മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. രണ്ട് ദിവസത്തിലേറെ ബാക്കിനിര്‍ത്തി 108 റണ്‍സിനാണ് സ്പിന്നര്‍മാരുടെ മികവില്‍ ഇന്ത്യ വിജയം നേടിയത്. ടെസ്റ്റിന്റെ ആദ്യദിനം മുതല്‍ സ്പിന്നര്‍മാരെ അകമഴിഞ്ഞു സഹായിച്ച മൊഹാലിയിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കെയ രണ്ടാം ഇന്നിങ്സില്‍ 109 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കിയത്.
39.5 ഓവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തത്. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും മത്സരത്തിലാകെ 76 റണ്‍സ് വിട്ടുകൊടുത്ത് ദക്ഷിണാഫ്രിക്കയുടെ എട്ടു വിക്കറ്റ് വീഴ്ത്തുകയും ആദ്യ ഇന്നിങ്സില്‍ 38 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്സിന് നിര്‍ണായക സംഭാവന നല്‍കുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍.
ഫോം കണ്ടെത്താനാകാതെ ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന രവീന്ദ്ര ജഡേജയുടെ ഉജ്ജ്വല തിരിച്ചുവരവു കൂടിയായി ഈ മത്സം. ജഡേജക്ക് മികച്ച പിന്തുണ നല്കിയ അശ്വിന് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ അശ്വിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 201, 200. ദക്ഷിണാഫ്രിക്ക: 184, 109. വിജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ഇന്നലെ 125ന് രണ്ട് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യയുടെ മുന്നാം വിക്കറ്റ് നഷ്ടമായത് സ്കോര്‍ 161-ല്‍ എത്തിയശേഷമാണ്. എന്നാല്‍ ഇതിനുശേഷം കൂട്ടത്തകര്‍ച്ചയാണ് ടീം ഇന്ത്യ നേരിട്ടത്. 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശേഷിച്ച ഏഴ് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. 11 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച കോഹ്ലി ഇന്നലെ 18 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം വാന്സിലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വിലാസിന് ക്യാച്ച് സമ്മാനിച്ചു. മൂന്നാം വിക്കറ്റില്‍ പൂജാര-കോഹ്ലി സഖ്യം 66 റണ്‍സ് നേടി. കോഹ്ലി മടങ്ങിയശേഷം ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു.
മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം ഇന്നിങ്സിലെ ഏക അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും പുറത്തായി. 220 പന്ത് നേരിട്ട് ആറു ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 77 റണ്‍സെടുത്ത പൂജാര താഹിറിന്റെ പന്തില്‍ ആംലക്ക് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. പിന്നീട് ബാറ്റ്സ്മാന്മാര് വന്നതും പോയതും ഒരുമിച്ചായിരുന്നു. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ് പിന്നീട് രണ്ടക്കം കടന്ന ഏക ഇന്ത്യന്‍ ബാറ്റ്സ്മാന്. 20 റണ്‍സെടുത്ത സാഹ ഏറ്റവും അവസാനമാണ് മടങ്ങിയത്. രഹാനെ (2), ജഡേജ (8), മിശ്ര (2), അശ്വിന് (3), ഉമേഷ് യാദവ് (1) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാന്മാരുടെ പ്രകടനം. നാല് പേര് മാത്രമാണ് ഇന്ത്യന്‍ രണ്ടാം ഇന്നിംഗ്സിലും രണ്ടക്കം പിന്നിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കായി സൈമണ്‍ ഹാര്‍മര്‍, ഇമ്രാന് താഹിര്‍ എന്നിവര്‍ നാലു വിക്കറ്റ് വീതം വീഴ്ത്തി.
218 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തകര്‍ത്തെറിയുന്നതാണ് പിന്നീട് കണ്ടത്. സ്കോര്‍ബോര്‍ഡില്‍ 10 റണ്‍സായപ്പോഴേക്കും ഫിലാന്‍ഡര്‍, ഡുപ്ലെസിസ്, ആംല എന്നിവരെ ജഡേജയും അശ്വിനും ചേര്‍ന്ന് മടക്കി.
നാല് പേര് മാത്രം രണ്ടക്കം കടന്ന ദക്ഷിണാഫ്രിക്കന്‍ രണ്ടാം ഇന്നിംഗ്സില്‍ 36 റണ്‍സെടുത്ത വാന്‍ സിലാണ് ടോപ് സ്കോറര്‍. ഡീന്‍ എല്‍ഗാര്‍ (16), എ.ബി. ഡിവില്ലിയേഴ്സ് (16), ഹാര്‍മര്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഫിലാന്‍ഡര്‍ (1), ഡുപ്ലെസിസ് (1), ഹാഷിം അംല (0), വിലാസ് (7), സ്റ്റെയിന് (2), റബാദ (1 നോട്ടൗട്ട്), ഇമ്രാന് താഹിര്‍ (4) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍. രണ്ടിന്നിംഗ്സിലുമായി ദക്ഷിണാഫ്രിക്കയുടെ 20 വിക്കറ്റുകള്‍ വീഴ്ത്തിയതില്‍ ഒരെണ്ണം മാത്രമാണ് പേസ് ബൗളര്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രണ്ടാം ഇന്നിംഗ്സില്‍ എല്‍ഗാറിന്റെ വിക്കറ്റാണ് വരുണ്‍ ആരോണ്‍ നേടിയത്. രവീന്ദ്ര ജഡേജ 11.5 ഓവറില്‍ വെറും 21 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് പിഴുതത്. അശ്വിന് 39 റണ്‍സിന് മൂന്നും അമിത് മിശ്ര 26ന് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നവംബര്‍ 14 മുതലാണ് രണ്ടാം ടെസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: