കൊട്ടാരക്കര: വ്യത്യസ്തയായ മെമ്പറുടെ വാര്‍ഡില്‍ ഹാട്രിക് തികയ്ക്കാന്‍ ബിജെപി. കൊട്ടാരക്കര മൈലം പഞ്ചായത്തിലെ പള്ളിക്കല്‍ പടിഞ്ഞാറ് വാര്‍ഡിലെ ബിജെപി മെമ്പര്‍ ഗിരിജാകുമാരിയാണ് പല വേഷങ്ങള്‍ ഒരേതവണ വിജയകരമായി കൈകാര്യം ചെയ്യുന്നത്.
മെമ്പറെ ഫോണില്‍ വിളിച്ച് ഹലോ മെമ്പര്‍ എവിടെയാണന്ന് തിരക്കിയാല്‍ ഞാന്‍ ഇപ്പോള്‍ തട്ടുകടയിലാണ്. അല്ല പഞ്ചായത്തിലാണ്……അല്ല ബാങ്കിലാണ്…അല്ല കോടതിയിലാണ്…എന്നാകും ഉത്തരം. എവിടെയായാലും മെമ്പര്‍ക്ക് തിരക്കോടു തിരക്കാണ്. വാര്‍ഡ് മെമ്പര്‍, ബാങ്കിലെ പ്യൂണ്‍, വക്കീല്‍ ഗുമസ്ത, തട്ടുകട നടത്തിപ്പ് തുടങ്ങി വ്യത്യസ്തങ്ങളായ തൊഴിലുകള്‍ ഒരേസമയം ചെയ്ത് വിജയഗാഥ രചിച്ചിരിക്കുകയാണ്. ജീവിതവിജയത്തിനായി വ്യത്യസ്ത വേഷങ്ങള്‍ കെട്ടി ആടുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തുകയാണ് സംസ്കൃതം വേദാന്തത്തില്‍ രണ്ടാംക്ലാസോടെ പാസായ മെമ്പര്‍.
മെമ്പറുടെ ഒരുദിവസം രസകരമാണ്. രാവിലെ ഉണര്‍ന്നെണീറ്റ് കുടുംബത്തിനുള്ള ആഹാരം ഒരുക്കി സ്വതന്ത്രയാകുമ്പോഴേക്കും ആവശ്യങ്ങളും ആവലാതികളുമായി വാര്‍ഡിലെ ആളുകള്‍ എത്തിതുടങ്ങും. അവരെ ഒരുവിധം സാന്ത്വനിപ്പിച്ച് യാത്രയാക്കി ബാങ്കിലെത്താനുള്ള തത്രപാടാണ് പിന്നീട്. കുറെ സമയത്തേക്ക് കൊട്ടാരക്കര എസ്ബിടി പ്രധാനശാഖയിലെ താല്‍ക്കാലിക ജീവനക്കാരിയായി മാറും. ബാങ്കില്‍ എത്തി ജോലികള്‍ ഒരുവിധം തീര്‍ന്നു കഴിഞ്ഞാല്‍ അടുത്ത ഓട്ടം വക്കീല്‍ ഓഫീസിലേക്കാണ്. അവിടെയെത്തി ആ ദിവസത്തേക്കുള്ള വക്കാലത്തുകളും മറ്റുമായി നേരെ കോടതിയിലേക്ക്. കോടതി കൂടി തുടങ്ങിയാല്‍ വീണ്ടും ബാങ്കിലെത്തി പ്രവര്‍ത്തന നിരതയാകും. ഇതിനിടയില്‍ പഞ്ചായത്ത് കമ്മറ്റിയുണ്ടെങ്കില്‍ ബാങ്കില്‍ നിന്ന് മൈലത്തുള്ള പഞ്ചായത്ത് ഓഫീസിലേക്ക്. വൈകുന്നേരം നാലായി കഴിഞ്ഞാല്‍ ബാങ്കിനു മുന്നിലുള്ള തട്ടുകടയിലെത്തി ചായയും എണ്ണ പലഹാരങ്ങളും ശരിയാക്കാനുള്ള തിരക്കാണ്. പതിനാല് വര്‍ഷമായി കൊട്ടാരക്കര ചന്തമുക്കില്‍ ബാങ്കിനു സമീപമായി തട്ടുകട പ്രവര്‍ത്തനം തുടങ്ങിയിട്ട്. തിരക്ക് ഒഴിയുന്ന നേരം നോക്കി ബാങ്കില്‍ എത്തി ജോലികള്‍ പൂര്‍ത്തീകരിച്ച് തട്ടുകടയില്‍ വീണ്ടും എത്തും. എട്ടു മണിയാകുമ്പേഴേക്കും ബാക്കി ജോലികള്‍ തീര്‍ത്ത് വീട്ടിലേക്ക് മടങ്ങും. വീണ്ടും വീട്ടുജോലികളും നാട്ടുകാര്യങ്ങളും. ഇതാണ് മെമ്പറുടെ ദിനചര്യ.
എസ്എസ്എല്‍സിക്ക് ഒന്നാം കഌസും, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍നിന്നും സംസ്കൃതം വേദാന്തത്തില്‍ രണ്ടാംകഌസുമൊക്കെ നേടി പഠനത്തില്‍ മിടുക്ക് തെളിയിച്ചെങ്കിലും സര്‍ക്കാര്‍ ജോലി ഗിരിജകുമാരിക്ക് അന്യമായിരുന്നു. സര്‍ക്കാര്‍ ജോലി മാത്രം അല്ല, എല്ലാ ജോലിയും മഹത്തരമാണന്ന വിശ്വാസമാണ് വിവിധ രംഗങ്ങളില്‍ ഒരേസമയം വിജയം വരിക്കാന്‍ ഗിരിജകുമാരിക്ക് തുണയായത്. ഇടതുപക്ഷം ഭരണത്തില്‍ ഇരിക്കുന്ന പഞ്ചായത്തും ജോലിതിരക്കും ഒക്കെ ഉണ്ടെങ്കിലും വാര്‍ഡിലെ ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്നതിലും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിലും തിരക്കിനിടയിലും സമയം കണ്ടെത്തുന്നതിനാല്‍ വോട്ടര്‍മാര്‍ സംതൃപ്തരാണന്നും ഹാട്രിക് നേടുകതന്നെ ചെയ്യുമെന്നും ഗിരിജകുമാരി അടിവരയിടുന്നു. മൈലം പഞ്ചായത്തില്‍ ബിജെപി ആദ്യമായി കെ.വി.സന്തോഷ്ബാബുവിലൂടെ അക്കൗണ്ട് തുറന്ന വാര്‍ഡാണിത്. വികസനം എങ്ങനെയാണ് ജനങ്ങള്‍ക്കായി നടപ്പാക്കുകയെന്ന് സന്തോഷ്ബാബു കാണിച്ചുതന്നപ്പോള് വാര്‍ഡ് കഴിഞ്ഞ തവണ വനിതാസംവരണം ആയെങ്കിലും ഗിരിജകുമാരിയെ വിജയിപ്പിച്ച് ജനങ്ങള്‍ വികസനത്തിനൊപ്പം നിന്നു. ബിജെപി വിജയത്തിന്റെ ഹാട്രിക് തികക്കാന്‍ ഇത്തവണ വീണ്ടും സന്തോഷ്ബാബു തന്നെ കളത്തിലിറങ്ങി കഴിഞ്ഞു. ഇനി ഭൂരിപക്ഷം എത്രയെന്ന് അറിഞ്ഞാല്‍ മതിയെന്നാണ് എതിരാളികള്‍ പോലും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: