പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് സിബിഐ. ആസൂത്രണത്തില്‍ സിപിഎം ജില്ലാസെക്രട്ടറിക്ക് പുറമെ രണ്ടു നേതാക്കളും പ്രതിപ്പട്ടികയില്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അറസ്റ്റിന് സാധ്യത. രണ്ടാമത്തെ കുറ്റപത്രം തയ്യാറാക്കാന്‍ സിബിഐ നടപടി തുടങ്ങി.
ആര്‍എസ്എസ് ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖായിരുന്ന ഇളന്തോട്ടത്തില്‍ മനോജ് വധത്തിലെ ആസൂത്രണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സിബിഐ സംഘം തയ്യാറാക്കുന്നത്.2015 മാര്‍ച്ച് 7ന് 19 പ്രതികളെ ഉള്‍പ്പെടുത്തി സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ ആദ്യ കുറ്റപത്രം നല്‍കിയിരുന്നു. കൊലയാളി സംഘത്തിലെ മുഖ്യകണ്ണി കതിരൂര്‍ വിക്രമനെ കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരിലെ നിഹാന്‍സ് ആശുപത്രിയില്‍ മാനസിക ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ഏര്‍പ്പാട് ചെയ്തത് പി.ജയരാജനാണ്. ഇത് കൊലപാതകത്തിനു വേണ്ടിയുളള മുന്നൊരുക്കമായിരുന്നു. മാനസികരോഗിയാക്കി ചിത്രീകരിച്ച് രേഖയുണ്ടാക്കി വിക്രമനെ ഉള്‍പ്പെടുത്തി കൊല ആസൂത്രണം ചെയ്തത് പി.ജയരാജന്റെ നേതൃത്വത്തിലാണെന്നാണ് സിബിഐ കണ്ടെത്തല്‍. ഇതിനായി ചില നേതാക്കളെയും ബന്ധപ്പെട്ടു. കിഴക്കെ കതിരൂരിലെ പാറേക്കാവ് ക്ഷേത്രപരിസരത്ത് വെച്ച് കൊലയാളി സംഘത്തിലെ വിക്രമനും ജോര്ജൂട്ടിയെന്ന വിജേഷും സിപിഎം നേതാക്കളുമായി നേരിട്ടു സംസാരിക്കുകയും ചെയ്തിരുന്നു. ഗൂഡാലോചനയില്‍ റിമാന്‍ഡില്‍ കഴിയുന്ന കിഴക്കെകതിരൂര്‍ ബ്രാഞ്ച് സെക്രട്ടറി സുനില്‍കുമാര്‍, മഹേഷ്, റിജു എന്ന പൂഴി റിജേഷ്, സജൂട്ടി എന്ന സജിലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പിലെ പ്രമുഖ നേതാക്കള്‍ പ്രതിപ്പട്ടികയില്‍ വരുമെന്നാണ് സൂചന.
എറണാകുളം സിബിഐ കോടതിയിലേക്ക് കേസ് മാറ്റാന്‍ സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി 29ന് പരിഗണിക്കും. കേസ് എറണാകുളത്തേക്ക് മാറ്റിയ ഉടന്‍ ബാക്കി പ്രതികളെ ഉള്‍പ്പെടുത്തി നടപടികള്‍ പൂര്‍ത്തികരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഗൂഡാലോചനയില്‍ അഞ്ചുപേരെയാണ് നിലവില്‍ അറസ്റ്റു ചെയ്തിട്ടുളളത്. ഇതില്‍ 20-ാം പ്രതി പയ്യന്നൂര്‍ ഏരിയാസെക്രട്ടറി മധുസൂദനന് ജാമ്യത്തിലാണ്. 2014 സെപ്തംബര്‍ 1 നാണ് കതിരൂര്‍ മനോജിനെ ഓമ്നി വാനിനു നേരെ ബോംബേറിഞ്ഞതിനു ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുന്നത്. ആദ്യം െ്രെകംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. പി.ജയരാജനെ ജൂണ്‍ 2ന് സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ അറസ്റ്റ് ഭയന്ന് കേസില്‍ പ്രതിയാകും മുന്‍പ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കിയ പി.ജയരാജന് പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗസംബന്ധമായ അസുഖവുമായ അഡ്മിറ്റാകുകയും ചെയ്തിരുന്നു. ജൂലായ് 27ന് തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളുകയും ചെയ്തു. എന്നാല്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത വിക്രമന് ബോംബേറില്‍ പരിക്കു പറ്റി ചികിത്സിക്കാന്‍ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ സഹായം ചെയ്ത ഏരിയാ സെക്രട്ടറി മധുസൂദനന് കോടതി ജാമ്യം നല്കി. ചോദ്യം ചെയ്യാന്‍ പോലും അനുവദിക്കാത്ത കോടതി നടപടി അന്വേഷണത്തിന് തടസമാകുമെന്നു ബോധ്യമായ സിബിഐ കോടതി മാറ്റാനായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തലശേരി സെഷന്‍സ് കോടതിയില്‍ നിന്നുമുളള കേസ് നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയില്‍ നിന്നും പ്രതിഭാഗം തലശേരി സെഷന്‍സിലേക്ക് എറണാകുളം കോടതിയിലെ കേസ് മാറ്റിയ നടപടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഇനി കേസ് എറണാകുളത്തേക്ക് മാറ്റിയാല്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് സിബിഐ തീരുമാനം. മനോജ് കേസ് വീണ്ടും സജീവമാകുന്നതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: