തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ കലഹം തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നീക്കം നടത്തുന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും രംഗത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയകാരണം സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയമാണെന്ന് സുധിരന്‍ തുറന്നടിച്ചു. പരാജയകാരണങ്ങള്‍ പുറത്തുപറയാനാകില്ലെന്നായിരുന്നു ഫലംവന്നതിന് ശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. മാണിയെ ചുമന്നതും സോളാര്‍-ബാര്‍ കോഴ വിവാദവും തിരിച്ചടിയായി. ഇതേ സ്ഥിതി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകും. അതിനുമുമ്പേ യുഡിഎഫില്‍ വലിയ പൊളിച്ചെഴുത്ത് ആവശ്യമാണെന്നാണ് സുധീരനും ഐ ഗ്രൂപ്പും പറഞ്ഞുവയ്ക്കുന്നത്. ഇതേചൊല്ലി വരുംദിവസങ്ങളില്‍ യുഡിഎഫ് കലുഷിതമാകുമെന്നുറപ്പാണ്.
ആറുമാസം കഴിഞ്ഞെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പിച്ച് ഭരണതുടര്‍ച്ച നേടിയെടുക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ അഹങ്കാരത്തിന് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം. തിരിച്ചടിയുടെ ആഘാതത്തില്‍നിന്നു മുക്തിനേടുന്നതിനു മുമ്പേ തോല്‍വിക്ക് ഉത്തരവാദികളെ തേടുകയാണ് കോണ്‍ഗ്രസും ഘടക കക്ഷികളും. കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും ഘടകകക്ഷികളിലെ അനൈക്യവും പരാജയം സമ്മാനിച്ചു എന്നാണ് സുധീരന് പറഞ്ഞത്. ഇതിനെല്ലാം കാരണക്കാരനായി ഉമ്മന്‍ചാണ്ടിയിലേക്കാണ് പലരും വിരല്‍ ചൂണ്ടുന്നതും. ഘടകക്ഷികളും പരസ്പരം പഴിചാരല്‍ തുടങ്ങി. വലിയ പൊട്ടിത്തെറിയിലേക്കാണ് കോണ്‍ഗ്രസിലെ പോര് പോകുന്നത്.
ബിജെപി അതിവേഗം വളരുമ്പോള്‍ കോണ്‍ഗ്രസിന്റെ അടിതെറ്റുന്നു. സോളാര്‍- ബാര്‍കോഴ അഴിമതികള്‍ യുഡിഎഫിന്റെ അടിത്തറ ഇളക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യണമെങ്കില്‍ നേതൃമാറ്റം അനിവാര്യമാണെന്നാണ് ചെന്നിത്തല ഹൈക്കമാന്‍ഡിനു നല്കിയ സന്ദേശം. എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാടിനു കാരണവും ഉമ്മന്‍ചാണ്ടിയാണെന്നാണ് ആരോപണം. മാണിയുടെ രാജിയിലല്ലാതെ ബാര്‍കോഴ കേസ് ഒതുക്കാനാവില്ല. ധാര്‍മ്മികതയുടെ അളവുകോല്‍ ഉപയോഗിച്ച് മാണിക്കെതിരെയും ഐ ഗ്രൂപ്പ് ആക്രമണം തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിലുള്ള ചര്‍ച്ചകളെല്ലാം നേതൃമാറ്റത്തിലേക്കെത്തുമ്പോള് ഉമ്മന്‍ചാണ്ടിയുടെ നില പരുങ്ങലിലാകും.
ഇതിനിടെ, കോണ്‍ഗ്രസ് ചതിച്ചെന്ന ആക്ഷേപവുമായി ലീഗും രംഗത്തെത്തി. ആര്‍എസ്പിയെയും കോണ്‍ഗ്രസ് പാലംവലിച്ചു. സമ്പൂര്‍ണ്ണ പരാജയമാണ് ആര്‍എസ്പി നേരിട്ടത്. ജെഡിയുവിന്റെ സ്ഥിതിയും ശുഭകരമല്ല. മറ്റുഘടകക്ഷികളുടെ അതൃപ്തിയും നുരഞ്ഞുപൊങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം നേരിടാതിരിക്കാന്‍ യുഡിഎഫില്‍ പൊളിച്ചെഴുത്തല്ലാതെ മറ്റൊരു വഴിയില്ല. വിവാദങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്കാനാകാതെ കുഴയുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ മറ്റുവഴികളില്ലാതായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: