സ്വന്തം ലേഖകന്‍
തിരുവല്ല: വാനോളം ഉയര്‍ന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും ശബ്ദ കോലാഹലങ്ങള്‍ക്കും അന്ത്യം കുറിച്ച് ഇന്ന് ജില്ലയാകമാനം കൊട്ടിക്കലാശം നടക്കും. വൈകിട്ട് അഞ്ചുമണയോടെ പരസ്യപ്രചാരണം അവസാനിക്കും. കഴിഞ്ഞ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന വാശിയേറിയ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് വൈകിട്ടോടെ സമാപനമാകും. വിവിധ പ്രാദേശിക വിഷയങ്ങള്‍വരെ മുന്നോട്ടുവച്ചുള്ള രാഷ്ട്രീയ പോരാട്ടത്തിനാണ് ജില്ല കഴിഞ്ഞ ദിനങ്ങളില്‍ സാക്ഷ്യം വഹിച്ചത്. പരസ്യ പ്രചരണങ്ങള്‍ക്ക് കൊടിയിറങ്ങുമ്പോള്‍ ബിജെപിയും ഇരുമുന്നണികളും ഒപ്പത്തിനൊപ്പം കടുകിട വിടാതെയുള്ള പോരാട്ടത്തിലാണ്. സംസ്ഥാന നേതാക്കളെ വരെ പ്രാദേശിക തലത്തില്‍ പങ്കെടുപ്പിച്ചാണ് എല്ലാ രാഷ്ട്രീയ കക്ഷികളും പ്രചരണം കൊഴിപ്പിച്ചത്.
പരമ്പരാഗത പ്രചരണതന്ത്രങ്ങള്ക്ക് പുറമെ ന്യുജന്‍ പ്രചരണ ഉപാധികളും ഇക്കുറി സജീവമായിരുന്നു. ഫ്ളക്സുകളും പോസ്റ്ററുകളും നാടുമുഴുന്‍ നിരന്നപ്പോഴും ചുവരെഴുത്തിനോടായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സൂധീരന് രാജ്യസഭ’ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് എന്നിവരെ യുഡിഎഫ് രംഗത്തിറക്കിയപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്, ദേശീയ സമിതി അംഗം പന്ന്യന്‍ രവീന്ദ്രന് എന്നിവരെ കളത്തിലിറക്കിയായിരുന്നു ഇടത് പക്ഷം പ്രതിരോധം തീര്‍ത്തത്. പരസ്യ പ്രചരണത്തില്‍ ഇരുമുന്നണികളെയും മറികടന്നായിരുന്നു ബിജെപിയുടെ പ്രചാരണ മുന്നേറ്റങ്ങള്‍. സംസ്ഥാന പ്രസിഡന്‍്റ് വി. മുരളീധരന്, ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്‍്റ് എം.ടി. രമേഷ് , സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്, മേഖലാ പ്രസിഡന്റ് കെആര്‍ പ്രതാപചന്ദ്രവര്‍മ്മ, വി.എന്‍. ഉണ്ണി, എ.ജി. ഉണ്ണികൃഷ്ണന് തുടങ്ങിയ നേതാക്കള്‍ വാര്‍ഡ്തല യോഗങ്ങളില്‍ വരെ പങ്കാളികളായി. എസ്എന്‍ഡിപി അടക്കമുള്ള സാമൂദായിക സംഘടനാനേതാക്കളും ബിജെപിയുടെ പ്രചരണ പരിപാടികളില്‍ സജീവമായിരുന്നു. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ മിക്ക സ്ഥാനാര്‍ത്ഥികളും കളത്തിലിറങ്ങി തുടങ്ങി. വീടുകള്‍ കയറിയും സ്ഥലത്തില്ലാത്തവരെ ഫോണില്‍ ബന്ധപ്പെട്ടും പരമാവധി വോട്ടുകളും ഉറപ്പിച്ചുകഴിഞ്ഞു. നിശബ്ദ പ്രചരണത്തിന് ഇനിയുള്ള ദിവസങ്ങള്‍ സാക്ഷിയാകുമ്പോള്‍ വിമത സാന്നിധ്യവും വോട്ടുതിരിമറിയും സ്ഥാനാര്‍ത്ഥികളുടെ ഉറക്കം കെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: