ന്യൂദൽഹി: അസഹിഷ്ണുത ഭാരതത്തിൽ എന്നുമുണ്ടായിരുന്നുവെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും നിതി ആയോഗ് അംഗവുമായ വിവേക് ദെബ്രോയി.നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രമുഖ പത്രപ്രവർത്തകൻ അലക്സാണ്ടർ കാംപ്ബെൽ, ഭാരതഹൃദയം (ഹാർട്ട് ഓഫ് ഇന്ത്യ) എന്നൊരു പുസ്തകം രചിച്ചു.
അത് അന്നും ഇന്നും പ്രസക്തിയുള്ള ഒന്നായിരുന്നു. നെഹ്റുവിനെപ്പറ്റിയും, ഭാരതത്തിലെ സോഷ്യലിസത്തെക്കുറിച്ചും ആസൂത്രണകമ്മീഷെനപ്പറ്റിയും ബാലിശമായ ചില ആരോപണങ്ങൾ ഉണ്ടെന്നു പറഞ്ഞ് അന്ന് ആ പുസ്തകം ഭാരതത്തിൽ നിരോധിച്ചു. ഇന്നും അതിന് രാജ്യത്തെങ്ങും വിലക്കുണ്ട്. ഭാരതത്തിൽ ഒന്നിനും വിലക്കുണ്ടാകരുതെന്ന് വാദിക്കുന്നവർ ഇതെക്കുറിച്ച് മിണ്ടുന്നില്ല. വിവേക് ദെബ്രോയി ഒരു പ്രമുഖ ഇംഗഌഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രണ്ടാം പഞ്ചവൽസര പദ്ധതിക്കാലത്ത് അത് പരിശോധിക്കാൻ സാമ്പത്തിക വിദഗ്ധരുടെ സമിതി രൂപീകരിച്ചു. സമിതി അംഗമായ ഡോ. ബി.ആർ. ഷേണായി അതിനെ എതിർത്തു. ഭാരതത്തിൻെറ നയരൂപീകരണ ചരിത്രത്തിൽ ഷേണായിയുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ.. ഇല്ല. അതോടെ അദ്ദേഹത്തെ ഒറ്റപ്പെടുത്തിക്കളഞ്ഞു. ഭാരതത്തിൽ ജോലി ലഭിക്കാതെ ഒടുവിൽ സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) അഭയം തേടേണ്ടി വന്നു. വിവേക് ദെബ്രോയി പറഞ്ഞു.
എനിക്ക് വ്യക്തിപരമായും നിരവധി ബുദ്ധിമുട്ടുണ്ടായി.
ഞാൻ കൊൽക്കത്ത പ്രസിഡൻസി കോളേജിലാണ് പഠിച്ചത്. പഠന ശേഷം അവിടെ എക്കണോമിക്സ് വിഭാഗത്തിൽ ജോലിക്ക് ശ്രമിച്ചു. അന്ന് എക്കണോമിക്സ് വിഭാഗം തലവൻ ദീപക് ബാനർജി പറഞ്ഞു ഇവിടെ നിങ്ങൾക്ക് ജോലി ലഭിക്കില്ല, കാരണം ഇവിടെ എല്ലാവരും ഇടതുപക്ഷക്കാരാണ്. എല്ലാ വിദഗ്ധരും ഇടതുപക്ഷക്കാരാണ്. ഞാൻ പിന്നെ പൂനയിലേക്ക് പോകുകയായിരുന്നു. അദ്ദേഹം പറഞ്ഞു.
2002ൽ ഞാൻ തലവനായിരുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ടിൽ ഒരു സമ്മേളനം വിളിച്ചു. ഭാരതം എന്തായിരിക്കണം, ഭാരത സമൂഹം എങ്ങനെയായിരിക്കണം എന്നതായിരുന്നു വിഷയം. ഇടതുപക്ഷത്തെ നിരവധി പ്രമുഖർ പങ്കെടുത്ത സമ്മേളനത്തിലേക്ക് ഞാൻ ഓർഗനൈസർ എഡിറ്റർ ശേഷാദ്രിചാരിയെയും ക്ഷണിച്ചിരുന്നു. സെമിനാറിൻെറ അന്ന് ഒരു പത്രത്തിൽ വാർത്ത വന്നു. കോൺഗ്രസിന്റെ ചിന്താവേദി ഓർനൈസർ എഡിറ്ററെ ക്ഷണിച്ചുവെന്നായിരുന്നു വാർത്ത. അന്നു രാവിലെ ജനപഥ് നമ്പർ പത്തിൽ നിന്ന് വിളി വന്നു.
മാഡം (സോണിയ) എന്നോട് പറഞ്ഞിട്ട് വിളിക്കുകയാണ്, നിങ്ങൾ ശേഷാദ്രിചാരിക്കുള്ള ക്ഷണം പിൻവലിക്കണം. എന്നായിരുന്നു കോൾ. ക്ഷണിച്ചു കഴിഞ്ഞു, മാഡത്തിന് വേണമെങ്കിൽ എന്നെ വിളിക്കാം എന്നായിരുന്നു ഞാൻ മറുപടി നൽകിയത്. പത്തു മിനിറ്റിനുള്ളിൽ വീണ്ടും വിളി വന്നു. ശേഷാദ്രിചാരി എന്താണ് പ്രസംഗിക്കുന്നതെന്ന് എഴുതി നൽകാൻ പറയുമോ. അത് മാഡത്തിന് (സോണിയക്ക്) ഒന്നു കാണണം. അത് ഞാൻ ചെയ്യില്ലെന്നു പറഞ്ഞു. പത്തു മിനിറ്റിനു ശേഷം വീണ്ടും കോൾ. ഗോധ്രയെപ്പറ്റി ശേഷാദ്രിചാരി പ്രസംഗിച്ചാൽ എന്തു സംഭവിക്കും എന്നായിരുന്നു ചോദ്യം. ഇതിനകം സംഭവം വിവാദമായി. പ്രമുഖ കോൺഗ്രസ് നേതാക്കൾ സെമിനാറിൽ നിന്ന് വിട്ടുനിന്നു. പക്ഷെ ഞാൻ സെമിനാർ നടത്തി.
2004ൽ ലവീഷ് ഭണ്ഡാരിയും ഞാനും ചേർന്ന് സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്വാതന്ത്ര്യത്തെപ്പറ്റി ഒരു പഠനം നടത്തി സംസ്ഥാനങ്ങളുടെ നിലവാരം വിലയിരുത്തുകയായിരുന്നു ലക്ഷ്യം. ഗുജറാത്തായിരുന്നു ഒന്നാമത് എത്തിയത്. 2005ൽ ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വന്നു. ഒരു പത്രത്തിൽ ഒന്നാം േപജിൽ വാർത്ത വന്നു, കോൺഗ്രസ് ചിന്താവേദി ഗുജറാത്തിന് ഒന്നാം സ്ഥാനം നൽകിയെന്നായിരുന്നു തലക്കെട്ട്.
അന്ന് സോണിയ ഒരു കുറിപ്പ് എനിക്ക് നൽകി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന എന്തും രാഷ്ട്രീയപരമായി അംഗീകരിക്കണം. അത് അസ്വീകാര്യമാണെന്നു പറഞ്ഞ് ഞാൻ രാജി നൽകി. അന്ന് ഞാൻ അർജുൻ സെൻഗുപ്ത കമ്മീഷനിൽ അംഗമായിരുന്നു. എന്നെ അതിൽ നിന്ന് പുറത്താക്കി. ആസൂത്രണ കമ്മീഷന്റെ രണ്ട് ദൗത്യ സേനകളിൽ ഞാൻ അംഗമായിരുന്നു. അവയിൽ നിന്നെല്ലാം എന്നെ പുറത്താക്കി.
അസഹിഷ്ണുത വളരുന്നുവെന്ന വാദം ശരിയല്ല. എന്നാൽ ബുദ്ധിജീവികളുടെ ഇടയിൽ എന്നും അസഹിഷ്ണുതയുണ്ടായിരുന്നു. അദ്ദേഹം തുടർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: