോലും ടിപ്പുവിന്റെ കടുത്ത മുസ്ലിം പക്ഷപാതം പ്രകടമായിരുന്നുവെന്നതിനു തെളിവായി അദ്ദേഹത്തിന്റെ നികുതി സംബന്ധിച്ച വിവേചനം ഗോപാല്‍റാവു എടുത്തുകാണിക്കുന്നു: മുസ്ലിങ്ങളെ എല്ലാ നികുതികളില്‍നിന്നും ഒഴിവാക്കി. ഇസ്ലാമില്‍ ചേര്‍ക്കപ്പെട്ടവര്‍ക്കും നികുതി കൊടുക്കേണ്ടിയിരുന്നില്ല. ഉദ്യോഗനിയമനങ്ങളില്‍ ഹിന്ദുക്കളെ ആവുന്നത്ര ഒഴിവാക്കിയിരുന്നുവെന്നും അയാള്‍ ഭരിച്ച പതിനാറര കൊല്ലത്തില്‍ ഏക അമുസ്ലിം പൂര്‍ണയ്യയായിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.
പടയോട്ടം ഒരു പേടിസ്വപ്നം
ഏതായാലും ടിപ്പുവും ടിപ്പുവിന്റെ പടയോട്ടവും മലബാറിലെ ഹിന്ദുക്കള്‍ക്ക് എന്നും ഭീകരമായ ഒരു പേടിസ്വപ്നമായിരുന്നു. ഇന്നും അതേ. ഭഗവാന് ഗിദ്വാനിമാര്ക്കോ ആടിനെ പട്ടിയാക്കുന്ന വിദ്യയില്‍ വിരുതന്മാരായ പുരോഗമന-മതേതര ചരിത്രപണ്ഡിന്മാര്ക്കോ അവരെന്തൊക്കെ അഭ്യാസങ്ങള്‍ കാണിച്ചാലും ശരി, അതു മറിച്ചാക്കാനാവില്ല, കണ്ണടച്ചിരുട്ടാക്കിയതുകൊണ്ടുഫലമില്ല.
ഈ നിലയ്ക്ക് ടിപ്പുവിനെ മഹാപുരുഷനാക്കി ചിത്രീകരിക്കുന്ന നിര്‍ദ്ദിഷ്ട ടിവി സീരിയല്‍ മലബാറിലെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പടയോട്ട കാലത്തിന്റെ തിക്തസ്മരണകള്‍ ഉദ്ദീപിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. അത് മതസൗഹാര്‍ദ്ദത്തിന് ഹാനികരമാവുകയേ ഉള്ളൂ എന്നു പറയേണ്ടതില്ലല്ലോ.
ടിപ്പുവിന്റെ വാള് ദൂരദര്ശന് സംപ്രേഷണം ചെയ്യുന്നതിലുള്ള എതിര്‍പ്പ് പലരും തെറ്റിദ്ധരിക്കുന്നതുപോലെ കേവലം മതപരമല്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമായി അതിനെ കാണുന്നതും ശരിയല്ല. ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയും വികൃതമാക്കുകയും ചെയ്യുന്ന ഒരു സൃഷ്ടി സര്‍ക്കാര്‍ മാധ്യമത്തിലൂടെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിലുള്ള അമര്‍ഷവും പ്രതിഷേധവുമാണ് പ്രധാനമായും അതിന്റെ പിന്നിലുള്ളത്. ഔദ്യോഗിക മാധ്യമങ്ങള്‍ക്ക് പൊതുജനങ്ങളോട് സവിശേഷമായ ചില ബാധ്യതകള്‍ ഉണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കല് ആ ബാധ്യതകളില്‍ മുഖ്യമായിട്ടുള്ളതാകുന്നു. അതുകൊണ്ടുതന്നെ ഗിദ്വാനിയുടെ നോവലിനെ ആസ്പദമാക്കിയിട്ടുള്ള ടിവി സീരിയല്‍ സംപ്രേഷണം ദുരദര്‍ശന്റെ അടിസ്ഥാന വ്യതിചലനമായിരിക്കും; അതിനനുവദിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: