കൊച്ചി: കൊച്ചി കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ഇടതു, വലതു മുന്നണികളില്‍ പല പ്രമുഖരും പരാജയപ്പെട്ടു. ഇടതുമുന്നണി വലിയ പ്രതീക്ഷയോടെ അവതരിപ്പിച്ച ഇ.കെ. നയനാരുടെ മകള്‍ ഉഷ പ്രവീണിന്റെ പരാജയമാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയം.
ഭരണം ലഭിച്ചാല്‍ ഇടതുമുന്നണി മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചേക്കുമെന്നു പ്രതീക്ഷക്കപ്പെട്ടിരുന്ന ഉഷയുടെ തോല്‍വി, സിപിഎമ്മിനു വന്‍ തിരിച്ചടിയാണ്. ഉഷയുടെ പരാജയം സിപിഎമ്മിന്റെ സംസ്ഥാന ഘടകത്തിലും ചര്‍ച്ചയാവും. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ഘട്ടത്തില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ ഇടതു സ്വതന്ത്ര പ്രഫ.മോനമ്മ കോക്കാടും പരാജയപ്പെട്ടു.
ഗിരിനഗര്‍ ഡിവിഷനില്‍ മത്സരിച്ച മോനമ്മയെ യുഡിഎഫിലെ പി.ഡി. മാര്‍ട്ടിനാണു പരാജയപ്പെടുത്തിയത്. എഐസിസി അംഗം ദീപ്തി മേരി വര്‍ഗീസ് കുന്നംപുറം ഡിവിഷനില്‍ പരാജയപ്പെട്ടത് യുഡിഎഫിനു തിരിച്ചടിയായി. യുഡിഎഫ് മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഒരു ഘട്ടത്തില്‍ ദീപ്തിയും ഉണ്ടായിരുന്നു.
നിലവിലെ കൗണ്‍സിലറും ജില്ലയിലെ കോണ്‍ഗ്രസിന്റെ നേതാക്കളിലൊരാളുമായ ലിനോ ജേക്കബ് എറണാകുളം സെന്‍ട്രല്‍ ഡിവിഷനില്‍ തോല്‍വിയറിഞ്ഞു. മുന്‍ മന്ത്രി എ.എല്‍. ജേക്കബിന്റെ മകനാണു ലിനോ. ബിജെപിയിലെ സുധ ദിലീപ്കുമാറാണ് ഇവിടെ വിജയിച്ചത്.
മുന്‍ മേയറും കഴിഞ്ഞ ഭരണസമിതിയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.ജെ. സോഹന്റെ പരാജയം യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയായി. ഫോര്‍ട്ട്കൊച്ചി നസ്രത്ത് വാര്‍ഡിലാണ് സോഹന്‍ മത്സരിച്ചത്. സിപിഎമ്മിലെ കെ.ജെ. ആന്റണിയാണ് സോഹനെ പരാജയപ്പെടുത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് പനമ്പിള്ളിനഗര്‍ ഡിവിഷനില്‍ മൂന്നാം സ്ഥാനത്തായി. ഇവിടെ വന്‍വിജയം സ്വന്തമാക്കിയ യുഡിഎഫിലെ ആന്റണി പൈനുതറയ്ക്ക് ആയിരിത്തിലധികം വോട്ടുകളടെ ഭൂരിപക്ഷം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: