കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്ഥാനാര്‍ത്ഥികള്‍ നല്കിയ പരാതികളില്‍ പൊലിസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും റിപ്പോര്‍ട്ട് തേടാന്‍ പെരുമാറ്റചട്ടം സംബന്ധിച്ച ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി യോഗം തീരുമാനിച്ചു. വോട്ടെടുപ്പ് ദിവസം ബൂത്തില്‍ ഇരിക്കാന്‍ ഏജന്റുമാര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുക, വെബ്കാസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നത് തടയാന്‍ പൊലീസിനെ വിന്യസിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചില സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ചിട്ടുളളത്. പൊലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും റിപ്പോര്‍ട്ട് ലഭിച്ചശേഷം ഈ വിഷയങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം ഒ.മുഹമ്മദ് അസ്ലം അറിയിച്ചു. വൈദ്യുതി, വെളളം എന്നിവ എല്ലാ ബൂത്തുകളിലും ഉറപ്പാക്കാനാവശ്യമായ ക്രമീകരണങ്ങള്‍ക്കും യോഗം നിര്‍ദ്ദേശം നല്കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന് നമ്പൂതിരി, പി.കെ. ദേവദാസ്(സ്പെഷ്യല്‍ ബ്രാഞ്ച്) എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: