തിരുവനന്തപുരം: കാലങ്ങളായി വിവിധ സര്‍ക്കാരുകള്‍ ആദിവാസി ക്ഷേമത്തിനായി വകയിരുത്തിയ പണം കേരളം മാറിമാറി ഭരിച്ച ഇടതുവലതു സര്‍ക്കാരുകള്‍ കൊള്ളയടിക്കുകയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു.
കണ്ണൂരിലെ പേരാവൂരില്‍ പഞ്ചായത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തി ആദിവാസി ബാലന്മാര് മാലിന്യം ഭക്ഷിക്കുന്നു എന്ന വാര്‍ത്ത കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി ആദിവാസിക്ക് മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ തേടി പോകേണ്ടി വരുന്ന ദുരവസ്ഥ സൃഷ്ടിച്ചത് ഇവിടുത്തെ ഇടതു വലതുമുന്നണികളാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികളുടെ നടത്തിപ്പിന് കേരളത്തിലേക്കെത്തുന്നത് കോടിക്കണക്കിനു രൂപയാണ്. എന്നാല്‍ അതില്‍ ഒരു പൈസപോലും ആദിവാസികള്‍ക്കായി ചെലവിട്ടിട്ടില്ലെന്നാണ് ഇപ്പോഴും ദുരവസ്ഥയിലുള്ള ആദിവാസി ജീവിതങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. അധികാരസ്ഥാനങ്ങളിലുള്ളവരും ഇടത്തട്ടുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്ന് ഈ പണം തട്ടിയെടുക്കുകയായിരുന്നു. ഒരു വര്‍ഷം 900 കോടി രൂപയാണ് പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത്.
2000 കോടി രൂപ പട്ടികജാതി ക്ഷേമത്തിനായും കേരളത്തിലെത്തുന്നു. 2010ല്‍ അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഊരുവികസനത്തിനുമായി 400 കോടിയും പ്രാക്തന ഗോത്രവര്‍ഗ്ഗ ക്ഷേമത്തിനായി 148 കോടിയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ ഈ മേഖലകളിലൊന്നും ഈ പണം എത്തിയിട്ടേയില്ല. പ്രാക്തന ഗോത്രവര്‍ഗ്ഗ വികസനത്തിനായി അനുവദിച്ച 148 കോടി രൂപ കൊണ്ട് കോഴിക്കോട്ട് വിപുലമായ ഓഫീസ് സംവിധാനം ഒരുക്കുകയും വാഹനങ്ങള്‍ വാങ്ങുകയുമാണ് ചെയ്തത്.
8 സ്ഥലങ്ങളിലായി ഫണ്ട് ചെലവഴിക്കാന്‍ പ്രത്യേക ഓഫീസും ജീവനക്കാരെയുമെല്ലാം തയ്യാറാക്കി ധൂര്‍ത്തടിച്ചു. ഇതിലെ അഴിമതി കണ്ടെത്തിയ വയനാട് ഡിഎഫ്ഒ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആദിവാസി ക്ഷേമ പ്രവര്‍ത്തക ധന്യാരാമന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുത്തെങ്കിലും അതിന്റെ തുടര്‍ നടപടികളും നിലച്ച മട്ടിലാണെന്ന് വി.മുരളീധരന് പറഞ്ഞു.
ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെടുകയും അഴിമതിയുടെ നിഴലിലാകുകയും ചെയ്ത അഹാര്ട്സിനെയാണ് ഇപ്പോഴും പദ്ധതികളുടെ ചുമതലകളേല്പിക്കുന്നതെന്ന വിചിത്രമായ വസ്തുതയുമുണ്ട്. പ്രാക്തന ഗോത്രവര്‍ഗ്ഗ ക്ഷേമ ഫണ്ടില്‍ നിന്നം അഹാര്ട്സിനും ഒരു കോടി രൂപ നല്കി. പേരാവൂരില്‍ നഗരങ്ങളില്‍ നിന്ന് വാഹനങ്ങളിലെത്തിച്ച് സംസ്കരണ കേന്ദ്രത്തില്‍ തള്ളുന്ന മാലിന്യമാണ് ആദിവാസികള്‍ക്ക് ദിവസവും ഭക്ഷണമാകുന്നത്. കുട്ടികളും സ്ത്രീകളുമെല്ലാം കൂട്ടമായി എത്തിയാണ് ഇതു ഭക്ഷണമാക്കുന്നത്. സ്കൂളില്‍ പോലും പോകാതെ മാലിന്യം ഭക്ഷണമാക്കാനെത്തുന്ന ബാലന്മാര് കേരളം നേടിയെന്നവകാശപ്പെടുന്ന വലിയ വികസനത്തിന്റെയും സംസ്കാരത്തിന്റെയും നേരെയുള്ള ചോദ്യ ചിഹ്നമാണ്.
ഇടതു വലതുമുന്നണികള്‍ ഇക്കാര്യത്തില്‍ ഒരുപോലെ കുറ്റക്കാരാണ്. വര്‍ഷങ്ങളായി ആദിവാസികളെയും പിന്നാക്ക വിഭാഗങ്ങളെയും തേനും പാലും നല്‍കാമെന്നു പറഞ്ഞ് ഇവര്‍ കബളിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: