അജി ബുധനൂര്‍
തിരുവനന്തപുരം: ഇടതു വലതു മുന്നണികളുടെ കോട്ടകള്‍ തകര്‍ത്ത് ജില്ലയില്‍ ബിജെപിയുടെ തേരോട്ടം. തലസ്ഥാന നഗരിയില്‍ 35 സീറ്റുകള്‍ കരസ്ഥമാക്കി ഏവരെയും അമ്പരിപ്പിക്കുന്ന വിജയക്കൊടി പാറിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തിലും ആദ്യമായി ഒരുവിജയം നേടാനായി. നാല് നഗരസഭകളിലും ബിജെപിക്ക് ശക്തമായ സാന്നിദ്ധ്യം ഉണ്ടാക്കാന്‍ സാധിച്ചു. പതിവിനു വിപരീതമായി ഗ്രാമപഞ്ചായത്തുകളിലും നിറസാന്നിദ്ധ്യമായി
കോര്‍പ്പറേഷനിലെ ബിജെപിയുടെ മുന്നേറ്റം മറ്റ് മുന്നണികളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ ഉറപ്പുപറഞ്ഞ സീറ്റുകള്‍ പോലും അട്ടിമറി ജയത്തിലൂടെ ബിജെപി കരസ്ഥമാക്കുകയായിരുന്നു. ബിജെപിയാണ് കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകഷി. 34 പേര് താമര ചിഹ്നത്തില്‍ വിജയിച്ചപ്പോള്‍ ഒരാള്‍ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. സിപിഎമ്മിലെ പ്രബലന്മാരെയെല്ലാം കടപുഴുകി വീഴ്ത്തിക്കൊണ്ടായിരുന്നു ബിജെപിയുടെ വിജയം. സിപിഎമ്മിലെ മേയര്‍ സ്ഥാനാര്‍ത്ഥിയും ബിജെപിയുടെ വിജയപാച്ചിലില് ഒലിച്ചുപോയി. 15 സ്ഥലത്ത് രണ്ടാം സ്ഥാനത്ത് ബിജെപിക്ക് എത്താന്‍ സാധിച്ചു. നിസ്സാര വോട്ടിന് രണ്ടു വാര്‍ഡുകളില്‍ തോല്‍വി സമ്മതിക്കേണ്ടതായി വന്നു. എസ്റ്റേറ്റ് വാര്‍ഡില്‍ അഭിലാഷ് ഒരു വോട്ടിനും വഞ്ചിയൂര്‍ വാര്‍ഡില്‍ പി. അശോക് കുമാര്‍ മൂന്നു വോട്ടിനുമാണ് തോറ്റത്. കഴിഞ്ഞ തവണ 70 വാര്‍ഡുകളില്‍ മത്സരിച്ച് ആറു സീറ്റ് നേടിയ ബിജെപിക്ക് ഇക്കുറി 99 വാര്‍ഡില്‍ മത്സരിച്ച് 35 സീറ്റു നേടാനായി. ജില്ലാ പഞ്ചായത്തില്‍ ആദ്യവിജയമാണ് ബിജെപിയുടേത്. വെങ്ങാനൂര്‍ ഡിവിഷനില്‍ നിന്നുമാണ് ബിജെപി വിജയിച്ചത്. ജില്ലാ പഞ്ചായത്തുകളും ബിജെപിക്ക് അന്യമല്ലായെന്ന് തെളിയിച്ചു. ലതാകുമാരിയാണ് വിജയിച്ചത്. ജനതാദള്‍ സ്ഥാനാര്‍ത്ഥിയെയാണ് തോല്പിച്ചത്.
നാല് നഗരസഭകളിലും ബിജെപിക്ക് വ്യക്തമായ സാന്നിദ്ധ്യം നേടാനായി. ഒരംഗം പോലുമില്ലായിരുന്ന നെയ്യാറ്റിന്‍കരയില്‍ അഞ്ചു സീറ്റ് നേടാനായി. നെടുമങ്ങാട് നാല് സീറ്റും ആറ്റിങ്ങലില്‍ നാല് സീറ്റും വര്‍ക്കലയില്‍ മൂന്ന് സീറ്റും നേടിയെടുത്തു. കഴിഞ്ഞ തവണ ആകെ നാല് സീറ്റുകളായിരുന്നിടത്ത് 16 സീറ്റുകള്‍ നേടിയെടുക്കാനായി. ഗ്രാമപഞ്ചായത്തില്‍ മൂന്നിരട്ടിയാണ് സീറ്റ് വര്‍ദ്ധന. 155 സീറ്റുകള്‍ ബിജെപി നേടിയെടുത്തു. കഴിഞ്ഞ തവണ 67 സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: