മനു ചെറുപുഴ
ചെറുപുഴ: പഞ്ചായത്ത് നിലവില്‍ വന്നിട്ട് പതിനഞ്ചു വര്‍ഷം തികഞ്ഞിട്ടും എടുത്തുപറയാന്‍ വികസന നേട്ടങ്ങളൊന്നും ഇല്ലാതെയാണ് മാറിമാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആദ്യ അഞ്ചു വര്‍ഷം യുഡിഎഫും പിന്നീട് എല്‍ഡിഎഫും നിലവില്‍ യുഡിഎഫും ഭരിച്ചുകൊണ്ടിരിക്കുന്ന ചെറുപുഴ പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും ഇരുമുന്നണികള്‍ക്കും സാധിചിട്ടില്ല. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കയറിയിറങ്ങുന്ന പഞ്ചായത്ത് ബസ് സ്റ്റാന്റ് പോലും അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ്. കുടിവെള്ള സംവിധാനമില്ലാതെ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമെഖലയിലും പഞ്ചായത്ത് അമ്പേ പരാജയമായിരുന്നു. ആയിരക്കണക്കിന് ആദിവാസി വിഭാഗങ്ങളടക്കമുള്ളവര്‍ ചികിത്സക്ക് അടുത്ത പഞ്ചായത്തുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പുളിങ്ങോത്ത് പ്രവര്‍ത്തിക്കുന്ന പിഎച്ച്സിയില്‍ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടില്ല. കുടിവെള്ളവും വൈദ്യുതിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത നിരവധി ആദിവാസി കോളനികള്‍ ഇന്നും പഞ്ചായത്തില്‍ ഉണ്ട്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാര്‍ഡില്‍ തന്നെയുള്ള ആദിവാസി കോളനികളിലെ മുപ്പതോളം കുടുംബങ്ങള്‍ ഇതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ആകെയുള്ള 19 സീറ്റില്‍ 17 സീറ്റിലും മത്സരിച്ചുകൊണ്ട് കരുത്തു തെളിയിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ബിജെപി. സിപിഎമ്മിന്റെ കോട്ടകളില്‍പ്പോലും വിള്ളലേല്പിച്ചുകൊണ്ടാണ് ബിജെപി യുടെ പ്രവര്‍ത്തനം. പരാജയ ഭീതിയില്‍ ഇക്കുറി സിപിഎം സ്വതന്ത്രന്മാരെ ഇറക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആറു സീറ്റിലാണ് എല്‍ഡിഎഫ് സ്വാതന്ത്രസ്ഥാനാര്ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ബിജെപി മത്സരരംഗത്ത് സജീവമായതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമോ എന്ന പേടിയിലാണ് സിപിഎം നേതൃത്വം. സിപിഎമ്മില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ കോഴിഞ്ഞുപോക്കും പാര്‍ട്ടിക്ക് തലവേദന യായിരിക്കുകയാണ്.
യുഡിഎഫിനാകട്ടെ വിമതന്മാരാണ് ഭീഷണിയായി മാറിയിട്ടുള്ളത്. നാലു വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയാകാന്‍ റിബലുകള്‍ക്ക് കഴിഞ്ഞതായാണ് സൂചന. ഇതോടെ കുത്തക വാര്‍ഡുകളില്‍ യുഡിഎഫിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. ഇതില്‍ ആറാം വാര്‍ഡില്‍ യുഡിഎഫ് റിബല്‍ ജയിക്കുമെന്ന സ്ഥിതിയിലാണ്. ഇതോടെ കോണ്‍ഗ്രസ് നേതാക്കളുടെ പടതന്നെ ഈ വാര്‍ഡില്‍ എത്തിയിരിക്കുകയാണ്. പുളിങ്ങോം വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന വനിതയാണ് സിപിഐ സ്ഥാനാര്‍ഥി ഇവര്‍ക്ക് മുസ്ലിം ലീഗ് പിന്തുണ കൊടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി കരുത്തു തെളിയിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതോടെ എല്ലാ വാര്‍ഡുകളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: