കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായി വിചാരണ നേരിടുന്ന സിപിഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം പാര്‍ട്ടിക്കകത്ത് അഭിപ്രായഭിന്നതക്ക് കാരണമായി.
ഇരുവരെയും മത്സരിപ്പിക്കാനായി ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയും പാര്‍ട്ടി തേടിയിട്ടുണ്ട്. ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ കാരായി രാജന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന കോടതിയുത്തരവ് നിലവിലുണ്ട്. ഇതിനിടയിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രത്യേക താത്പര്യപ്രകാരം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കാരായിയെ മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച നടന്നത്.
എന്നാല്‍ ഒരു വിഭാഗം നേതാക്കളുടെ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മറ്റിയിലും ശക്തമായ എതിര്‍പ്പ് ഒരു വിഭാഗം അംഗങ്ങളുടെ ഇടയില്‍ നിന്നും ഉയര്‍ന്നു. കേസ് തീരും വരെ എറണാകുളം വിട്ടു പോകരുതെന്ന് കോടതി വിധിയുള്ള ഒരാളെ എങ്ങനെ മത്സരിപ്പിക്കുമെന്ന ചോദ്യമാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയത്. അംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്നും കാരായി രാജനെയും ചന്ദ്രശേഖരനെയും മത്സരിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇതിന്റെ തുടര്ച്ചയായാണെന്നറിയുന്നു, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍കൂര്‍ അനുമതി തേടിക്കൊണ്ട് ഇരുവരും ഹൈക്കോടതിയില്‍ ഹരജി നല്കാന് തീരുമാനിച്ചത്. നോമിനേഷന് നല്‍കുന്നതിനും തെരഞ്ഞെടുപ്പ് പ്രചരണത്തിനും അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്കും മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
നിലവില്‍ എറണാകുളത്ത് താമസിക്കുന്ന കാരായി രാജന് എറണാകുളം ജില്ലാ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്നവരെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനുള്ള തീരുമാനത്തിലൂടെ പാര്‍ട്ടി പൊതുജനമധ്യത്തില്‍ സ്വയം പരിഹാസ്യമാവുകയാണെന്ന് ഒരു വിഭാഗം അണികളും പ്രവര്‍ത്തകരും നേതാക്കളും നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ജില്ലാ സെക്രട്ടറി മുന്‍കയ്യെടുത്ത് കൊലപാതകക്കേസിലെ പ്രതികളെ മത്സരിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കകത്തും തെരഞ്ഞെടുപ്പിലും സജീവ ചര്‍ച്ചയാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: