കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് സവിസ്തരമായ പ്രതിപാദനം കാണുന്നുണ്ട്. ആയിരത്തിലേറെ വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള ക്ഷേത്രത്തിന് കിഴുപ്പുറം, കരുനാട്, കൈമുക്ക് എന്നീ മൂന്ന് ബ്രാഹ്മണഭവനങ്ങളാണ് ഊരാണ്മക്കാരായിട്ടുള്ളത്. ഇതില്‍ കൊല്ലവര്‍ഷം 6-ാം ശതാബ്ദത്തില്‍ കിഴുപ്പുറത്തില്ലത്തെ വന്ദ്യവയോധികനായ ഗൃഹനാഥന് പുരുഷസന്താനമുണ്ടാകാത്തതില്‍ വിഷാദിച്ച് മോക്ഷപ്രാപ്തിക്കായി ഗംഗാസ്നാനത്തിന് പുറപ്പെട്ടു.
യാത്രാമദ്ധ്യേ മൂകാംബിയില്‍ എത്തിയ അദ്ദേഹം ദൃഢഭക്തിയോടെ ദേവിയെ ഭജിച്ച് ഏതാനും ദിവസങ്ങള്‍ അവിടെ കഴിഞ്ഞു. ഒരു ദിവസം സ്വപ്നദര്‍ശനത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ”നാളെത്തന്നെ സ്വദേശത്തേക്ക് മടങ്ങുവാനും, കരുനാട്ടില്ലത്ത് ഇപ്പോള്‍ ഗര്‍ഭിണിയായിട്ടുള്ള അന്തര്‍ജനം പ്രസവിച്ച് രണ്ട് ഉണ്ണികള്‍ ഉണ്ടാകുമെന്നും അതിലൊരുണ്ണിയെ ദത്തെടുത്ത് അങ്ങയുടെ ഔരസപുത്രനായി വളര്‍ത്തുവാനും അരുളിച്ചെയ്തു.” അപ്രകാരം നമ്പൂതിരി പിറ്റേദിവസം രാവിലെ കുളിച്ച് ദേവിയെ വന്ദിച്ചിട്ട് സ്വദേശത്തേക്ക് മടങ്ങി.
മടങ്ങിയെത്തിയ കിഴുപ്പുറത്തു നമ്പൂതിരിയുടെ വാക്കുകള്‍ കേട്ട് ഏറെ സന്തോഷിച്ച കരുനാട്ട് നമ്പൂതിരി രണ്ടുണ്ണികള്‍ ഉണ്ടാകുന്നപക്ഷം അതിലൊരുണ്ണിയെ കൊടുക്കാമെന്ന് സമ്മതിച്ചു. അനന്തരം സന്തോഷവാനായ കിഴുപ്പുറത്തു നമ്പൂതിരി കുളിക്കുവാനായി പണ്ടേതന്നെയുള്ള വിഷ്ണുക്ഷേത്രത്തിന്റെ തെക്കുവശത്ത്, കിഴക്കോട്ടു മാറിയുള്ള കുളത്തിലെത്തുകയും തന്റെ കൈവശമുണ്ടായിരുന്ന ഓലക്കുട കുളത്തിന്റെ പടിഞ്ഞാറേ കരയില്‍ വച്ചിട്ട് കുളിക്കുകയും ചെയ്തു. കുളികഴിഞ്ഞ് കുടയെടുക്കുവാന് നോക്കിയപ്പോള്‍ കുട ഇളകാതെ കാണപ്പെട്ടു. അപ്പോള്‍ ഒരു ദിവ്യ പുരുഷന് അവിടെവന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു.
”മൂകാംബികാദേവി ഈ കുടയില്‍ കുടികൊണ്ടിരിക്കുകയാണ്. അതിനാല്‍ ദേവിയെ ഈ കുടയില്‍നിന്നും തൊട്ടടുത്തുള്ള കാട്ടില്‍ കിടക്കുന്ന ശിലാവിഗ്രഹത്തിലാവാഹിച്ച് കുടിയിരുത്തണം. എന്നാല്‍ ആ വിഗ്രഹം പണ്ട് ഈ വനത്തില്‍ തപസ്സനുഷ്ഠിച്ച ദിവ്യന്മാര് വച്ച് പൂജിച്ചിരുന്നതാകയാല്‍ ആ ബിംബത്തില്‍ പൂജ കഴിക്കുവാന്‍ തക്കവണ്ണം തപഃശക്തിയുള്ളവര്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ആ ബിംബത്തിന് നേരെ പടിഞ്ഞാറോട്ട് അഭിമുഖമായി ഒരു പ്രതിബിംബം കൂടി സ്ഥാപിച്ച് പൂജാനിവേദ്യാദികള്‍ ചെയ്ത് മൂലബിംബത്തില്‍ വന്ദിക്കണം.” ഈ മൂലബിംബത്തിന് കാവലായി നില്ക്കുന്ന യക്ഷിയെ പ്രീതിപ്പെടുത്താതെ ബിബം എടുക്കുവാനാകില്ലെന്നും അതിലേയ്ക്കായി കുറച്ചു തരിപ്പൊടി (വറപ്പൊടി) യും ശര്‍ക്കരയും കരിക്കുംകൂടി കൊണ്ടുപോയി നിവേദിക്കാനും നിര്‍ദ്ദേശിച്ച് ആ ദിവ്യന് മറയുകയും ചെയ്തു.
ഈ ദിവ്യവചസ്സുകളുടെ സാക്ഷാത്കാരമായിട്ടാണ് പനച്ചിക്കാട് സരസ്വതീസാന്നിദ്ധ്യം ഉണ്ടായിട്ടുള്ളതും ക്ഷേത്രാചാരവിധിക്രമങ്ങള്‍ ആരംഭിച്ചതും എന്നാണ് ഐതിഹ്യത്തിലും ക്ഷേത്രപ്പഴമയിലും നിന്ന് മനസ്സിലാകുന്നത്.
ഇന്നും ഊരാണ്മക്കാരുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തില്‍ പരമ്പരാഗതങ്ങളായ അനുഷ്ഠാനക്രമങ്ങള്‍ ലോപം കൂടാതെ അതേപടി തുടര്‍ന്ന് പോരുന്നു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: