കണ്ണൂര്‍: അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് കേരളത്തെ ദേശീയ വാതക പൈപ്പ്ലൈന് പദ്ധതിയുമായി ബന്ധിപ്പിക്കുന്നതെന്ന് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് അറിയിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും പ്രകൃതിക്കിണങ്ങിയതുമായ വാതക കൈമാറ്റ സംവിധാനമാണ് പൈപ്പ്ലൈന്. സംസ്ഥാനത്തിന്റെ ഊര്ജസ്വയംപര്യാപ്തതയ്ക്കും പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനും പൈപ്പ്ലൈന് പദ്ധതി യാഥാര്‍ഥ്യമാകേണ്ടത് അനിവാര്യമാണെന്നും ഗെയില്‍ അധികൃതര്‍ അറിയിച്ചു.
ഗ്യാസ് പൈപ്പ്ലൈന് സുരക്ഷ അതിന്റെ രൂപകല്പനയിലും നിര്‍മ്മാണത്തിലും പരിപാലനത്തിലും നിരന്തര നിരീക്ഷണത്തിലും ഗെയില്‍ ഉറപ്പുവരുത്തുന്നുണ്ട്. രാജ്യത്ത് എക്സ്പ്ലോസിവ് വിഭാഗത്തിന്റെ പരമാധികാരമുള്ള ചീഫ് കണ്ട്രോളര് വാതക പൈപ്പ്ലൈന് നിര്‍മ്മാണം നടക്കുമ്പോഴും കമ്മീഷന് ചെയ്യുന്നതിനു മുന്‍പും പരിശോധന നടത്തി ക്ലിയറന്‍സ് നല്‍കിയതിനു ശേഷം മാത്രമേ വാതകം പൈപ്പിലൂടെ കടത്തിവിടുകയുള്ളൂ. കൂടാതെ ഓയില്‍ ഇന്‍ഡസ്ട്രീസ് സേഫ്റ്റി ഡയറക്റ്ററേറ്റും പെട്രോളിയം ആന്റ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡും പരിശോധന നടത്തി അനുമതി നല്‍കേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ മുകളില്‍ പറഞ്ഞ ക്ലിയറന്‍സുകള്‍ എല്ലാം കിട്ടിയതിനു ശേഷമേ പൈപ്പിലൂടെ വാതകം കടത്തിവിടൂ.
ഡിസൈന്‍ സമയത്തും കണ്‍സ്ട്രക്ഷന്‍ സമയത്തും വേണ്ട സുരക്ഷാ നടപടികള്‍ പാലിച്ചാണ് വാതക പൈപ്പ്ലൈനിനുവേണ്ട കുഴലുകള്‍ തെരഞ്ഞെടുക്കുന്നത്. 24 മണിക്കൂറും പൈപ്പ്ലൈന് സിസ്റ്റം ഓണ്‍ലൈന്‍ മോനിട്ടര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്. സദാസമയവും പൈപ്പിനകത്തേയ്ക്ക് ചെറിയ തോതില്‍ വൈദ്യുതി കടത്തിവിട്ടുകൊണ്ടുള്ള ഇംപ്രെസ്ഡ് കറന്റ് കാഥോഡിക് പ്രൊട്ടക്ഷന്‍ എന്ന അതിനൂതനവും ചെലവേറിയതുമായ സംവിധാനവും പൈപ്പ്ലൈനുകളുടെ സുരക്ഷയ്ക്കായി ഗെയില്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍, എത്ര വര്‍ഷം പഴക്കമുള്ള പൈപ്പ്ലൈന് ആയാലും എപ്പോള്‍ എടുത്തുനോക്കിയാലും അത് പുതിയതുപോലെ ഇരിക്കും. കുടിവെള്ള പൈപ്പ് ദ്രവിച്ചുപൊട്ടി വെള്ളം പാഴാകുന്നതുപോലെ വാതക പൈപ്പ്ലൈനിന്റെ കാര്യത്തില്‍ സംഭവിക്കുകയില്ലെന്നും ഗെയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: